• 16 Nov 2018
  • 02: 02 PM
Latest News arrow

അംഗപരിമിതര്‍ക്കായി പുഷ്പ എഴുതിയത് 10 വര്‍ഷത്തിനുള്ളില്‍ 657 പരീക്ഷകള്‍

ബാംഗ്ലൂര്‍ ബിടിഎം ലെ ഔട്ട് സ്വദേശിനി എന്‍എം പുഷ്പ പ്രിയ 10 വര്‍ഷത്തിനുള്ളില്‍ എഴുതിക്കൂട്ടിയത് 657 പരീക്ഷകള്‍. പക്ഷെ ഒന്നും സ്വന്തം ആവശ്യത്തിനല്ല. അംഗപരിമിതരെ സഹായിക്കാന്‍ വേണ്ടിയാണ് ഈ പരീക്ഷകളത്രയും പുഷ്പ എഴുതിക്കൂട്ടിയത്. ബാംഗ്ലൂര്‍ നഗരത്തിലെ അംഗപരിമിതരുടെ കണ്ണും കാതും കൈയ്യുമെല്ലാമാണ് ഇന്ന് ഈ 30 കാരി. 

ഒരു ബഹുരാഷ്ട്ര കമ്പനിയിലെ ജോലിക്കാരിയായ ഈ 30കാരി 2007ലാണ് അംഗപരിമിതര്‍ക്കായി പരീക്ഷകളെഴുതാന്‍ തുടങ്ങിയത്. കാഴ്ച ശക്തിയില്ലാത്ത ഒരു  എസ്എസ്എല്‍സി വിദ്യാര്‍ത്ഥിക്ക് വേണ്ടിയായിരുന്നു ആദ്യമായി പരീക്ഷ എഴുതിയത്. തുടര്‍ന്നിങ്ങോട്ട് അത് തന്റെ കടമയായി കണ്ട് തുടര്‍ന്നു പോരുന്നു. 

സ്‌കൂള്‍ പഠന കാലത്തെ അനുഭവങ്ങളാണ് പുഷ്പയെ ഇത്തരമൊരു സല്‍ക്കര്‍മ്മത്തിലേക്ക് നയിച്ചത്. ഫീസ് അടക്കാന്‍ പണമില്ലാത്തതിനാല്‍ പരീക്ഷാ ഹാളില്‍    നിന്നും പുറത്തുപോവേണ്ടി വന്നിട്ടുണ്ട് പുഷ്പയ്ക്ക്. സുമനസുകളുടെ സഹായത്തോടെയാണ് പിന്നീട് അവര്‍ പഠിച്ചത്. ജോലി കിട്ടിയതോടെ ഇനി      മറ്റുള്ളവരെ സഹായിക്കേണ്ടത് താനാണെന്ന് പുഷ്പ മനസിലാക്കി. അങ്ങനെയാണ് അംഗപരിമിതര്‍ക്കായി പരീക്ഷ എഴുതിക്കൊടുക്കുന്ന പ്രവൃത്തിയിലേക്ക് എത്തിയത്. 

ഗൗരവം ഉള്‍ക്കൊണ്ടുത്തന്നെയാണ് ഓരോ പരീക്ഷയും പുഷ്പ എഴുതാറ്. അവരുടെ ഭാവിയാണ് തന്റെ കൈകളില്‍ എന്ന ഉത്തമ ബോധ്യം പുഷ്പയ്ക്ക് ഉണ്ടാവാറുണ്ട്. പരീക്ഷാര്‍ത്ഥിക്ക് ചോദ്യം കൃത്യമായി മനസിലാക്കി കൊടുക്കാന്‍ അവര്‍ അതീവ ശ്രദ്ധാലുവാണ്. പലപ്പോഴും ചോദ്യങ്ങള്‍ മുപ്പതും നാല്‍പ്പതും തവണ ആവര്‍ത്തിച്ച് വായിച്ച് കേള്‍പ്പിക്കും. പരീക്ഷാര്‍ത്ഥിക്ക് എത്ര ടെന്‍ഷന്‍ ഉണ്ടായാലും പുഷ്പ ശാന്തമായിത്തന്നെ തന്റെ ജോലി ചെയ്യും. 

അംഗപരിമിതര്‍ക്കായി പരീക്ഷകള്‍ എഴുതിക്കൊടുക്കുന്നത് തനിക്ക് ഏറെ സംതൃപ്തി നല്‍കുന്ന പ്രവൃത്തിയാണെന്ന് പുഷ്പ പറയുന്നു. നല്ല ക്ഷമയുള്ളവര്‍ക്കെ ഇങ്ങനെ പരീക്ഷകള്‍ എഴുതിക്കൊടുക്കാന്‍ സാധിക്കുകയൊള്ളൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.