• 11 Dec 2018
  • 06: 57 AM
Latest News arrow

വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് എടുത്ത് അണിഞ്ഞു;പിഴ അഞ്ച് റണ്‍സ്

മൈതാനത്ത് തമാശ ഒപ്പിക്കാന്‍ ശ്രമിച്ച ഓസ്‌ട്രേലിയന്‍ ബാറ്റസ്മാന്‍ മാത്യു റെന്‍ഷോയ്ക്ക് പിഴയായി നല്‍കേണ്ടി വന്നത് അഞ്ച് റണ്‍സ്. പന്ത് പിടിക്കാനായി വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് എടുത്ത് അണിഞ്ഞതിനാണ് റെന്‍ഷോയുടെ ടീമിന് പിഴ നല്‍കേണ്ടി വന്നത്. പ്രാദേശിക ടീമായ ക്യൂന്‍സ് ലാന്‍ഡിനു വേണ്ടി കളിക്കുമ്പോളാണ് സംഭവം.  

ക്യൂന്‍സ്‌ലാന്‍ഡും വെസ്റ്റേര്‍ണ്‍ ഓസ്‌ട്രേലിയയും തമ്മിലുള്ള മല്‍സരത്തിനിടയ്ക്കാണ് രസകരമായ സംഭവം നടന്നത്. വെസ്‌റ്റേര്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ സ്‌ക്വയര്‍ ലെഗിലേക്ക് അടിച്ച പന്തിന് പുറകെ ക്യൂന്‍സ് ലാന്‍ഡ് വിക്കറ്റ് കീപ്പര്‍ ജിമ്മി പിയേര്‍സണ്‍ ഗ്ലൗസ് ഊരിയിട്ട് ഓടി. ഫസ്റ്റ് സ്ലിപ്പില്‍ നിന്നിരുന്ന റെന്‍ഷോ ഉടന്‍ത്തന്നെ ഈ ഗ്ലൗസ് എടുത്തണിയുകയും പിയേര്‍സണ്‍ എറിഞ്ഞുക്കൊടുത്ത പന്ത് പിടിക്കുകയും ചെയ്തു. മൈതാനത്ത് തമാശ ഒപ്പിക്കുകയായിരുന്നു റെന്‍ഷോയുടെ ലക്ഷ്യം. 

എന്നാല്‍ കളി കാര്യമായി. ക്രിക്കറ്റ് നിയമത്തിലെ റൂള്‍ 27.1 പ്രകാരം വിക്കറ്റ് കീപ്പര്‍മാത്രമാണ് ഗ്ലൗസ് അണിയാന്‍ അനുവാദമുള്ള ഏക ഫീല്‍ഡര്‍. ഉടന്‍ തന്നെ അമ്പയര്‍ ക്യൂന്‍സ് ലാന്‍ഡിന് അഞ്ച് റണ്‍സ് പിഴ നല്‍കി. 

താന്‍ നിയമങ്ങളെക്കുറിച്ച് ചിന്തിച്ചില്ലെന്നും ഒരു താമാശ ഒപ്പിക്കുന്നതിനെക്കുറിച്ച് മാത്രമേ ആ സമയത്ത് മനസില്‍ ഉണ്ടായിരുന്നൊള്ളൂവെന്നും റെന്‍ഷോ പറഞ്ഞു. 

എങ്കിലും വെസ്റ്റേര്‍ണ്‍ ഓസ്‌ട്രേലിയക്കെതിരായ മല്‍സരത്തില്‍ റെന്‍ഷായുടെ ടീം വിജയിക്കുകത്തന്നെ ചെയ്തു. 215 റണ്‍സിനാണ് വിജയമെങ്കിലും ശിക്ഷ കാരണം വിജയം 211 റണ്‍സിനാക്കി വെട്ടിച്ചുരുക്കി.