• 24 May 2018
  • 01: 20 PM
Latest News arrow

ചെങ്ങന്നൂരില്‍ മത്സരിക്കാന്‍ ശ്രീധരന്‍ പിള്ളയില്‍ സമ്മര്‍ദ്ദം..

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍  അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയെ മത്സരിപ്പിക്കാന്‍ ബിജെപി  നേതൃത്വം സമ്മര്‍ദ്ദം ചെലുത്തുന്നു. കോര്‍കമ്മറ്റിയോഗം ഇന്നത്തെ സാഹചര്യത്തില്‍ പിള്ളയ്ക്ക് തന്നെയാവും അവിടെ വിജയസാദ്ധ്യതയെന്ന് വിലയിരുത്തി. പക്ഷെ പിള്ള ഇതുവരേ സമ്മതം മൂളിയിട്ടില്ലെന്നാണ് സൂചന. കേന്ദ്ര നേതൃത്വം വഴി പിള്ളയെ സമ്മതിപ്പിച്ചാല്‍ രണ്ട് ദിവസത്തിന്നകം ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും.
മണ്ഡലത്തില്‍ വീടും കുടുബബന്ധങ്ങളുമുള്ള പിള്ളയ്ക്ക് കഴിഞ്ഞ തവണത്തെ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നു. മുമ്പൊന്നുമില്ലാത്ത വിധം കൂടുതല്‍ വോട്ടുകളും നേടാനായി. ഇപ്പോള്‍ പാര്‍ട്ടിയുടെ ദേശീയ നിര്‍വ്വാഹകസമിതി അംഗമായ പിള്ളയ്ക്ക് രാഷ്ട്രീയത്തിന്നതീതമായ വ്യക്തിബന്ധങ്ങളും സൗഹൃദവുമുണ്ട്. മികച്ച അഭിഭാഷകനെന്ന നിലയില്‍ പേരെടുത്ത ശ്രീധരന്‍പിള്ള ശ്രദ്ധേയനായ ഗ്രന്ഥകാരന്‍ കൂടിയാണ്. കേരളത്തിലെ മിക്കവാറും ജില്ലാ കോടതികളിലും ഹൈക്കോടതിയിലും കേസു നടത്തുന്നതിന്നിടയില്‍ എഴുത്തിലും വായനയിലും പുസ്തക രചനയിലും അദ്ദേഹത്തിന്റെ  താല്‍പര്യവും അഭിമുഖ്യവും പൊതുരംഗത്ത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷീലും ഇതിനകം നൂറു പുസ്തകങ്ങള്‍ പുറത്തിറക്കിയ പിള്ളയ്ക്ക് അടുത്ത ശനിയാഴ്ച കോഴിക്കോട്ടെ പൗരാവലി  സ്വീകരണം നല്‍കാന്‍ ഒരുക്കം നടന്നുക്കൊണ്ടിക്കവേയാണ് മത്സരിക്കാനുള്ള  നിര്‍ദ്ദേശം. സ്വീകരണത്തില്‍ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു സംബന്ധിക്കുന്നുണ്ട്. ബിജെപിയുടെ ദേശീയനേതാക്കളുമായി ഉറ്റബന്ധമുള്ള പിള്ളയ്ക്ക്  ഉപതെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ താമര വിരിയിക്കാനാവുമെന്നാണ് പ്രവര്‍ത്തകരുടെ പ്രത്യാശ.