• 24 Feb 2019
  • 11: 50 AM
Latest News arrow

മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിയുടെ നിലപാട് ഭാവിയില്‍ വര്‍ഗീയ ശക്തികള്‍ക്ക് ഗുണകരമാവും

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പോടെ സിപിഎം. ഒരു പക്ഷെ കേരളാ കോണ്‍ഗ്രസ് പോലെ കേരളത്തില്‍ മാത്രമുള്ള ഒരു പാര്‍ട്ടിയായി ചുരുങ്ങിയേക്കും. പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മറ്റിയും യച്ചൂരിയുടെ നിലപാടിനെ തള്ളി കാരാട്ടിന്റെ നയത്തെ അംഗീകരിച്ചത് വാസ്തവത്തില്‍ കേരളത്തില്‍ പാര്‍ട്ടിയുടെ നിലനില്‍പ്പിനെ മാത്രം മുന്‍ നിര്‍ത്തിയാണെന്ന് പറയണം. പാര്‍ട്ടിക്ക് സ്വാധീനമുള്ള ബംഗാള്‍ ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങള്‍ യച്ചൂരിയോടൊപ്പമായിരുന്നു.
കോണ്‍ഗ്രസിനോടുള്ള സമീപനത്തെക്കുറിച്ചായിരുന്നുവല്ലൊ തര്‍ക്കം. കോണ്‍ഗ്രസുമായി യാതൊരു തരത്തിലുള്ള മുന്നണിയോ കൂട്ടുകെട്ടോ വിട്ടു വീഴ്ചയോ പാടില്ലെന്നാണ് 31ന് എതിരെ 55 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ സിപിഎം. കേന്ദ്ര കമ്മറ്റി തീരുമാനിച്ചിട്ടുളളത്. അതായത്് കോണ്‍ഗ്രസിനെ മരുന്നിന് പോലും തൊട്ടു കൂടെന്ന്, വര്‍ഗീയ ഫാസിറ്റു ശക്തികളെ നേരിടാന്‍ കോണ്‍ഗ്രസ് ഒഴികെയുള്ള മതേതര ജനാധിപത്യകക്ഷികളുടെ ഐക്യനിര കെട്ടപ്പടുക്കണമെന്നാണ് പാര്‍ട്ടിയുടെ പുതിയ നിലപാട്. ബിജെപിയെ പരാജയപ്പെടുത്താന്‍ അതല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ലെന്നും പാര്‍ട്ടി വിശ്വസിക്കുന്നുണ്ട്. പക്ഷെ സിപിഎം രാജ്യത്ത് കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി കാണുന്ന മതേതര ജനാധിപത്യപാര്‍ട്ടികള്‍ ഏതൊക്കെയാണെന്ന് പറയുന്നില്ല.
  പോരായ്മകളും ദൗര്‍ബല്യങ്ങളും ഏറെയുണ്ടെങ്കിലും ഇന്ത്യാ മഹാരാജ്യത്ത് വേരുറച്ച, പാരമ്പര്യമുള്ള, ഭരണ പരിചയമുള്ള,  മതേതര ജനാധിപ്യത്യപാര്‍ട്ടി കോണ്‍ഗ്രസാണെന്ന് അറിയാന്‍ കവടി നിരത്തേണ്ടില്ലെന്ന്  അരിയാഹാരം കഴിക്കുന്നവര്‍ക്കൊക്കെ അറിയാം. ആ പാര്‍ട്ടിയെ അകറ്റി, തെരഞ്ഞെടുപ്പടുത്താല്‍ മാത്രം പൊട്ടിമുളയ്ക്കുന്ന ഈര്‍ക്കില്‍ കക്ഷികളോ, സംസ്ഥാനങ്ങളില്‍ നിലവിലുള്ള പ്രാദേശികപാര്‍ട്ടികളോ, വ്യക്തി താല്‍പ്പര്യങ്ങള്‍ മുന്‍ നിര്‍ത്തി പ്രതിക്ഷപ്പെടാറുള്ള ഗ്രൂപ്പുകളോ ആവണം സിപിഎം കാണുന്ന മതേതര ജനാധിപത്യപാര്‍ട്ടികള്‍. ഇവരില്‍ പല പ്രാദേശികപാര്‍ട്ടികളും പലകാലങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും ബിജെപിയോട് ഐക്യപ്പെട്ടവരാണെന്നും ഓര്‍ക്കണം.
 അതൊക്കെ മറക്കാം. പക്ഷെ  ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും മുമ്പ് ഭരിച്ചിരുന്ന കോണ്‍ഗ്രസിനും ബദലായി രൂപം കൊളളുമെന്ന്  കരുതുന്ന സിപിഎം നേതൃത്വം നല്‍കുന്ന  പുതിയ മതേതര ജനാധിപത്യമുന്നണിക്ക് കേരളമൊഴിച്ച് ഇന്ത്യയില്‍ ഏതൊക്കെ സംസ്ഥാനങ്ങളില്‍ കാലുറപ്പിക്കാനാവും?  ഒരു കാലത്ത് സിപിഎം കോട്ടയായി കരുതി പോന്ന ബംഗാളില്‍ ഇനി ഉറപ്പിക്കുന്നത് പോകട്ടെ കാല് ചവിട്ടാനാവുമോ?  ത്രിപുരയില്‍ അടുത്ത് നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പോടെ പാര്‍ട്ടിയുടെ അവസ്ഥ കണ്ടറിയാന്‍ പോകുന്നതേയുള്ളൂ. ചുരുക്കത്തില്‍ സിപിഎമ്മിന്റെ അവസ്ഥ എന്തെന്ന് 2019ലെ ലോക സഭാ തെറഞ്ഞെടുപ്പോടെ പകല്‍ പോലെ വ്യക്തമാവും. കേരളത്തിലെ 20 ലോക സഭാ സീറ്റുകളില്‍ മുഴുവന്‍ നേടിയാലും പാര്‍ട്ടിക്ക് ലോകസഭയില്‍ പാര്‍ട്ടിയുടെ  സ്ഥാനം എവിടെയാവുമെന്നും കണ്ടറിയണം.
