• 16 Nov 2018
  • 02: 12 PM
Latest News arrow

യുഎഇ സന്ദര്‍ശനത്തിന് മോദി 10ന് എത്തും

ന്യൂഡല്‍ഹി: യുഎഇ, ഒമാന്‍, പലസ്തീന്‍ എന്നിവിടങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം ഒന്‍പതു മുതല്‍ 12വരെ നടത്തുന്ന സന്ദര്‍ശനം ഊര്‍ജം, സുരക്ഷാ സഹകരണം, ഭീകരവാദ വിരുദ്ധ നടപടികള്‍ തുടങ്ങിയവ സംബന്ധിച്ചു സുപ്രധാനമാണെന്നു വിദേശകാര്യ മന്ത്രാലയം. പത്തിനു വൈകിട്ട് അബുദാബിയിലെത്തുന്ന പ്രധാനമന്ത്രി യുഎഇ ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തും.

ദുബായില്‍ ആറാമത് ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ പിറ്റേന്നു പ്രധാനമന്ത്രി പ്രസംഗിക്കും; അബുദാബിയില്‍ ക്ഷേത്രത്തിനു വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ തറക്കല്ലിടും. യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് മക്തൂം ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തും. ഒമാനില്‍ സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍ഡ്‌മോസ്‌കും ശിവക്ഷേത്രവും സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി, നേതാക്കളുമായി ചര്‍ച്ച നടത്തും.

ഇരുരാജ്യങ്ങളുമായി സുരക്ഷാവിഷയങ്ങളി!ല്‍ പങ്കാളിത്തം ശക്തമാക്കാന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സഹായകമാകുമെന്നും ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിന് ഇടപെടല്‍ നടത്തിയ രാജ്യമാണ് ഒമാനെന്നതു ശ്രദ്ധേയമാണെന്നും ഗള്‍ഫ് രാജ്യങ്ങളുടെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി മൃദുല്‍ കുമാര്‍ പറഞ്ഞു. പലസ്തീനിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനമാണിത്. യുഎഇയിലേക്കു മോദിയുടെ രണ്ടാം സന്ദര്‍ശനമാണ്; ഒമാനിലേക്ക് ആദ്യത്തേതും.

പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് പ്രധാനമന്ത്രി പോകുന്നതെന്നും യുഎന്‍ പൊതുസഭയില്‍ ജറുസലം വിഷയത്തില്‍ ചെയ്ത വോട്ട് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുന്നതാണെന്നും വക്താവ് അറിയിച്ചു.