• 21 Sep 2018
  • 04: 25 PM
Latest News arrow

ഇനിയില്ല; ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്നും വിഷമത്തോടെ പിന്‍മാറുന്നതായി ഇ ശ്രീധരന്‍, ഉത്തരവാദി സര്‍ക്കാര്‍

ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് വിഷമത്തോടെ പിന്‍മാറുന്നുവെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍. ലൈറ്റ് മെട്രോ പദ്ധതി ഉപേക്ഷിച്ചതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും അദ്ദേഹം പറഞ്ഞു. 

ഡിഎംആര്‍സിയുടെ രണ്ട് ഓഫീസുകളും  ഈ മാസം 15ന് അടച്ച് പൂട്ടും. പ്രതിമാസം 16 ലക്ഷം രൂപ ചെലവിലാണ് ഡിഎംആര്‍സി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. ലൈറ്റ് മെട്രോ പദ്ധതി നടപ്പിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തി. മുഖ്യമന്ത്രിയുമായും പൊതുമരാമത്ത് മന്ത്രിയുമായും നിരവധി തവണ ബന്ധപ്പെട്ടു. ശരിയാക്കാം എന്നല്ലാതെ മുഖ്യമന്ത്രി മറ്റൊന്നും ചെയ്തില്ല.

പിന്‍മാറും മുമ്പ്് മുഖ്യമന്ത്രി കണ്ട് പദ്ധതി സ്തംഭനാവസ്ഥയിലാണെന്ന് പറയാന്‍ ശ്രമിച്ചു. പക്ഷെ മുഖ്യമന്ത്രി കാണാന്‍ തയ്യാറായില്ല. 

ഡിഎംആര്‍സിയെ ആവശ്യമില്ലെന്നാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട്. പദ്ധതി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും സമീപിച്ചാല്‍ ഏറ്റെടുക്കില്ല. അടുത്തകാലത്തൊന്നും ലൈറ്റ് മെട്രോ വരുമെന്ന് പ്രതീക്ഷയില്ലെന്നും അദ്ദേഹം പറയുന്നു.
അതേ സമയം കരാര്‍ കാലാവധി കഴിഞ്ഞതിനാലാണ് ഡിഎംആര്‍സി പിന്‍മാറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.