• 22 Sep 2023
  • 02: 43 AM
Latest News arrow

ചരിത്രം കുറിച്ച് ഇന്ത്യ; തുടര്‍ച്ചയായ ഒമ്പതാം പരമ്പര വിജയം

ന്യൂഡല്‍ഹി: ഫിറോസ് ഷാ കോട്‌ലയില്‍ ചരിത്ര വിജയം കുറിച്ച് ഇന്ത്യ. ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ ഒമ്പതാം വിജയം നേടി ഇന്ത്യ ലോക റെക്കോര്‍ഡ് സ്വന്തമാക്കി. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ കലാശിച്ചതോടെ 1-0ത്തിന് മൂന്ന് മത്സര പരമ്പര ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. 

2015 ലെ ശ്രീലങ്കന്‍ പര്യടനം മുതലാണ് ഇന്ത്യ ടെസ്റ്റ് പരമ്പരകള്‍ തുടര്‍ച്ചയായി ജയിച്ചു തുടങ്ങുന്നത്. ഇപ്പോള്‍ ചരിത്ര വിജയം കുറിച്ചതും ശ്രീലങ്കയ്‌ക്കെതിരെ തന്നെ. മൂന്നിന് 53 എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക കളിയവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സ് എന്ന നിലയിലായിരുന്നു. നേരത്തെ രണ്ടാം ഇന്നിങ്‌സില്‍ അഞ്ചിന് 246 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഇന്ത്യ, 410 റണ്‍സിന്റെ കൂറന്‍ വിജയലക്ഷ്യമാണ് ലങ്കയ്ക്ക് മുമ്പില്‍ ഉയര്‍ത്തിയത്. 

219 പന്തുകളില്‍ നിന്ന് 15 ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 119 റണ്‍സ് നേടിയ ഡിസില്‍വ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. ഡിസില്‍വയ്‌ക്കൊപ്പം 154 പന്തില്‍ നിന്ന് 74 റണ്‍സ് നേടി പുറത്താകാതെ നിന്ന് റോഷന്‍ സില്‍വയും ലങ്കന്‍ പോരാട്ടത്തിന് ചുക്കാന്‍ പിടിച്ചു. ഡിസില്‍വ പരുക്കേറ്റ് മടങ്ങിയ ശേഷം നിരോഷന്‍ ഡിക്ക് വെല്ലയെ കൂട്ടുപിടിച്ച് റോഷന്‍ ലങ്കയെ സുരക്ഷിത തീരത്തെത്തിച്ചു.രണ്ട് വിക്കറ്റുകള്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ ഇന്നലെ വീണത്. എയ്ഞ്ചലോ മാത്യൂസും നായകന്‍ ദിനേഷ് ചണ്ഡിമലും. 

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയാണ് കളിയിലെയും പരമ്പരയിലേയും താരം. പരമ്പരയിലാകെ 610 റണ്‍സ് കോഹ്ലി നേടി.