• 19 Oct 2018
  • 01: 27 PM
Latest News arrow

മാണിക്കെതിരെ കേസ്: ബാറുകള്‍ തുറക്കാമെന്ന് സിപിഎം ഉറപ്പുനല്‍കി...ബിജു രമേശ്

കൊച്ചി: ബാര്‍കോഴക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി ബിജു രമേശ്. കെ.എം. മാണിക്കെതിരെ കേസ് നടത്തിയാല്‍ ഭരണം മാറിവരുമ്പോള്‍ പൂട്ടിയ ബാറെല്ലാം തുറന്നുനല്‍കാമെന്ന് സിപിഎം നേതൃത്വം വാഗ്ദാനം നല്‍കിയിരുന്നതായി ബിജു രമേശ് സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി. കോടിയേരി ബാലകൃഷ്ണന്‍ നേരിട്ടു തന്നെയാണ് ഉറപ്പുനല്‍കിയത്. വിഎസിനെയും പിണറായിയും കണ്ടിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ജയിച്ചതോടെ എല്‍ഡിഎഫ് പാലംവലിച്ചുവെന്നും ബിജു രമേശ് പറഞ്ഞു.ത്രീസ്റ്റാര്‍ വരെയുള്ള ബാറുകള്‍ തുറന്നാല്‍ മതിയെന്ന സര്‍ക്കാര്‍ തീരുമാനത്തോട് പ്രതിഷേധിക്കാന്‍ തുറക്കാവുന്ന ബാറുകളും നിലവില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ബാര്‍കോഴക്കേസ് ഒഴിവാക്കി കെ.എം. മാണിയെ വെള്ളപൂശാന്‍ തയാറായാല്‍ എല്‍ഡിഎഫ് വഞ്ചിച്ചു എന്നുതന്നെ പറയേണ്ടിവരംു.  സിപിഎമ്മിന്റെ പിന്തുണയോടെയല്ലാതെ മാണിക്ക് കുറ്റവിമുക്തനായി തിരിച്ചുവരാന്‍ കഴിയില്ല എന്ന് എല്ലാവര്‍ക്കും അറിയാം. മാണിക്കെതിരെ കേസ് നടത്താന്‍ തന്നെ പ്രോല്‍സാഹിപ്പിച്ചവര്‍ മറുവശത്തുകൂടി മാണിയുമായി ധാരണ ഉണ്ടാക്കുന്നത് നിരാശപ്പെടുത്തുന്നതായും ബിജു രമേശ് പറഞ്ഞു. 
തന്നെ മാത്രമല്ല, അഴിമതിവിരുദ്ധ വാഗ്ദാനങ്ങള്‍ വിശ്വസിച്ച ജനങ്ങളെ കൂടിയാണ് വഞ്ചിക്കുന്നതെന്ന് സിപിഎം നേതൃത്വം തിരിച്ചറിയണം. തെളിവുമായി വരുന്നവര്‍ക്ക് സംരക്ഷണം നല്‍കാന്‍ സിപിഎം തയ്യാറായാല്‍ മതി. തെളിവു ലഭിച്ചില്ലെന്ന് പറഞ്ഞ് ബാര്‍കോഴക്കേസ് അവസാനിപ്പിക്കുന്നത് ഉന്നതതലത്തില്‍ ആലോചിച്ച് ഉറപ്പിച്ച കള്ളക്കളിയാണെന്നും ബിജു രമേശ് തുറന്നടിച്ചു. രാഷ്ട്രീയ പിന്തുണ കൊടുത്താല്‍ മാണിക്കെതിരെ തെളിവു നല്‍കാന്‍ ബാറുടമകള്‍ തയ്യാറാകും. യുഡിഎഫ് ഭരണകാലത്ത് സിപിഎം നേതാക്കള്‍ തന്നെ സമീപിച്ചത് പോലെ ഇപ്പോള്‍ മറ്റ് ബാറുടമകളെ ബന്ധപ്പെടട്ടെയെന്നും വ്യക്തമാക്കി.