• 22 Aug 2018
  • 11: 50 AM
Latest News arrow

കാശ്മീരില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഭീകരാക്രമണം

സുന്‍ജ്വാന്‍, കരണ്‍ നഗര്‍ എന്നിവിടങ്ങളിലെ ഭീകരാക്രമണത്തിന്റെ വെടിയൊച്ചകള്‍ നിലയ്ക്കും മൂമ്പ് കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. റായ്പൂരിലെ ദൊമാനയിലെ സൈനിക പോസ്റ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇവിടെ സൈന്യവും ഭീകരരും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. 

അതിനിടെ സുന്‍ജ്വാന്‍ സൈനിക ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ ഒരു സൈനികന്‍ക്കൂടി മരിച്ചു. ഇതോടെ വീരമൃത്യുവരിച്ച സൈനികരുടെ എണ്ണം ആറായി. സൈനിക ക്വാര്‍ട്ടേഴ്‌സില്‍ ഭീകരര്‍ മൈനുകളോ മറ്റോ ഒളിപ്പിച്ചിട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് സൈനികന്റെ 
മൃതദേഹം കണ്ടത്. ഇന്‍ട്രി വിഭാഗം 36 ബ്രിഗേഡിന്റെ ക്യാംപിലേക്ക് സൈനിക വേഷത്തില്‍ ഇരച്ചു കയറിയാണ് സുന്‍ജ്വാനില്‍ ഭീകരര്‍
ആക്രമണം നടത്തിയത്. മൂന്ന് ഭീകരരേയും വക വരുത്തി ഇവിടെ സൈനിക നടപടി അവസാനിപ്പിച്ചിരുന്നു. 

ശ്രീനഗറിലെ കരണ്‍ നഗറിലുള്ള സിആര്‍പിഎഫ് ക്യാമ്പിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരുമായി സൈന്യം നടത്തുന്ന ഏറ്റുമുട്ടല്‍ രണ്ടാം ദിവസവും തുടരുകയാണ്. ഈ സംഭവത്തില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. പുലര്‍ച്ചെ നാലരയോടെ സിആര്‍പിഎഫ് 23-ാം ബറ്റാലിയന്‍ ആസ്ഥാനത്തെ സൈനികന്‍ ആയുധങ്ങളുമായി വന്ന ഭീകരരെ കണ്ടു. ഇവര്‍ക്കുനേരെ സൈനികന്‍ വെടിവെച്ചെങ്കിലും രക്ഷപ്പെട്ടു. തുടര്‍ന്ന് പരിസരത്തു തെരച്ചില്‍ നടത്തിയ സൈനിക സംഘത്തിന് നേരെ ഭീകരര്‍ വെടി വെച്ചപ്പോളാണ് ജവാന്‍ കൊല്ലപ്പെട്ടത്.