• 21 Sep 2018
  • 04: 33 PM
Latest News arrow

ഗള്‍ഫ് പ്രതിസന്ധി: പരിഹാരത്തിനായി കുവൈത്തിന്റെ ഊര്‍ജ്ജിത ശ്രമം

ഖത്തറിനെതിരായ ഉപരോധം നീക്കാന്‍ കുവൈത്തിന്റെ ഊര്‍ജ്ജിത ശ്രമം. പ്രശ്‌ന പരിഹരിക്കാന്‍ മറ്റു ജിസിസി രാജ്യങ്ങളുമായി കുവൈത്ത് അമീര്‍ ഷൈഖ് സ്വബാഹ് അല്‍അഹ്മദ് അസ്സ്വബാഹ് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. 

കുവൈത്തും ഖത്തറും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള സന്ദേശം കുവൈത്ത് അമീര്‍ കഴിഞ്ഞ ദിവസം ഖത്തര്‍ അമീര്‍ ഷൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് കൈമാറിയിരുന്നു. 

കഴിഞ്ഞ ആഴ്ച കുവൈത്ത് അമീര്‍ തന്റെ പ്രത്യേക സന്ദേശം സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനു കൈമാറിയിരുന്നു. മെയ് മാസത്തില്‍ അമേരിക്കയില്‍ നടക്കാനിരിക്കുന്ന അമേരിക്ക-ജി.സി.സി ഉച്ചകോടിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സന്ദേശത്തില്‍ ഉള്ളതെന്നാണ് സൂചന. ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ കഴിഞ്ഞ ദിവസം കുവൈത്ത് അമീറുമായി ടെലിഫോണില്‍ സംഭാഷണം നടത്തിയിരുന്നു. നേരത്തെ കുവൈത്ത് അമീറിന്റെ പ്രത്യേക സന്ദേശം ബഹ്‌റൈന്‍ രാജാവിന് കൈമാറിയിരുന്നു. 

ഉപരോധ രാജ്യങ്ങള്‍ ഖത്തറിനെതിരെ സൈനിക നടപടികള്‍ ആലോചിച്ചിരുന്നു. കുെവെത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് അവര്‍ സൈനിക നടപടിയില്‍ നിന്നും പിന്‍മാറിയതെന്നാണ് സൂചന. 

ഗള്‍ഫ് പ്രതിസന്ധിയുടെ തുടക്കം മുതലേ പരിഹാര ശ്രമങ്ങളുമായി കുവൈത്ത് മുന്നിലുണ്ട്. മറ്റ് ജി.സി.സി  രാജ്യങ്ങളുമായി നിരന്തരം ബന്ധപ്പെട്ട് കുവൈത്ത് പരിഹാരശ്രമങ്ങള്‍ നടത്തി വരികയാണ്. കുവൈത്ത് നടത്തുന്ന നീക്കങ്ങള്‍ക്ക് അമേരിക്കയുടെ പിന്തുണയുമുണ്ട്.