• 21 Jun 2018
  • 05: 28 PM
Latest News arrow

കൂടുതല്‍ പുതുമകളുമായി ആപ്പിള്‍ മ്യൂസിക്

ആപ്പിള്‍ അതിന്റെ മ്യൂസിക്ക് ആപ്പ് വീണ്ടും പരിഷ്‌കരിച്ചു. തടസങ്ങളില്ലാതെയും കൂടുതല്‍ സൗകര്യപ്രദമായും മ്യൂസിക് വീഡിയോകള്‍ ആസ്വദിക്കാന്‍ പുതിയ പരിഷ്‌കരണത്തിലൂടെ സാധിക്കുമെന്ന് കമ്പനി അറിയിച്ചു. 

മ്യൂസിക് വീഡിയോ ആസ്വദിക്കുന്നതില്‍ പുതിയ പരീക്ഷണമാണ് നടത്തിയതെന്നാണ് ആപ്പിളിന്റെ അവകാശ വാദം. ഉപഭോക്താക്കള്‍ക്ക് ഫുള്‍ സ്‌ക്രീനില്‍ മ്യൂസിക് വീഡിയോകള്‍ ആസ്വദിക്കാം. മാത്രമല്ല ആപ്പില്‍ മറ്റു കാര്യങ്ങള്‍ ബ്രൗസ് ചെയ്യുമ്പോഴും മ്യൂസിക് വീഡിയോ കണ്ടുക്കൊണ്ടിരിക്കാം. 

സ്വന്തമായൊരു പ്ലെ ലിസ്റ്റ് ഉണ്ടാക്കാനും ഇനി സൗകര്യമുണ്ടാവും. കാണാനുള്ള മ്യൂസിക്ക് വീഡിയോകളെല്ലാം പ്ലെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ ഒന്നിനു പുറകെ ഒന്നായി താനെ പ്ലെ ആയിക്കോളും. പാട്ട് കേള്‍ക്കുമ്പോള്‍ത്തന്നെ മറ്റ് ആപ്പുകള്‍ ഉപയോഗിക്കാനുള്ള സൗകര്യവും ഉണ്ടാവും. 

2015 നവംബറിലാണ് കമ്പിനി ആപ്പിള്‍ മ്യൂസിക്ക് ആപ്പ് തുടങ്ങുന്നത്. അതിനുശേഷം പല തവണ ആപ്പ് പരിഷ്‌കരിച്ചു. 2017 ഏപ്രിലിലാണ് അവസാനമായി പ്രധാനപ്പെട്ട പരിഷ്‌കരണം നടന്നത്. ഡിസൈനിലാണ് അന്ന് പരിഷ്‌കരണം ഉണ്ടായത്.