• 22 Feb 2018
  • 04: 44 AM
Latest News arrow

മദ്യം മനുഷ്യനെ അക്രമകാരിയാക്കുന്നതെങ്ങനെ? ഒടുവില്‍ ഉത്തരമായി

ഒടുവില്‍ ആ രഹസ്യം പുറത്തായി. മദ്യപിച്ചു കഴിഞ്ഞാല്‍ മനുഷ്യനെങ്ങനെയാണ് അക്രമണകാരിയായി മാറുന്നതെന്ന ചോദ്യത്തിനാണ് ശാസ്ത്രജ്ഞര്‍ ഉത്തരം കണ്ടെത്തിയിരിക്കുന്നത്. മദ്യപിക്കുമ്പോള്‍ തലച്ചോറിലെ പ്രെഫ്രണ്ടല്‍ കോര്‍ട്ടക്‌സ് എന്ന ഭാഗത്തിന്റെ പ്രവര്‍ത്തനം മന്ദമാവുന്നതാണ് മദ്യപന്‍ പെട്ടന്ന് പ്രകോപിതനാവാന്‍ കാരണമെന്നാണ് കണ്ടെത്തല്‍. 

50 യുവാക്കളെയാണ് ശാസ്ത്രജ്ഞര്‍ പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. ഇവരോട് ഒന്നുകില്‍ വോട്കയോ അല്ലെങ്കില്‍ സാധാരണ പാനീയമോ കുടിക്കാന്‍ ആവശ്യപ്പെട്ടു. മദ്യപിച്ചവരുടെ പ്രെഫ്രണ്ടല്‍ കോര്‍ട്ടക്‌സിന്റെ പ്രവര്‍ത്തനം മന്ദമാവുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഒരു വ്യക്തിയുടെ പ്രകോപനത്തിന്റെ ലെവല്‍ നിയന്ത്രിക്കുന്ന ഭാഗമാണ് പ്രെഫ്രണ്ടല്‍ കോര്‍ട്ടക്‌സ്. 
പ്രെഫ്രണ്ടല്‍ കോര്‍ട്ടക്‌സ് ആയിരിക്കാം മദ്യപര്‍ പ്രകോപിതരാവുന്നതിന് പിന്നില്‍ എന്ന് നേരത്തെത്തന്നെ വിദഗ്ദ്ധര്‍ക്ക് സംശയം ഉണ്ടായിരുന്നു. എന്നാല്‍ ഈ പ്രവര്‍ത്തനം നേരിട്ട് കാണുന്നത് ആദ്യമായാണ്. 

എംആര്‍ഐ സ്‌കാനാണ് മദ്യം തലച്ചോറില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ മനസിലാക്കാന്‍ ഉപയോഗിച്ചത്. സ്‌കാനറില്‍ കിടക്കുന്ന സമയത്ത് പരീക്ഷണത്തിനായി തെരഞ്ഞെടുത്ത യുവാക്കളോട് എന്തെങ്കിലും പ്രകോപനപരമായ കാര്യങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. അവരുടെ പ്രകോപനത്തിന്റെ തോത് കണക്കാക്കുയായിരുന്നു ലക്ഷ്യം. 

പ്രകോപനപരമായി പെരുമാറുമ്പോള്‍ മദ്യപിച്ച യുവാക്കളുടെ പ്രെഫ്രണ്ടല്‍ കോര്‍ട്ടക്‌സിന്റെ പ്രവര്‍ത്തനം മന്ദമാവുന്നതായി കാണാന്‍ സാധിച്ചു. 
ഈ മേഖലയില്‍ കടുതല്‍ പഠനം നടക്കേണ്ടതുണ്ടെന്നും അങ്ങനെ വന്നാല്‍ മദ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വലിയതോതില്‍ കുറച്ചുക്കൊണ്ടുവരാന്‍ സാധിക്കുമെന്നും പരീക്ഷണത്തിന് നേതൃത്വം നല്‍കിയ ഓസ്‌ട്രേലിയ ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയിലെ ഡോ. തോമസ് ഡെന്‍സണ്‍ പറഞ്ഞു.