• 12 Dec 2018
  • 12: 08 PM
Latest News arrow

ത്രിരാഷ്ട്ര ട്വന്റി20: ഇന്ത്യ ഇന്ന് ശ്രീലങ്കക്കെതിരെ

ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ആദ്യ മല്‍സരത്തിലെ തോല്‍വിയ്ക്കു പകരം വീട്ടുന്നതോടൊപ്പം ഫൈനല്‍ ഉറപ്പിക്കുക കൂടി ഇന്ത്യയുടെ ലക്ഷ്യമാണ്. വൈകീട്ട് ഏഴുമണിമുതല്‍ കൊളംബോയിലാണ് മത്സരം.

പരമ്പരയിലെ മൂന്നു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ആതിഥേയരായ ശ്രീലങ്ക, ഇന്ത്യ, ബംഗ്ലാദേശ് ടീമുകള്‍ ഓരോ ജയം വീതം നേടി തുല്യതയില്‍ നില്‍ക്കുകയാണ്. ആദ്യ മല്‍സരത്തില്‍ ഇന്ത്യ ശ്രീലങ്കയോട് തോറ്റു. എന്നാല്‍ അടുത്ത മല്‍സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. ഇതിനിടെ ശ്രീലങ്കയെ ബംഗ്ലാദേശ് പരാജയപ്പെടുത്തി. ഇതോടെ ഫൈനലിലെത്താന്‍ മൂന്ന് ടീമുകള്‍ക്കും തുല്യസാധ്യതയായി. അതിനാല്‍ ഇനിയുള്ള ഓരോ കളിയും നിര്‍ണായകമാണ്. 

ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ഫോമില്ലായ്മയാണ് ഇന്ത്യയുടെ ബാറ്റിങ്ങ് നിര നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കഴിഞ്ഞ അഞ്ച് ട്വന്റി 20 മത്സരങ്ങളില്‍ രോഹിതിന്റെ സ്‌കോര്‍ 21, 0, 11, 0, 17 എന്നിങ്ങനെയാണ്. ശിഖര്‍ ധവാന്‍ തന്റെ മികച്ച ഫോം തുടരുന്നത് ഇന്ത്യയ്ക്ക് ആശ്വാസമാണ്. ശ്രീലങ്കയ്‌ക്കെതിരെ 90 റണ്‍സും ബംഗ്ലാദേശിനെതിരെ 55 റണ്‍സും ധവാന്‍ സ്‌കോര്‍ ചെയ്തിരുന്നു. 

ബൗളിങ്ങില്‍ പുതുനിരയാണ് ഇന്ത്യയക്കുവേണ്ടി അണി നിരക്കുന്നത്. അനുഭവ സമ്പത്തിന്റെ അഭാവം കളികളില്‍ പ്രകടമാവുന്നുണ്ട്.