• 21 Sep 2018
  • 04: 25 PM
Latest News arrow

മൃതദേഹം നാട്ടിലെത്തിക്കല്‍: എയര്‍ ഇന്ത്യ വിമാന നിരക്ക് ഏകീകരിക്കുന്നു

യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം അയക്കാനുള്ള നിരക്ക് മേഖലകള്‍ തിരിച്ച് ഏകീകരിക്കാന്‍ എയര്‍ ഇന്ത്യ തയ്യാറെടുക്കുന്നു. ഇതോടെ തൂക്കം നോക്കി നിരക്ക് നിശ്ചയിക്കുന്ന രീതിക്ക് അവസാനമാവും. എന്നാല്‍ നിരക്കുകള്‍ എത്രയാണെന്ന് അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. 

വിവിധ സംഘടനകളുടേയും സാമൂഹ്യ പ്രവര്‍ത്തകരുടേയും നിരന്തര ശ്രമഫലമായാണ് എയര്‍ ഇന്ത്യ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ഇവര്‍ കേന്ദ്ര സര്‍ക്കാരില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. 

ദക്ഷിണേന്ത്യയിലേക്കും ഉത്തരേന്ത്യയിലേക്കും വ്യത്യസ്ത നിരക്കുകളായിരിക്കും ഈടാക്കുക. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വ്യത്യസ്ത നിരക്ക് ആയിരിക്കും. നിലവില്‍ കൊച്ചിയിലേക്കും കോഴിക്കോട്ടേയ്ക്കും മൃതദേഹങ്ങള്‍ എത്തിക്കാന്‍ വെവ്വേറെ നിരക്കുകളാണ് നല്‍കേണ്ടി വരുന്നത്. മൃതദേഹത്തിന്റെ ഒരു കിലോ തൂക്കത്തിന് 15 ദിര്‍ഹം മുതല്‍ ഈടാക്കി വരുന്നുണ്ട്. 

മേഖലകള്‍ തിരിച്ചുള്ള നിരക്ക് ഉടന്‍ത്തന്നെ പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. എയര്‍ ഇന്ത്യയ്ക്ക്  പിന്നാലെ കൂടുതല്‍ വിമാന കമ്പനികള്‍ ഇതേ പാത പിന്തുടരുമെന്നാണ് സൂചന.