• 12 Dec 2018
  • 12: 10 PM
Latest News arrow

തനിക്കെതിരായ ആരോപണങ്ങള്‍ വിശദമായി അന്വേഷിക്കണമെന്ന് മുഹമ്മദ് ഷാമി

തനിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് സമ്പൂര്‍ണ്ണ അന്വേഷണം നടത്തണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ്ത്താരം മുഹമ്മദ് ഷാമി ആവശ്യപ്പെട്ടു. 

ഓരോ ദിവസവും ആരോപണങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ആരോപണങ്ങള്‍ക്കെല്ലാം വിശദീകരണം നല്‍കാന്‍ തുനിയുന്നില്ല. ഈ ആരോപണങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നാണ് തന്റെ ആവശ്യമെന്നും ഷമി പറഞ്ഞു. 
വിവാദങ്ങളെത്തുടര്‍ന്ന് ഷാമിയുമായുള്ള കരാര്‍ ബിസിസിഐ പുതുക്കിയിരുന്നില്ല. എന്നാല്‍ തനിക്കതില്‍ പരിഭ്രമമില്ലെന്നായിരുന്നു ഷാമിയുടെ പ്രതികരണം. ബിസിസിയില്‍ പൂര്‍ണ്ണ വിശ്വാസം ഉണ്ട്. ബിസിസിഐ എന്ത് തീരുമാനമെടുക്കുകയാണെങ്കിലും അത് അന്വേഷണത്തിന് ശേഷം ആയിരിക്കുമെന്നും ഷാമി പറഞ്ഞു. 

ഷാമിക്കും കുടുംബത്തിനുമെതിരെ കൊല്‍ക്കത്ത പോലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഷാമിയുടെ മാതാവ് അഞ്ജുമാന്‍ അറ ബീഗം, സഹോദരന്‍ ഹസീബ് അഹമ്മദ്, ഹസീബിന്റെ ഭാര്യ, ഷാമിയുടെ സഹോദരി ഷബീന അഹ്ജും എന്നിവരുടേ പേരുകള്‍ എഫ്‌ഐആറില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 

മോശമായ രീതിയില്‍ തന്നെ സ്പര്‍ശിച്ചെന്ന ജഹാന്റെ പരാതിയില്‍ ഷാമിയുടെ സഹോദരനെതിരെ ഐപിസി 376 പ്രകാരവും കേസ് എടുത്തിട്ടുണ്ട്. ഷാമിയും ജഹാനും തമ്മിലുള്ള സംഭാഷണം എന്നു കരുതുന്ന ഓഡിയോ ക്ലിപ്പ് കഴിഞ്ഞ ദിവസം കൊല്‍ക്കത്ത പോലീസ് കണ്ടെത്തിയിരുന്നു.

ഭര്‍ത്താവായ മുഹമ്മദ് ഷാമി തന്നെ മാനസികമായും ശാരീരികമായും പീഢിപ്പിക്കുന്നതായി കഴിഞ്ഞ ഏഴിനാണ് ജഹാന്‍ ആരോപണം ഉന്നയിച്ചത്. നിരവധി സ്ത്രീകളുമായി ഷാമിക്ക് അവിഹിത ബന്ധം ഉള്ളതായും ജഹാന്‍ ആരോപിച്ചിരുന്നു.  2014ലാണ് ഷാമിയും ജഹാനും വിവാഹിതരായത്.