• 21 Jun 2018
  • 05: 30 PM
Latest News arrow

ഹിജാബിനെതിരെ ഇറാനിലെ വനിതകള്‍ തെരുവില്‍

ഹിജാബ് നിര്‍ബന്ധമാക്കിയ ഭരണകൂടത്തിനെതിരെ ഇറാനിലെ വനിതകള്‍ നടത്തുന്ന പ്രക്ഷോഭം ശക്തമാവുന്നു. തെരുവിലിറങ്ങിയ സ്ത്രീകള്‍ തങ്ങളുടെ ഹിജാബ് ഊരിമാറ്റുകയും കമ്പില്‍ കെട്ടി പതാകപ്പോലെ വീശുകയും ചെയ്തു. 

യുവതികളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയവരിലേറെയും. ദുഷിച്ച രാഷ്ട്രീയ മത വ്യവസ്ഥിക്കെതിരെയാണ് തങ്ങളുടെ പോരാട്ടമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയിലൂടെ വലിയ ക്യാമ്പയിനും ഇവര്‍ നടത്തുന്നുണ്ട്. 

കഴിഞ്ഞ ഡിസംബറില്‍ വിദ മൊവാഹെദ് എന്ന 31 കാരിയാണ് ഇപ്പോഴത്തെ മുന്നേറ്റത്തിന് തുടക്കം കുറിച്ചത്. പരസ്യമായി ഹിജാബ് ഊരിമാറ്റുന്നതിന്റെ ചിത്രമെടുത്ത വിദ അത് പരസ്യപ്പെടുത്തുകയും ചെയ്തു. ഇതോടെ കൂടുതല്‍ വനിതകള്‍ ഇതേ പാത പിന്തുടര്‍ന്ന് രംഗത്തെത്തുകയായിരുന്നു. 

പരസ്യമായി ഹിജാബ് ഊരിമാറ്റിയതിന് കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇതുവരെ 35ഓളം ഇറാനിയന്‍ വനിതകളാണ് അറസ്റ്റിലായത്. ഇതില്‍ ഒരു വനിതയ്ക്ക് രണ്ടുവര്‍ഷത്തെ ജയില്‍വാസവും ശിക്ഷയായി ലഭിച്ചു. 

ഹിജാബ് നിര്‍ബന്ധമാക്കിയതിനെതിരെ വനിതാ ദിനത്തില്‍ നടത്താനിരുന്ന പ്രക്ഷോഭം പോലീസ് തടഞ്ഞിരുന്നു. ഹിജാബിനെതിരെ പ്രക്ഷോഭം നടത്തിയതിന് ഫെബ്രുവരിയില്‍ മാത്രം 29 വനിതകളാണ് അറസ്റ്റിലായത്. കസ്റ്റഡിയിലുള്ളവര്‍ക്ക് ക്രൂരമായ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തെരുവില്‍ വെച്ചും വനിതകള്‍ക്ക് പോലീസിന്റെ മര്‍ദ്ദനമേല്‍ക്കേണ്ടി വരുന്നുണ്ട്. 

ലോകത്ത് ഇറാനും സൗദി അറേബ്യയുമാണ് വനിതകള്‍ക്ക് ഹിജാബ് നിര്‍ബന്ധമാക്കിയ രണ്ട് രാജ്യങ്ങള്‍.