• 20 Feb 2019
  • 11: 55 AM
Latest News arrow

ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര നേടി ഇന്ത്യന്‍ പെണ്‍പട

കിംബെര്‍ലി:  ദക്ഷിണാഫ്രിക്കയില്‍ ഒരു ക്രിക്കറ്റ് പരമ്പര വിജയമെന്ന ഇന്ത്യന്‍ സ്വപ്നം ഒടുവില്‍ വനിതകളിലൂടെ യാഥാര്‍ഥ്യമായി. ആദ്യ ഏകദിന വിജയത്തിനു പിന്നാലെ രണ്ടാം മല്‍സരത്തിലും ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞ വനിതാ ക്രിക്കറ്റ് ടീം പരമ്പരയും സ്വന്തമാക്കി. 178 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. 
ദക്ഷിണാഫ്രിക്കയില്‍ ഒരിന്ത്യന്‍ വനിതയുടെ കന്നി സെഞ്ചുറി നേട്ടത്തോടെ സ്മൃതി മന്ഥന (135) വീണ്ടും ഇന്ത്യയുടെ വീരവനിതയായി. നാലു വിക്കറ്റ് നേട്ടത്തോടെ പൂനം യാദവ് ബോളിങ്ങിലും മികച്ചു നിന്നു. ജൂലന്‍ ഗോസ്വാമി ഏകദിനത്തില്‍ 200 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ വനിതയെന്ന റെക്കോര്‍!ഡിലെത്തി. സ്‌കോര്‍ ഇന്ത്യ 50 ഓവറില്‍ മൂന്നിന് 302. ദക്ഷിണാഫ്രിക്ക 30.5 ഓവറില്‍ 124ന് ഓള്‍ഔട്ട്. 
ആദ്യ ഏകദിനത്തിലെ മിന്നുംപ്രകടനത്തിന്റെ ചൂടാറും മുന്‍പേ വീണ്ടും ബാറ്റെടുത്തു തിളങ്ങിയ മന്ഥനയുടെ സെഞ്ചുറിയായിരുന്നു ഇന്ത്യന്‍ വിജയത്തിന്റെ ഹൈലൈറ്റ്. ഒന്നാം ഏകദിനത്തില്‍ ശാന്തമായി ബാറ്റുവീശിയ താരം ഇന്നലെ സ്‌കോറിങ് ടോപ് ഗിയറിലാക്കി. 129 പന്തുകളില്‍ 14 ഫോറുകളും ഒരു സിക്‌സറും അടങ്ങിയതായിരുന്നു ഇന്നിങ്‌സ്. സൂപ്പര്‍താരം ഹര്‍മന്‍പ്രീത് കൗറും (55) വേദകൃഷ്ണമൂര്‍ത്തിയും (51) അര്‍ധ സെഞ്ചുറിയോടെ പുറത്താകാതെ നിന്നു. 33 പന്തുകളില്‍ 51 റണ്‍സെടുത്ത വേദയുടെ വെടിക്കെട്ടാണ് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തിയത്.