• 26 May 2018
  • 07: 10 PM
Latest News arrow

ബസ് യാത്രാ നിരക്ക് കൂട്ടി; മിനിമം നിരക്ക് എട്ട് രൂപ

അപര്യാപ്തമെന്ന് ബസുടമകള്‍

ബസ് യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചു. മിനിമം യാത്രാ നിരക്ക് ഏഴ് രൂപയില്‍ നിന്നും എട്ട് രൂപയായി വര്‍ദ്ധിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കിലും ആനുപാതികമായ വര്‍ദ്ധനവ് ഉണ്ടാവും. 

ഓര്‍ഡിനറി ബസുകളിലെ മിനിമം യാത്രാ നിരക്കാണ് എട്ട് രൂപയായി വര്‍ദ്ധിപ്പിച്ചത്. ഒരു കിലോ മീറ്ററിന് നിലവില്‍ 64 പൈസയാണ് ഈടാക്കിയിരുന്നത്. ഇത് 70 പൈസയാക്കി വര്‍ദ്ധിപ്പിച്ചു. സൂപ്പര്‍ ഫാസ്റ്റ് ബസുകളിലെ മിനിമം യാത്രാ നിരക്ക് 15 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. നിലവില്‍ 13 രൂപയായിരുന്നു നിരക്ക്. ഡീലക്‌സ് സെമി സ്ലീപ്പര്‍ ബസുകളിലെ മിനിമം യാത്രാ നിരക്ക് 22 രൂപയാണ്. ഹൈടെക് ലക്ഷ്വറി എസി ബസുകളിലെ മിനിമം നിരക്ക് 44 രൂപയാണ്. വോള്‍വോ ബസുകളിലെ മിനിമം യാത്രാ നിരക്ക് 45 രൂപയാണ്. 

വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കിലും ആനുപാതിക വര്‍ദ്ധനവ് ഉണ്ടാവും. കഴിഞ്ഞ കുറേ തവണയായി ബസ് നിരക്ക് വര്‍ദ്ധിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. 

2014 മെയ് 14നാണ് സംസ്ഥാനത്ത് അവസാനമായി ബസ് നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി ബസ് നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമാ സംഘടനകള്‍ സര്‍ക്കാരില്‍ വലിയ സമ്മര്‍ദ്ധം ചെലുത്തിയിരുന്നു. 16 മുതല്‍ നിരക്ക് വര്‍ദ്ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരം തുടങ്ങാനിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ബസ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരിന് ഇടതുമുന്നണി അനുവാദം നല്‍കിയിരുന്നു. 

അതേ സമയം നിരക്ക് വര്‍ദ്ധനവില്‍ തൃപ്തരല്ലെന്ന് ബസുടമാ സംഘടനകള്‍ പ്രതികരിച്ചു. ഇപ്പോഴത്തെ വര്‍ദ്ധനവ് അപര്യാപ്തമാണെന്നാണ് സംഘടനകളുടെ നിലപാട്. തുടര്‍ നടപടികള്‍ നാളെ കൊച്ചിയില്‍ ചേരുന്ന ബസുടമകളുടെ യോഗത്തില്‍ തീരുമാനിക്കും.