• 01 Oct 2023
  • 08: 33 AM
Latest News arrow

സിഡ്‌നി ടെസ്റ്റ് നാളെ: ജോണ്‍സന് പകരം സ്റ്റാര്‍ക്

സിഡ്‌നി: സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യയ്‌ക്കെതിരെ അവസാന ടെസ്റ്റില്‍ ചൊവ്വാഴ്ച കളിക്കാനിറങ്ങുന്ന ഓസ്‌ട്രേല്യന്‍ കളിക്കാര്‍, തങ്ങളെ വിട്ടു പിരിഞ്ഞ കൂട്ടുകാരന്‍ ഫില്‍ ഹ്യൂസിന്റെ ഓര്‍മകള്‍ തിങ്ങിവിങ്ങുന്ന മനസ്സുകളോടെയാവും കളിക്കാനിറങ്ങുക. നവംബര്‍ 25ന് ഇതേ ഗ്രൗണ്ടില്‍ ഷെഫീല്‍ഡ് ഷീല്‍ഡില്‍ കളിക്കവേയാണ് ഹ്യൂസ് പന്തു കൊണ്ട് മരിച്ചത്.  ക്രിക്കറ്റ് മനസ്സിലുണ്ടായാലും അത്ര പെട്ടെന്ന് എങ്ങനെയാണ് വേദന നിറഞ്ഞ ഒരു വേര്‍പാട് മനസ്സില്‍ നിന്ന് നീക്കാനാവുക?

ഹ്യൂസ് സൗത്ത ്ഓസ്‌ട്രേല്യക്കു വേണ്ടി ബാറ്റു ചെയ്യുകയായിരുന്നു. അദ്ദഹം പന്തു കൊണ്ട് നിലത്തു വീഴുമ്പോള്‍ ടെസ്റ്റ് ടീമിലെ നാലു കളിക്കാര്‍ വാട്‌സന്‍, ഹാഡിന്‍, നേതന്‍ ലയണ്‍, വാര്‍ണര്‍, സ്റ്റാര്‍ക് എന്നിവര്‍ ന്യൂസൗത്ത് വെയില്‍സിനു വേണ്ടി തൊട്ടടുത്ത തന്നെ ഫീല്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. ആ സംഭവത്തിനു ശേഷം ആദ്യമായാണ് ഓസ്‌ട്രേല്യന്‍ ടീം എസ്‌സിജിയില്‍ കളിക്കാനിറങ്ങുന്നത്.

പരമ്പര ജയിച്ച കഴിഞ്ഞ സ്ഥിതിക്ക് ഓസ്‌ട്രേല്യന്‍ കളിക്കാര്‍ക്ക് ഒരു പക്ഷെ ഹ്യൂസിന്റെ സ്മരണകള്‍ ശാന്തമായി അയവിറക്കാനാവും. എന്നാലും കളിയുടെ തീവ്രതയ്ക്ക് കുറവുണ്ടാകാനിടയില്ല. അവസാന ടെസ്റ്റില്‍ കോലിയുടെ നേതൃത്വത്തില്‍ കളിക്കുന്ന ഇന്ത്യ മുന്‍മത്സരങ്ങളിലെന്ന പോലെ ആഞ്ഞു പൊരുതും എന്നു തന്നെ കരുതണം.

ഓസ്‌ട്രേല്യ ടീമില്‍ പ്രതീക്ഷിച്ചതു പോലെ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. പരിക്കേറ്റ മിച്ചല്‍ ജോണ്‍സന് പകരം ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക് ആയിരിക്കും കളിക്കുക. 2011 ല്‍ തുടര്‍ച്ചയായി രണ്ടു ടെസ്റ്റ് കളിച്ച സ്റ്റാര്‍കിന് പിന്നീട് അതു പോലെ ടീമില്‍ തുടര്‍ച്ചയായി സ്ഥാനം നേടാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ ടീമിലും മാറ്റം പ്രതീക്ഷിക്കുന്നു. കെഎല്‍ രാഹുലിന് പകരം സുരേഷ് റൈന കളിക്കാനാണ് ഒരു സാധ്യത. അതേ സമയം ശിഖര്‍ ധവാനെ ഒഴിവാക്കുകയാണെങ്കില്‍ രാഹുല്‍ ഓപ്പണറായി കളിച്ചേക്കാം. രണ്ടു സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ ആലോചനയില്ലെങ്കില്‍  ഷമിക്കു പകരം വരുണ്‍ ആറണ്‍ കളിച്ചേക്കാം. മറ്റ് ഗ്രൗണ്ടുകളെ അപേക്ഷിച്ച് സ്പിന്നിനെ തുണക്കുന്ന പിച്ചാണ് സിഡ്‌നിയിലേത്. പരമ്പര നന്നായി അവസാനിപ്പിക്കാന്‍ ഇത് ഇന്ത്യക്ക് ഒരവസരമാണ്. സിഡ്‌നിയില്‍ തോറ്റാല്‍ ഇന്ത്യ സ്ഥാനക്രമത്തില്‍ ഏഴാം സ്ഥാനത്തേക്ക് താഴും.