• 22 Aug 2018
  • 03: 45 AM
Latest News arrow

സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീ സൗഹാര്‍ദ്ദ ബജറ്റ്

തിരുവനന്തപുരം: സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ 1267കോടി രൂപ വകയിരുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്. സ്ത്രീ സുരക്ഷയ്ക്കായി 50 കോടിരൂപയും സ്ത്രീ സൗഹൃദ പദ്ധതി ഏറ്റെടുക്കുന്ന പഞ്ചായത്തുകള്‍ക്ക് 10 കോടിയും നീക്കിവെച്ചിട്ടുണ്ട്. അതിക്രമങ്ങള്‍ അതിജീവിക്കുന്നവര്‍ക്ക് 3 കോടി രൂപയും പുനരധിവസിപ്പിക്കുന്നതിന് 5 കോടി രൂപ, സ്ത്രീകളുടെയും വയോജനങ്ങളുടെയും അഭയകേന്ദ്രങ്ങള്‍ നവീകരിക്കുന്നതിന് 20 കോടി അധികമായും നല്‍കും. അവിവാഹിതരായ അമ്മമാര്‍ക്കുള്ള പ്രതിമാസ ധനസഹായം 1000 രൂപയില്‍നിന്ന് 2000 രൂപയാക്കി വര്‍ധിപ്പിക്കും. ആധുനിക വ്യവസായ മേഖലയിലെ തൊഴില്‍ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് വനിതാ സംരംഭക സ്‌കീമുകള്‍ക്ക് 20 കോടി, വനിതാ ഫെഡിന് 3 കോടി എന്നിങ്ങനെയും വകയിരുത്തി.

ലിംഗനീതിയുടെ കാര്യത്തില്‍ സാക്ഷര കേരളം അപമാനകരമായ നിരക്ഷരതയാണ് കാട്ടുന്നതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇതിനെതിരെ ചെറുത്ത് നില്‍പ് നടത്തുന്ന സ്ത്രീകള്‍ക്ക് പിന്തുണയുണ്ടാകുമെന്നും ലിംഗസമത്വം നടപ്പാക്കുമെന്നും മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. സിനിമ മേഖലയില്‍ നടിക്കെതിരെയുണ്ടായ ആക്രമണത്തെയും ധനമന്ത്രി പരാമര്‍ശിച്ചു.  

ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ ചൊല്ലിയ കവിതകളും നോവല്‍ ഉദ്ധരണികളും സ്ത്രീ രചയിതാക്കളുടേതാണ്. ഓഖി ദുരന്തത്തില്‍ പുരുഷന്മാര്‍ മരിച്ച മിക്ക കുടുംബങ്ങളുടെയും ഉത്തരവാദിത്തം ഇപ്പോള്‍ സ്ത്രീകള്‍ക്കാണ്. എന്നാല്‍, ഈ ദുരന്തങ്ങളില്‍ ഒന്നും കേരളത്തിലെ സ്ത്രീകള്‍ തളര്‍ന്ന് പോവില്ലെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. അവര്‍ക്ക് വേണ്ട എല്ലാ പിന്തുണയും സംസ്ഥാനം നല്‍കും. തീരദേശ കുടുംബങ്ങള്‍ക്ക് പ്രത്യേക ആരോഗ്യ പദ്ധതി, ചികിത്സാസഹായം, തൊഴില്‍ പിന്തുണ എന്നിവ ബജറ്റില്‍ പ്രഖ്യാപിച്ചു.

എറണാകുളത്ത് ഷീ ലോഡ്ജ് സ്ഥാപിക്കും. വഴിയോരങ്ങള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ ഇടങ്ങളിലും പോലീസ് സ്റ്റേഷന്‍ അടക്കമുള്ള പൊതു സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്കുള്ള ടോയ്‌ലറ്റുകള്‍ സ്ഥാപിക്കും. 201819 വര്‍ഷം അയല്‍ക്കൂട്ട വര്‍ഷമായി ആചരിക്കും. കുടുംബശ്രീയ്ക്ക് പുതിയ 20 ഇന പരിപാടിക്കായി 200 കോടി വകയിരുത്തി.

സ്ത്രീ ശാക്തീകരണത്തിനായി കുടുംബശ്രീയ്ക്ക് പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിന് 5 കോടി രൂപ നീക്കിവെച്ചു. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തോടുള്ള വിവേചനം അവസാനിപ്പിക്കുന്നതിനും അവരെ മുഖ്യധാരയിലെത്തിക്കുന്നതിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി രൂപ വകയിരുത്തും.