• 24 Feb 2019
  • 11: 41 AM
Latest News arrow

നിങ്ങള്‍ക്കറിയാമോ ഫെമിനിസ്റ്റുകള്‍ ഉണ്ടാവുന്നതെങ്ങനെയെന്ന്.. ഫെമിനിച്ചികള്‍ക്ക് പിന്തുണയുമായി വനജ വാസുദേവ്

മലയാള സിനിമയിലെ രണ്ടു പ്രമുഖ നടിമാര്‍ക്ക് ഫെമിനിച്ചി പട്ടം നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. എന്നാല്‍ തെറിവിളിക്കുന്നവര്‍ക്ക് അറിയുമോ ഒരു സ്ത്രീയുടെ ജീവിതം എന്താണെന്ന് എന്ന ചോദ്യവുമായെത്തിയിരിക്കുകയാണ് വനജ വാസുദേവ് എന്ന എഴുത്തുകാരി. ഫെയ്‌സ്ബുക്കില്‍ അവര്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്.

കസബ യിലെ സ്ത്രീ വിരുദ്ധതയും പുലിമുരികനിലെ സ്ത്രീ കഥാപാത്രങ്ങളെ മോശമായി ചിത്രീകരിച്ചെന്നും തുറന്നുപറഞ്ഞ ഈ മലയാള നടിമാര്‍ക്കെതിരെ സൈബര്‍ ലോകം ആഞ്ഞടിക്കുകയാണ്. എന്നാല്‍, ഒരാള്‍ ഫെമിനിസ്റ്റാകുന്നതെങ്ങനെയെന്ന് സ്വന്തം ജീവിതാവസ്ഥകളിലൂടെ തുറന്നു പറയുകയാണ് വനജ.  

വനജയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പ്രസക്തഭാഗങ്ങള്‍

അവള്‍ ഭര്‍ത്താവില്ലാത്തവള്‍ എന്ന് പറയുമ്പോഴും അമ്മയുടെ പരിമിതിയില്‍ നിന്ന് കൊണ്ട് അമ്മ നല്ലപോലെ ഞങ്ങളെ നോക്കിയിട്ടുണ്ട്. ഇന്നും എന്റെ കുടുംബത്തിന്റെ പല കാര്യങ്ങളും സ്വയം ഏറ്റെടുത്തു നടത്താനും, പല കാര്യങ്ങള്‍ വേണ്ട പോലെ തീരുമാനം എടുത്തു ചെയ്യാനും എനിക്ക് കഴിയുന്നുണ്ട്. പക്ഷെ അതിന്റെ പൂര്‍ണത സമൂഹത്തിന് ബോധ്യപ്പെടണമെങ്കില്‍ അവിടെ എനിക്ക് പകരം ആണുങ്ങളെ നിര്‍ത്തണം. അതാണ് കീഴ് വഴക്കം. അവ സമൂഹം അംഗീകരിക്കണം എങ്കില്‍ ചെയ്തത് ഞാനെങ്കിലും എന്റെ അനിയനോ ചേട്ടനോ പറയണം. അവര്‍ക്ക് പിറകില്‍ നിശബ്ദയായി നില്‍ക്കാനേ പലപ്പോഴും എനിക്ക് കഴിയൂ...എന്തിന് പെണ്ണെന്ന ഒറ്റ കാരണം കൊണ്ട് വലിയൊരു ഡെസിംഗ്‌നേഷനില്‍ ഇരുന്നിട്ടും ശബ്ദ്ദം ഉറച്ചൊന്ന് പറഞ്ഞാല്‍ മുറിയുന്ന 'ആണ്‍ ഈഗോയ്ക്ക് മുന്നില്‍ നിസ്സഹായയായി, കരുതലോടെ നില്‍ക്കേണ്ടി വരുന്നു. എന്തിലും ഒരുപാടൊരുപാട് ചോദ്യങ്ങളെ നേരിടേണ്ടി വരുന്നു. ആരൊക്കെയോ എന്തൊക്കെയോ വായിച്ച് എന്നെ അവസാനിപ്പിക്കുന്നു.

എനിക്കറിയില്ല ഇത് എന്റെ മാത്രമാണോ അതോ, ഓരോ പെണ്ണിന്റെയും അവസ്ഥ ഇങ്ങനെ ആണെന്നോ? അങ്ങനെ എങ്കില്‍ എല്ലാത്തിന്റെയും നോവ് ഒന്നാണ്. ''എന്തുകൊണ്ടാണ് ഞാന്‍'' എന്ന ചോദ്യവും ഒന്നാണ്. 
നിങ്ങള്‍ക്കറിയാമോ തിരസ്‌കരിക്കപ്പെടുന്നിടത്ത് നിന്നാണ് ഓരോ ഫെമിനിസ്റ്റും ഉണ്ടാവുന്നുണ്ട് . ആത്മാഭിമാനം മുറിപ്പെടുന്നിടത്ത് നിന്നും ഓരോ ഫെമിനിസ്റ്റും ഉണ്ടാവുന്നുണ്ട്. പൊരുതി നിന്ന് ആത്മവിശ്വാസം ഒന്ന് കൊണ്ട് മാത്രം ജീവിക്കേണ്ടി വരുന്നിടത്ത് നിന്ന് ഓരോ ഫെമിനിസ്റ്റും ഉണ്ടാവുന്നുണ്ട്. സങ്കങ്ങളെല്ലാം ഉള്ളിലൊതുക്കി സന്തോഷം അഭിനയിക്കേണ്ടി വരുമ്പോള്‍, ഒറ്റയ്ക്ക് മിണ്ടി വയ്യാണ്ടാകുമ്പോള്‍ ഓരോ ഫെമിനിസ്റ്റും ഉണ്ടാവുന്നുണ്ട്.

നിങ്ങള്‍ അറിയാതെ നിങ്ങള്‍ക്കിടയില്‍, കൈയ്യെത്തും ദൂരത്ത്, വീടിനകത്ത് ഇത്തരത്തില്‍ ഫെമിനിസ്റ്റുകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നുണ്ട്. മൂടും, മുലയും, യോനിയും, മുള്ളുമുരിക്ക്  കഴപ്പ്, അടിപ്പ്, വെടിവയ്പ്പ്, ഇവയൊക്കെ ഒറ്റയ്ക്കും കൂട്ടമായും വിളിച്ച് പേടിപ്പിക്കാന്‍ നോക്കിയും, കട്ടികണ്ണടയും ബുജിലുക്കും,മൂക്കൂത്തിയും,ഉയര്‍ത്തി കെട്ടിയ തലമുടിയും ലക്ഷണങ്ങള്‍ വച്ച് 'ഫെമിനിച്ചി' എന്ന് മറ്റുള്ളവരെ പുച്ഛിച്ചു തള്ളുമ്പോള്‍ ആ വിളി കേള്‍ക്കുന്ന ഇവര്‍ മനസ്സ് കൊണ്ട് ചിരിക്കുന്ന ഒരു ചിരിയുണ്ട് . നിങ്ങള്‍ കൊടുക്കുന്നതിന് ഇരട്ടി പുച്ഛം തിരികെ തരുന്ന ബൂമറാങ് ചിരികള്‍.