• 22 Feb 2018
  • 04: 57 AM
Latest News arrow

വിടി ബല്‍റാം എംഎല്‍എ മാര്‍ക്ക് തിരുത്തി

വിടി ബല്‍റാം എംഎല്‍എ എല്‍എല്‍ബി പരീക്ഷയില്‍ ലഭിച്ച മാര്‍ക്കില്‍ തിരിമറി നടത്തി. കോളേജ് പ്രിന്‍സിപ്പളിന്റെ സഹായത്തോടെ പരീക്ഷയില്‍ ലഭിച്ച 45 മാര്‍ക്ക് 75 ആക്കി ബല്‍റാം ഉയര്‍ത്തി. എന്നാല്‍ തിരിമറി കണ്ടെത്തിയ യൂണിവേഴ്‌സിറ്റി മാര്‍ക്ക് 45തന്നെ ആക്കി വെട്ടിക്കുറച്ചു.

തൃശൂര്‍ ഗവണ്‍മെന്റ് ലോ കോളേജിലെ 2005-2008 ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്നു വിടി ബല്‍റാം. അഞ്ചാം സെമസ്റ്ററിലെ ഇന്റേണല്‍ പരീക്ഷയില്‍ ഡ്രാഫ്റ്റിങ്ങ്, പ്ലീഡിങ്ങ് ആന്‍ഡ് കണ്‍വെയന്‍സിങ്ങ് എന്ന പേപ്പറിന് ലഭിച്ച മാര്‍ക്കാണ് ബല്‍റാം തിരുത്തിയത്. പരീക്ഷയില്‍ 100ല്‍ 45 മാര്‍ക്കാണ് ബല്‍റാമിന് ലഭിച്ചത്. ജയിക്കാന്‍ 50 മാര്‍ക്കാണ് വേണ്ടിയിരുന്നത്. ഇതോടെ കോളേജ് പ്രിന്‍സിപ്പാള്‍ രാജശേഖരന്‍ നായരെ സ്വാധീനിച്ച് ബല്‍റാം മാര്‍ക്ക് 75 ആക്കി ഉയര്‍ത്തി. പരീക്ഷ നടത്തിയ അധ്യാപിക പോലും അറിയാതെയായിരുന്നു ഇത്. 

ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടതോടെ അന്നത്തെ കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി യൂണിവേഴ്‌സിറ്റിക്ക് പരാതി നല്‍കി. തുടര്‍ന്ന് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം കെപി വര്‍ക്കി, പരീക്ഷ കണ്‍ട്രോളര്‍ വി രാജഗോപാലന്‍, സ്റ്റുഡന്റ് ഡീന്‍ പിവി വല്‍സരാജ് എന്നിവരടങ്ങുന്ന സംഘത്തെ അന്വേഷണത്തിനായി യൂണിവേഴ്‌സിറ്റി നിയോഗിച്ചു. ബല്‍റാം മാര്‍ക്ക് തിരുത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. ഇതോടെ ബല്‍റാമിന്റെ മാര്‍ക്ക് 45ത്തന്നെയാക്കി യൂണിവേഴ്‌സിറ്റി വെട്ടിക്കുറക്കുകയായിരുന്നു. കൈരളി പീപ്പിളാണ് ഇത് സംബന്ധിച്ച രേഖകള്‍ പുറത്തു വിട്ടത്.

 

.