• 24 May 2018
  • 01: 30 PM
Latest News arrow

കുഞ്ഞിന്റെ ചികിത്സയ്ക്ക് പണമില്ല.. തെരുവില്‍ മുലപ്പാല്‍ വിറ്റ് ഒരമ്മ

ബെയ്ജിങ്:  സ്വന്തം കുഞ്ഞിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ തെരുവില്‍ മുലപ്പാല്‍ വില്‍പന നടത്തി ഒരമ്മ. ചൈനയിലാണ് സംഭവം. ചൈനയിലെ ഗ്വാങ്ഷി സ്വദേശികളായ താങ് എന്ന 24കാരിയുടേയും ഭര്‍ത്താവ് സിച്ചുവാന്റേയും നിസ്സഹായതയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയ്‌ക്കൊപ്പം അന്താരാഷ്ട്ര മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുന്നത്. 

ഇരട്ടക്കുട്ടികളുടെ അമ്മയായ 24കാരിയാണ് താന്‍. ഐസിയുവിലുള്ള മകളുടെ ചികിത്സയ്ക്ക് തനിക്ക് പണം കണ്ടത്തേണ്ടതുണ്ട്. അതിനാലാണ് താന്‍ മുലപ്പാല്‍ വില്‍പ്പന നടത്തുന്നതെന്ന പോസ്റ്റര്‍ പിടിച്ചാണ് താങും ഭര്‍ത്താവും തെരുവിലേക്ക്  സഹായം തേടിയിറങ്ങിയത്. കുട്ടിയുടെ ചിത്രവും മെഡിക്കല്‍ രേഖകളുടെ പകര്‍പ്പും പോസ്റ്ററിലുണ്ട്. സെല്‍ ബ്രെസ്റ്റ് മില്‍ക്ക് സേവ് ഡോട്ടര്‍ എന്നെഴുതിയ പോസ്റ്ററില്‍ മുലപ്പാല്‍ നല്‍കുന്നതിന് ഈടാക്കുന്ന ചാര്‍ജും എഴുതിയിട്ടുണ്ട്. 
ഷെന്‍ഴെന്നിലെ ബാവോ അന്‍ ജില്ലയിലെ പീപ്പിള്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മകളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനാണ് മുലപ്പാല്‍ വില്‍പ്പന നടത്തുന്നതെന്നാണ് താങിന്റെ പ്രതികരണം. ഐസിയുവില്‍ ഗുരുതര നിലയില്‍ പ്രവേശിപ്പിച്ച ഇരട്ടക്കുഞ്ഞുങ്ങളില്‍ ഒരാളുടെ ചികിത്സയ്ക്കായി ഒരു ലക്ഷം യുവാന്‍ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ഇത്രയും വലിയ തുക സ്വരൂപിക്കാന്‍ ആവുന്നതെല്ലാം ചെയ്യുകയാണെന്ന് താങിന്റെ ഭര്‍ത്താവ് സിച്ചുവാന്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.