• 21 Sep 2018
  • 10: 43 AM
Latest News arrow

ബസ് യാത്രാ നിരക്ക് കൂടും...ഇടതു മുന്നണി അനുമതിയായി

സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് കൂടും. യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരിന് ഇടതുമുന്നണി അനുമതി നല്‍കി. ഓര്‍ഡിനറി ബസുകളില്‍ മിനിമം നിരക്ക് ഏഴ് രൂപയില്‍ നിന്ന് എട്ട് രൂപ ആക്കിയേക്കും. ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ 11 രൂപയാവും മിനിമം നിരക്ക്. ഇപ്പോഴത് 10 രൂപയാണ്. ബാക്കി നിരക്കുകളില്‍ ആനുപാതികമായ വര്‍ദ്ധന ഉണ്ടാവും. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ ആനുപാതിക വര്‍ദ്ധനവ് വന്നേക്കും. . അടുത്ത മന്ത്രിസഭാ യോഗം ഇതിന് അനുമതി നല്‍കും. 

ഗതാഗത മന്ത്രി എകെ ശശീന്ദ്രനാണ് ഇടതുമുന്നണി യോഗത്തില്‍ ബസ് നിരക്ക് വര്‍ദ്ധനവ് സംബന്ധിച്ച വിഷയം ഉന്നയിച്ചത്. തുടര്‍ന്ന് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇടതുമുന്നണി അനുവാദം നല്‍കുകയായിരുന്നു. 

സര്‍ക്കാര്‍ ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ മറുപടി നല്‍കിയത്. 16 മുതല്‍ നിരക്കു വര്‍ദ്ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് നിരക്ക് വര്‍ദ്ധനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുന്നത്.