 ഇവിടെയാണ് സിപിഎം അഖിലേന്ത്യാനേതൃത്വം കേരളഘടകത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങിയെന്ന് കരുതേണ്ടത്.  കോണ്‍ഗ്രസുമായി എന്തെങ്കിലും വിട്ടു വീഴ്ച ഉണ്ടായാല്‍ കേരളത്തില്‍ പാര്‍ട്ടിയുടെ അടിത്തറ ഇളകുമെന്ന് തീര്‍ച്ച. കാരാട്ടിനും എസ്. രാമചന്ദ്രന്‍ പിള്ളയ്ക്കും അക്കാര്യം നല്ല നിശ്ചയമുള്ളത് കൊണ്ടാണ് പോളിറ്റ്ബ്യുറോയില്‍ കോണ്‍ഗ്രസിനെ തൊട്ടുകൂടെന്ന നിര്‍ബന്ധം അംഗീകരിപ്പിച്ചതെങ്കില്‍ യെച്ചൂരിയുടെ കരട് രേഖയാണ് അംഗീകരിച്ചതെങ്കില്‍ പാര്‍ട്ടിയില്‍ ഒരു പൊട്ടിത്തറി തന്നെയുണ്ടാവുമെന്ന് കരുതുന്നവരുണ്ട്. അത് ഒഴിവാക്കാന്‍ യച്ചൂരിയും സന്നദ്ധനായെന്ന് വേണം കരുതാന്‍. ഇപ്പോള്‍ അംഗീകരിച്ചത് ഒരു കരട് രേഖയാണെന്നും പാര്‍ട്ടി കോണ്‍ഗ്രസില്‍ അത് ചര്‍ച്ചചെയ്യാന്‍ അവസരമുണ്ടെന്നുമുള്ള യച്ചൂരിയുടെ വിശദീകരണം വരികള്‍ക്കിടയില്‍ വായിച്ചാല്‍ പലതും ഊഹിക്കാനാവും. തന്റെ കരട് അംഗീകരിക്കാതിരുന്നാല്‍ പാര്‍ട്ടി ജനറല്‍സെക്രട്ടറി സ്ഥാനം ഒഴിയേണ്ടിവരുന്നമെന്ന് നേരത്തെ നല്‍കിയ മുന്നറിയപ്പില്‍ നിന്നും പുറകോട്ട് പോയത് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഈ പ്രശ്‌നം  ഉയര്‍ന്നുവരുമെന്ന് ഉറപ്പുളളത് കൊണ്ടാവണം.
 ഇതേ അവസരത്തില്‍ യച്ചൂരിയെ സ്ഥാനത്ത് നിന്നും നീക്കണമെന്ന്‌ ആഗ്രഹമുള്ളവര്‍ പോളിറ്റ് ബ്യൂറോയിലും  കേന്ദ്ര കമ്മറ്റിയിലും ഉണ്ടെന്നത് അത്ര രഹസ്യമൊന്നുമല്ല. കേരളത്തില്‍ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാന്ദനെ യച്ചൂരി പിന്‍താങ്ങുന്നത് സംസ്ഥാനത്തെ മിക്ക നേതാക്കള്‍ക്കും രസിച്ചിട്ടില്ല. അവരുടെ മനസില്‍ ചിലര്‍ക്കെങ്കിലും ദേശീയ ജനറല്‍ സെക്രട്ടറി മാറിയാല്‍ കൊള്ളാമെന്നുണ്ട് താനും.പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുന്നതോടെ പുതിയ  ജനറല്‍ സെക്രട്ടറി വരും. അത് എസ്ആര്‍ പിയോ, വൃന്ദ കാരാട്ടോ എന്നറിയാനേ ഉള്ളൂ. വൃന്ദ വന്നാല്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെചരിത്രത്തില്‍ ഒരു വനിത ജനറല്‍ സെക്രട്ടറിയാവുന്നത് അഭിമാനകരമാവും.

 രാജ്യത്ത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ശോഷിക്കരുതെന്ന് ആഗ്രഹിക്കുന്ന നിഷ്പക്ഷമതികള്‍ ധാരാളമുണ്ട്. മതേതര ജനാധിപത്യം നിലനിര്‍ത്താന്‍ ആ പാര്‍ട്ടിയുടെ നയവും പരിപാടികളും അനിവാര്യമാണെന്ന ധാരണയിലാണത്. ആ വിഭാഗത്തിന്റെ  വോട്ട് കൂടിയാണ് സിപിഎമ്മിനെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുന്നതെന്ന വസ്തുത വിസ്മരിച്ചുകൂടാ. കുറെ കൂടി വിശാലകാ്‌ഴചപ്പാടോടെ പ്രായോഗിക സമീപനത്തോടെ പാര്‍ട്ടി നീങ്ങിയില്ലെങ്കില്‍ കനത്ത തിരിച്ചടി ഉണ്ടാവും. അത് ബിജെപിക്ക് അനുകൂലവുമാവുമെന്ന് തീര്‍ച്ച.