• 21 Sep 2018
  • 04: 29 PM
Latest News arrow

സ്വദേശിവല്‍ക്കരണം; സൗദി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് വിദേശികളെ ഒഴിവാക്കുന്നു

സൗദി:  സൗദിയില്‍ സര്‍ക്കാര്‍ മേഖലയിലും സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തുന്നു. സൗദികളല്ലാത്ത സര്‍ക്കാര്‍ ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിടില്ലെങ്കിലും ഘട്ടം ഘട്ടമായി അവരെ മാറ്റി പകരം സൗദി പൗരന്‍മാരെ നിയമിക്കാനാണ് പദ്ധതിയെന്ന് സിവില്‍ സര്‍വീസ് മന്ത്രി സുലൈമാന്‍ അല്‍ ഹംദാന്‍ പറഞ്ഞു. ഇക്കാര്യം നേരത്തേ സര്‍ക്കാര്‍ പ്രഖ്യാപിച്ചതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2020ഓടെ 28,000 സര്‍ക്കാര്‍ ജോലികള്‍ സൗദികള്‍ക്ക് നല്‍കാനാണ് പരിപാടിയെന്ന് മന്ത്രി പറഞ്ഞു. ഇതിനായി വിവിധ മന്ത്രാലയങ്ങളുടെ കീഴില്‍ പ്രത്യേക ശില്‍പശാലകളും തൊഴില്‍ പരിശീലനങ്ങളും ആരംഭിച്ചിട്ടുണ്ട്. നല്ല പ്രതികരണമാണ് പരിശീലന പരിപാടികള്‍ക്ക് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ആരോഗ്യം, ഉന്നത വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് വിദേശികള്‍ ധാരാളമായുള്ളത്.
എന്നാല്‍ നിലവിലെ ഈ മേഖലയിലെ പുരോഗതി വച്ചുനോക്കിയാല്‍ പെട്ടെന്നൊന്നും ഈ രണ്ട് മന്ത്രാലയങ്ങളിലേക്കാവശ്യമായ തൊഴിലാളികളെ സൗദിയില്‍ നിന്ന് കണ്ടെത്താന്‍ സാധ്യമല്ലെന്നും മന്ത്രി അറിയിച്ചു. ഇതിന് കുറേക്കൂടി സമയം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.