വെട്ടി വെട്ടി പാര്‍ട്ടിയുടെ നാളുകള്‍ എണ്ണപ്പെടാതെ നോക്കണം

വെട്ടുകളുടെ പട്ടികയില്‍ യൂത്തു കോണ്‍ഗ്രസുകാരനായ ശുഹൈബിന് രണ്ടാം സ്ഥാനമാണ് കണ്ണൂരില്‍ സിപിഎം. നല്‍കിയിരിക്കുന്നത്. ഒന്നാസ്ഥാനം സ്വന്തം പാര്‍ട്ടിക്കാരനായിരുന്ന ടിപി ചന്ദ്രശേഖരന് തന്നെ. ഡിവൈഎഫ്ഐ നേതാവായിരുന്ന ചന്ദ്രശേഖരന് 51 വെട്ട്. സുഹൈബിന് 37 വെട്ട്. അതായത് വെട്ടില്‍ ഉയര്‍ന്ന മാര്‍ക്ക് ടിപിക്ക് തന്നെ നല്കി.
പക്ഷെ ഇവിടെ ശുഹൈബ് വെട്ട് വിളിച്ചു വാങ്ങിയതല്ലേ എന്നാവും പാര്ട്ടിക്കാര് ചോദിക്കുക. കാരണം ഒരു മാസം മുമ്പ് അവര്‍ ശുഹൈബിന് താക്കീത് നല്‍കിയതാണ്. നിന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്ന് അവര്‍ പ്രകടനം നടത്തി മുന്നറിയിപ്പു നല്‍കിയതാണ്. അത് കേട്ടറിഞ്ഞവര്‍ അതല്ലെങ്കില്‍ വിഡിയോയില്‍ പകര്‍ത്തിയവര്‍ ശുഹൈബിനെ അറിയിക്കേണ്ടതായിരുന്നു. അറിഞ്ഞിരുന്നെങ്കില്‍ രാത്രി കൂട്ടുകാരുമൊത്ത് റോഡരികിലെ ചായക്കടയില്‍ വന്ന് ചായകുടിക്കാന്‍ തയ്യാറാവുമായിരുന്നില്ല. അതല്ലെങ്കില്‍ കണ്ണൂരില്‍ നിന്നും, മട്ടന്നൂരില്‍ നിന്നെങ്കിലും മാറി നില്ക്കാമായിരുന്നു.
ടിപി ചന്ദ്രശേഖരന് പാര്‍ട്ടിയുടെ നയങ്ങളേയും നിലപാടുകളേയും ചോദ്യം ചെയ്താണ് 51 വെട്ട് നല്കാന് വരുത്തിയ കുറ്റം. പക്ഷെ യൂത്തു കോണ്‍ഗ്രസുകാരനായ ശുഹൈബ് തന്റെ പാര്‍ട്ടി ഓഫീസ് കയ്യേറിയതിനേയും സ്കൂള്തെരഞ്ഞെടുപ്പില് വിജയിച്ച കെ.എസ്.യു പ്രവര്‍ത്തകരെ മര്ദ്ധദ്ദിക്കുന്നത് തടയാന്‍ ശ്രമിക്കുകയും ചെയ്തു. അതിന് പോലീസ് അറസ്റ്റ് ചെയ്്ത് കേസ് എടുത്തിട്ടുമുണ്ട്. പക്ഷെ പ്രദേശിക പാര്‍ട്ടി സഖാക്കള്‍ക്ക് അത് രസിച്ചില്ലെന്ന് വേണം കരുതാന്‍.
അങ്ങിനെ കരുതാന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പി.ജയരാജന്റെ പ്രതികരണത്തില്‍ നിന്നും തന്നെ വ്യക്തമാണ്. പാര്‍ട്ടിയല്ല കൊല നടത്തിയതെന്നും പ്രവര്‍ത്തകര്‍ക്ക് വല്ല പങ്കുമുണ്ടോ എന്ന് അന്വേഷിക്കാമെന്നുമാണ് സഖാവിന്റെ വിശദീകരണം. പാര്‍ട്ടിക്കാരല്ലാത്ത പ്രവര്‍ത്തകര്‍ വേറെയുണ്ടോ എന്നറിഞ്ഞു കൂടാ. പാര്‍ട്ടി പറഞ്ഞോ പറയാതെയോ പ്രതികരിക്കുന്ന പ്രവര്‍ത്തകരെ പാര്‍ടിയില്‍ നിലനിര്‍ത്തുന്നതായും ഇത് വരേയും കേട്ടിട്ടില്ല. ഉണ്ടെങ്കില്‍ അവരെ വാടകഗുണ്ടകളെന്നാണ് നാട്ടില്‍ അറിയപ്പെടാറ്. സിപിഎമ്മിനെ പോലുള്ള ഒരു രാഷട്രീയ പ്രസ്ഥാനം വാടക ഗുണ്ടകളെ നിയോഗിക്കുമെന്ന് കരുതുക വയ്യ.
ഇവിടെയാണ് ശുഹൈബിനെതിരെ നടത്തിയ പ്രകടനത്തിലെ മുദ്രാവാക്യത്തിന്റെ പൊരുള്‍ വിരല്‍ ചൂണ്ടുന്നത്. ചെങ്കൊടിയുമേന്തി നടത്തിയ പ്രകടനത്തില്‍ നിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് ആക്രോശിച്ചവര്‍ പാര്‍ട്ടിക്കാരല്ലെന്ന് വിഎസിന്റെ ഭാഷയില്‍ അരിയാഹാരം കഴിക്കുന്നവരൊന്നും വിശ്വസിക്കില്ല.
കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഏറെ ശക്തിയുള്ള ഒരു ജില്ലയാണ് കണ്ണൂര്‍. ആഭ്യന്തരം കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായിവിജയന്റെ തട്ടകം. വീര ശൂര പരാക്രമികളായ മൂന്ന് ജയരാജന്മാരുടേയും നാട്. ഇടക്കിടെയുള്ള കൊലപാതകങ്ങള്‍ കാണുമ്പോള്‍ പാര്‍ട്ടിനേതാക്കളെ വിളിച്ചുകൂട്ടി സമാധാനചര്‍ച്ചകള്‍ നടത്തുക അക്രമം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുക. സമാധാനത്തിന്റെ അനിവാര്യത ആണയിടുക തുടങ്ങിയ പ്രഹസനങ്ങള്‍ കുറെ കാലമായി കണ്ടു വരുന്ന ഒരു പ്രദേശം കൂടിയാണ് കണ്ണൂര്‍.
മുമ്പൊക്കെ കുഴപ്പക്കാര്‍ കോണ്ഗസുകാരെന്നായിരുന്നു സിപിഎമ്മിന്റെആരോപണം. മുന്മന്ത്രികൂടിയായ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്റെ നേരെയായിരുന്നു ആക്ഷേപം. കുറച്ചുകാലമായി കോണ്‍ഗ്രസിനെ കൈവിട്ട് ബിജെപി ആര്‍എസ്എസ് വിഭാഗങ്ങള്‍ക്കു നേരെ തിരിഞ്ഞു. അവര്‍ കൊണ്ടും കൊടുത്തും നീങ്ങിയെന്ന വിമര്‍ശനവും ഉയര്‍ന്നു. കണ്ണൂരില്‍ നടന്ന അക്രമങ്ങളുടെ കണക്ക് നിരത്തി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ് സര്‍വ്വ സംഘട്ടനക്കേസുകളിലും ഒരു പക്ഷത്തെന്ന് ബിജെപിയും കോണ്‍ഗ്രസും വിമര്‍ശിക്കുന്നുണ്ട്. അതെന്തായാലും കേരളം ഭരിക്കുന്ന പാര്‍ട്ടിക്ക് നാട്ടില്‍ അക്രമം തടയാനും സമാധാനാന്തരീക്ഷം നിലനിര്‍ത്താനും മറ്റാരേക്കാളും ഉത്തരവാദിത്തമുണ്ടെന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ചു കൂടാ.
ആര്‍എസ്എസ് ബിജെപി സംഘപരവാര്‍ കൂട്ടുകെട്ടിന്റെ ആപത്ത് നേരിടാന്‍ മതേതര ജനാധിപത്യ ഐക്യത്തിന് ശ്രമിക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് കോണ്‍ഗ്രസിന്റെ സഹായം വേണ്ടെന്നാണ് പ്രമേയത്തില്‍ പറയുന്നതെങ്കിലും കോണ്‍ഗ്രസുകാരുടെ സഹാനുഭൂതിയെങ്കിലുമില്ലാതെ മുന്നോട്ട് പോകാനാവില്ലെന്ന് അറിയാവുന്നവര്‍ പാര്‍ട്ടിയില്‍ ധാരാളമുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പ് വരുമ്പോള്‍, പാര്‍ട്ടി ഭരണത്തിലുള്ള കേരളത്തിലും ത്രിപുരയിലും എല്ലാ സീറ്റുകളും ജയിച്ചാല്‍ 22 എം.പിമാരേ പാര്‍ട്ടിക്ക് ഉണ്ടാവൂ എന്ന യാഥാര്‍ത്ഥ്യം കേരളത്തിലില്ലെങ്കിലും ഇതര സംസ്ഥാനങ്ങളിലെ സഖാക്കള്‍ മിക്കവാറും തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തിലെ ഘടകം ഇത് തിരിച്ചറിയേണ്ടി വരുമെന്ന കാര്യത്തില്‍ തര്‍ക്കവുമില്ല. അത്കൊണ്ട് നാളുകള്എണ്ണപ്പെട്ടുവെന്ന താക്കീത് അവരവര്‍ക്ക് തന്നെ തിരിച്ചടിയാവാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നന്ന്. കാരണം മാര്‍ക്സിസ്റ്റ് പാര്‍ട്ടി നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു ജനവിഭാഗം രാജ്യത്ത് ഉണ്ടെന്ന് ഓര്‍മ്മ വേണം.
- കൊലപാതകികളുടെയും പ്രേരിപ്പിച്ചവരുടെയും കുടുംബങ്ങളും കരഞ്ഞുകാണണം
- മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള ലോറസ് സ്പോർട്സ് പുരസ്കാരം 'യുവ'യിലൂടെ ഇന്ത്യയ്ക്ക്
- ഡയൽ '100' മറന്നേക്കൂ; ഇനി മുതൽ ഡയൽ '112'
- യുവതികള്‍ മലചവിട്ടിയിട്ടേ ഇല്ലെന്ന് പറഞ്ഞൂടെ ദേവസ്വം മന്ത്രീീ.....
- സാനിറ്ററി പാഡ് അലര്‍ജിയുളളവര്‍ക്ക് ആര്‍ത്തവ ദിനം സുഗമമാക്കാന്‍ ക്ലോത്ത് പാഡുകള്‍