• 21 Sep 2018
  • 04: 36 PM
Latest News arrow

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; 9 സിആര്‍പിഎഫ് ജവാന്‍മാര്‍ മരിച്ചു

ഛത്തിസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒന്‍പത് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ മൈന്‍ പ്രൊട്ടക്റ്റഡ് വെഹിക്കിളിനു(എംപിവി) നേരെയുണ്ടായ ബോംബാക്രമണത്തിലാണു ജവാന്മാര്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരുക്കുണ്ട്. 

സുഖ്മ ജില്ലയിലെ കിസ്താറാം വനമേഖലയില്‍ പട്രോളിങ്ങിനിടെയായിരുന്നു സിആര്‍പിഎഫിന്റെ 212-ാം ബറ്റാലിയനു നേരെ ആക്രമണമുണ്ടായത്. ബോംബാക്രമണത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതായിരുന്നു സൈന്യം സഞ്ചരിച്ച വാഹനം. എന്നാല്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് മാവോയിസ്റ്റുകള്‍ വാഹനം തകര്‍ത്തതെന്നു സൈനിക വക്താവ് അറിയിച്ചു.

മെഡിക്കല്‍ സംഘത്തെ മേഖലയിലേക്ക് അയച്ചിട്ടുണ്ട്. പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചതായും സിആര്‍പിഎഫ് വ്യക്തമാക്കി. സുഖ്മയില്‍ 11 മാസം മുന്‍പും സൈന്യത്തിനു നേരെ മാവോയിസ്റ്റ് ആക്രമണമുണ്ടായിരുന്നു. അന്ന് ഒരു നിര്‍മാണ മേഖലയിലേക്ക് ഇരച്ചെത്തിയ മുന്നൂറോളം നക്‌സലുകളുടെ ആക്രമണത്തില്‍ 25 സിആര്‍പിഎഫ് ജവാന്മാരാണു കൊല്ലപ്പെട്ടത്.

സുഖ്മയില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലുണ്ടായ ആക്രമണത്തില്‍ 12 സിആര്‍പിഎഫ് ജവാന്മാരും കൊല്ലപ്പെട്ടു. സൈന്യത്തിന്റെ തിരിച്ചടിയില്‍ രണ്ടു വര്‍ഷത്തിനിടെ ഇതുവരെ മുന്നൂറോളം മാവോയിസ്റ്റുകളാണു കൊല്ലപ്പെട്ടത്.