• 26 May 2018
  • 07: 04 PM
Latest News arrow

ഒരായിരം നുണകളില്‍ കോര്‍ത്തെടുത്ത സത്യമുള്ള സംഭവം; ദിലീപിന്റെ പുതിയ ലുക്കില്‍ ഞെട്ടി ആരാധകര്‍

കൊച്ചി:ദിലീപ് കേന്ദ്രകഥാപാത്രമായി എത്തുന്ന കമ്മാരസംഭവം എന്ന ചിത്രത്തിലെ പുതിയ ലുക്ക് പുറത്ത്. ചിത്രത്തിലെ തെണ്ണൂറ്റിയാറുകാരനായ തന്റെ കഥാപാത്രത്തിന്റെ രൂപം ദിലീപ് തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പുറത്ത് വിട്ടത്. മുരളീ ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ടാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. 

ദിലീപിനെ കമ്മാരനാക്കാന്‍ ദിവസവും അഞ്ചു മണിക്കൂറാണു മേക്കപ്. എന്‍.ജി. റോഷന്റെ നേതൃത്വത്തിലുള്ള പ്രോസ്തറ്റിക് മേക്കപ് സംഘമാണു ദിലീപിന്റെ രൂപ മാറ്റത്തിനു പിന്നില്‍. രാവിലെ എട്ടിനാരംഭിക്കുന്ന ഷൂട്ടിങ്ങിനായി പുലര്‍ച്ചെ മൂന്നിനു മേക്കപ് തുടങ്ങണം. അഞ്ചു മണിക്കൂര്‍ മാത്രമേ ഈ മേക്കപ്പ് നിലനില്‍ക്കുകയുള്ളൂവെന്നതിനാല്‍ അത്രയും സമയം മാത്രമേ ഷൂട്ട് ചെയ്യാനാവൂ. 
ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ഷൂട്ടിങ്ങാണ് ഇപ്പോള്‍ കൊച്ചിയിലും പരിസരത്തുമായി പുരോഗമിക്കുന്നത്. 'രണ്ടാം ലോകമഹായുദ്ധ കാലത്ത് ആരംഭിച്ച്, കമ്മാരന്റെ ജീവിതത്തിലൂടെ യാത്ര ചെയ്യുന്ന സോഷ്യല്‍ സറ്റയറാണ് ഈ സിനിമ' രതീഷ് അമ്പാട്ട് പറയുന്നു.  മുരളി ഗോപി, സിദ്ധാര്‍ഥ്, ബോബി സിംഹ, ശ്വേത മേനോന്‍, നമിത പ്രമോദ് തുടങ്ങിയവരാണു മറ്റ് അഭിനേതാക്കള്‍. ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രം വിഷുവിനു തിയറ്ററുകളിലെത്തും.