• 22 Aug 2018
  • 03: 42 AM
Latest News arrow

പാക്കിസ്ഥാന്‍ കാശ്മീര്‍ ആക്രമിച്ചപ്പോള്‍ നെഹ്‌റു ആര്‍എസ്എസ് സഹായം തേടി: ഉമാഭാരതി

പാക്കിസ്ഥാന്‍ ജമ്മുകാശ്മീരിനെ ആക്രമിച്ചപ്പോള്‍ പ്രധാനമന്ത്രി നെഹ്‌റു ആര്‍എസ്എസിന്റെ സഹായം തേടിയെന്ന് കേന്ദ്ര മന്ത്രി ഉമാഭാരതി. സംഘം പ്രവര്‍ത്തകര്‍ സഹായത്തിനായി കാശ്മീരിലേക്ക് പോയെന്നും ഉമാഭാരതി പറഞ്ഞു. ആര്‍എസ്എസ് തലവന്റെ പട്ടാളവുമായി ബന്ധപ്പെട്ട പ്രസ്ഥാവന വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ അവകാശവാദം. 

പാക്കിസ്ഥാന്‍ കാശ്മീര്‍ ആക്രമിച്ചപ്പോള്‍ നെഹ്‌റു ആശങ്കയിലായി. അപ്രതീക്ഷിതമായിരുന്നു ആക്രമണം. സംഭവ സ്ഥലത്തേക്ക് പെട്ടന്നെത്താന്‍ വിധത്തിലുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പക്കല്‍ ഉണ്ടായിരുന്നില്ല. 
ആ സമയത്ത് നെഹ്‌റു ആര്‍എസ്എസ് പ്രവര്‍ത്തകരുടെ സഹായം ചോദിച്ച് അന്നത്തെ ആര്‍എസ്എസ് തലവന്‍ എംഎസ് ഗോള്‍വോള്‍ക്കര്‍ക്ക് കത്തയച്ചു. ഇതേ തുടര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സൈന്യത്തെ സഹായിക്കാനായി കാശ്മീരിലേക്കു പോവുകയും ചെയ്‌തെന്നും ഉമാഭാരതി അവകാശപ്പെട്ടു. 

നേരത്തെ ആര്‍എസ്എസ് തലവന്‍ മോഹന്‍ഭാഗവത്തിന്റെ ഒരു പ്രസ്ഥാവന വന്‍ വിവാദമായിരുന്നു. ഇന്ത്യന്‍ സൈന്യത്തിനു യുദ്ധത്തിനു തയ്യാറെടുക്കാന്‍ ആറ് മാസം വേണമെങ്കില്‍ ആര്‍എസ്എസ്സിനു വെറും മൂന്നു ദിവസം മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്ഥാവന. അദ്ദേഹത്തിന്റെ ഈ പ്രസ്ഥാവനയ്‌ക്കെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിരുന്നു.