• 21 Sep 2018
  • 04: 20 PM
Latest News arrow

ആതിരപ്പള്ളി, ചാലക്കുടി വനമേഖലയില്‍ കാട്ടു തീ പടരുന്നു

തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

ചാലക്കുടി പിള്ളപ്പാറയിലും ആതിരപ്പള്ളി വനമേഖലയിലും പടര്‍ന്നു പിടിച്ച കാട്ടു തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. 30 ഹെക്ടര്‍ വനം കത്തി നശിച്ചെന്ന് സ്ഥിരീകരിച്ച വനംവകുപ്പ് നാശ നഷ്ടങ്ങള്‍ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് സൂചന നല്‍കി. 

ആതിരപ്പള്ളിയില്‍ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വനത്തിലാണ് കാട്ടു തീ പടരുന്നത്. ശനിയാഴ്ച ഉച്ചയ്ക്കാണ് മേഖലയില്‍ ചെറിയ തോതില്‍ കാട്ടുതീ പടര്‍ന്നത്. പിന്നീടത് വലിയ തോതില്‍ പടരുകയായിരുന്നു. കൊടപ്പന്‍ക്കല്ലില്‍ പടര്‍ന്നു പിടിച്ച തീ പൂര്‍ണ്ണമായും അണയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. മറ്റു ചിലസ്ഥലങ്ങളിലും തീയണയ്ക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും പല ഭാഗങ്ങളിലും ഇപ്പോഴും കാട്ടു തീ വ്യാപകമായി പടരുകയാണ്. 

കടുത്ത വേനലായതിനാല്‍ അടിക്കാടുകളെല്ലാം ഉണങ്ങിയിരിക്കുകയാണ്. ഇത് തീ പെട്ടെന്ന് പടരാന്‍ കാരണമാവുന്നുണ്ട്. 
60 അംഗം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നാല് സംഘങ്ങളായി തിരിഞ്ഞ് വിവിധ ഭാഗളില്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന രണ്ടാമത്തെ സംഘം ഉടന്‍ത്തന്നെ കാട്ടിലേക്ക് പോവും. നാട്ടുകാരുടെ സഹായവും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തേടിയിട്ടുണ്ട്. 

അതേ സമയം കാട്ടുതീ സ്വാഭാവികമായി ഉണ്ടായതല്ല എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മനപ്പൂര്‍വ്വം തീയിട്ടതാണെന്ന വിലയിരുത്തലിലാണ് വനംവകുപ്പ്. ഇതിനെക്കുറിച്ച് അന്വേഷണം ഉണ്ടാവുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു