കാനഡയില്‍ അന്തരീഷം മൈനസ് 30 ഡിഗ്രി; നയാഗ്രാ വെള്ളച്ചാട്ടം നിശ്ചലമായേക്കും..

ഡിസംബര്‍ 30 ന് 30 ഡിഗ്രി വരെ അന്തരീഷ താപനില താഴ്ന്നിരുന്ന കാനഡയില്‍ ഇപ്പോഴും ചില ഇടങ്ങളില്‍ താപനില 40 ഡിഗ്രിയാണ്. ഈ അതിശൈത്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ നയാഗ്ര നിശ്ചലമാകുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ നില തുടര്‍ന്നാല്‍ ജനുവരി പകുതിയോടെ വെള്ളച്ചാട്ടം തണുത്തുറഞ്ഞു മഞ്ഞുകട്ടകളായി മാറുമെന്നാണ് വിലയിരുത്തുന്നത്. ആര്‍ട്ടിക്കില്‍ നിന്നുള്ള ശക്തമായ ശീതക്കാറ്റാണ് താപനില ഇത്രയധികം താഴാന്‍ കാരണം.
2014ല്‍ നയാഗ്രാ വെള്ളച്ചാട്ടം തണുത്തുറഞ്ഞ് നിശ്ചലമായിരുന്നു. 1993 നു ശേഷമുള്ള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ശൈത്യമാണ് കാനഡയിലെ പലയിടങ്ങളിലും അനുഭവപ്പെടുന്നത്.
ഇതോടെ കാനഡയിലെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. തിളച്ച വെള്ളം അന്തരീക്ഷത്തിലേക്ക് തളിക്കുമ്പോള്‍ ഐസായി മാറുകയാണ് ചെയ്യുന്നത്. ഇങ്ങനെ തിളപ്പിച്ച വെള്ളം നിമിഷങ്ങള്‍ക്കുള്ളില്‍ തണുത്തുറയുന്ന തരത്തിലാണ് കാനഡയിലെ ഇപ്പോഴത്തെ അന്തരീക്ഷ താപനില. ആര്‍ട്ടിക്കിനു സമീപപ്രദേശങ്ങളിലെ കാലാവസ്ഥക്ക് തുല്യമാണിത്.
കൂടാതെ പ്രകൃതിയേയും ജീവജാലങ്ങളേയും അതിശൈത്യം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സ്രാവുകള്‍ പോലും ജീവനറ്റു മരവിച്ചു തീരത്തടിയുകയാണിവിടെ. ത്രെഷര്‍ ഷാര്‍ക്ക് ഇനത്തില്‍ പെട്ട മുപ്പതോളം സ്രാവുകള്‍ കൂട്ടത്തോടെ കേപ് കോഡ് തീരത്തടിയുകയും, ഗ്രേറ്റ് വൈറ്റ് സ്രാവുകളടക്കമുള്ള മറ്റു ചില സ്രാവുകളും ഇങ്ങനെ മരവിച്ചു തീരത്തെത്തിയതായി കണ്ടെത്തിയതോടെയാണ് ഗവേഷകര്‍ അത് ശൈത്യത്തിന്റെ കാഠിന്യം ജീവജാലങ്ങളെ എങ്ങനെ ബാധിച്ചെന്ന് തിരിച്ചറിഞ്ഞത്.
സ്രാവുകളുടെ ഈ കൂട്ടത്തോടെയുള്ള മരണം ഗൗരവത്തോടെ നിരീക്ഷിച്ചതും ഇക്കാര്യം പുറം ലോകത്തെ അറിയിച്ചതും അറ്റ്ലാന്റിക് വൈറ്റ് ഷാര്‍ക്ക് കണ്സേര്വന്സിയാണ്. പെട്ടെന്നു താപനിലയില്‍ ഇടിവുണ്ടാകുമ്പോള്‍ മനുഷ്യരുള്‍പ്പടെ എല്ലാ ജീവികളുടെയും പേശികള്‍ തണുത്തു ഉറഞ്ഞു പോവുകയും ഒപ്പം തന്നെ ഹൃദയസ്തംഭനം ഉണ്ടാവുകയും ചെയ്യും. കോള്‍ഡ് ഷോക്ക് എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്.