• 21 Sep 2018
  • 04: 30 PM
Latest News arrow

സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിയുടെ കാലത്തെ കാബിനറ്റ് നോട്ട് കാണാനില്ലെന്ന് സര്‍ക്കാര്‍

സോളാര്‍ കമ്മീഷന്‍ നിയമനത്തിലെ കാബിനറ്റ് നോട്ട് കാണാനില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ അധിക സത്യവാങ്മൂലത്തിലാണ് ഈ കാര്യം പറഞ്ഞത്. നിയമനത്തിന്റെ കാബിനറ്റ് രേഖ നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കാബിനറ്റ് നോട്ട് തയ്യാറാക്കിയത് ഉമ്മന്‍ചാണ്ടിയുടെ ഓഫീസാണ്.മന്ത്രിസഭായോഗം വിഷയം ചര്‍ച്ച ചെയ്തതെന്നും ഹൈക്കോടതിയില്‍ ആഭ്യന്തരവകുപ്പ് അഡീഷണല്‍ സെക്രട്ടറി നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ അറിയിച്ചു.

സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്റെ നിയമനത്തെ ചോദ്യം ചെയ്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മറുപടിയുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. സോളാര്‍ കമ്മിഷന്റെ നിയമനം സാധുവാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കേസിലെ രണ്ടാം പ്രതി സരിത എസ്.നായരുടെ കത്തിലെ ആരോപണങ്ങളെ മാത്രം അടിസ്ഥാനമാക്കിയല്ല കമ്മിഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചു. കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവുകളും രേഖകളുമുണ്ട്. ഉമ്മന്‍ചാണ്ടിയെ കൂടാതെ കേസില്‍ പെട്ടവര്‍ക്ക് സരിതയുമായി അടുത്ത് ബന്ധമുണ്ടെന്ന് തെളിയിക്കുന്നതിനുള്ള രേഖകളും ഉണ്ട്. മാത്രമല്ല, ഇവരുടെ ഫോണ്‍ രേഖകളില്‍ നിന്ന് ബന്ധം വ്യക്തമാക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കമ്മീഷന് മുമ്പാകെ സാക്ഷികള്‍ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കമ്മീഷന് ലഭിക്കുന്ന തെളിവുകള്‍ റിപ്പോര്‍ട്ടിന്റെ ഭാഗമാക്കുന്നത് സ്വഭാവിക കാര്യമാണ്. ആരോപണങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ തലത്തില്‍ പ്രഥമദൃഷ്ട്യാ അഭിപ്രായ രൂപീകരണം ഉണ്ടായില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ വാദവും സര്‍ക്കാര്‍ തള്ളി. മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച നടന്നിരുന്നു. മന്ത്രിസഭാ യോഗത്തിന്റെ കുറിപ്പ് ഇല്ലായിരുന്നു എന്നതുകൊണ്ട് മാത്രം കമ്മിഷന്റെ നിയമനം അസാധുവാകില്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.