• 23 Sep 2023
  • 03: 26 AM
Latest News arrow

ഏഷ്യാകപ്പ് വനിതാ ഹോക്കി കിരീടം ഇന്ത്യയ്ക്ക്; ചൈനയെ തകര്‍ത്തു, ലോകകപ്പിന് യോഗ്യത

കാകമിഗഹാര (ജപ്പാന്‍): ഏഷ്യകപ്പ് ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ചൂടി ഇന്ത്യന്‍ വനിതകള്‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ചൈനയെ 5-4ന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. 13 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ വനിതകള്‍ ഏഷ്യാകപ്പ് ഹോക്കിയില്‍ കിരീടം ചൂടുന്നത്. 2004 ല്‍ നടന്ന ആ മത്സരത്തില്‍ ജപ്പാനെ 1-0ത്തിന് തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ വിജയം. ഈ വിജയത്തോടെ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് ഹോക്കിയിലേക്ക് ഇന്ത്യന്‍ ടീം യോഗ്യത നേടി.

2009 ഏഷ്യാകപ്പില്‍ കലാശപ്പോരാട്ടത്തില്‍ ഇന്ത്യ ചൈനയോട് പരാജയപ്പെട്ടിരുന്നു. അതിന്റെ മധുര പ്രതികാരം കൂടിയായി ഈ വിജയം. ഒരു മാസം മുമ്പ് ഇന്ത്യന്‍ പുരുഷ ടീമും ഏഷ്യാകപ്പ് ഹോക്കി കിരീടം സ്വന്തമാക്കിയിരുന്നു. വനിതാ ടീമും കപ്പുയയര്‍ത്തിയതോടെ ഏഷ്യന്‍ വന്‍കരയില്‍ ഇന്ത്യന്‍ ഹോക്കി ആധിപത്യം ഉറപ്പിച്ചു.

മത്സരത്തിലുടനീളം ഇരു ടീമുകളും ഓരോ ഗോളടച്ച് സമനില പാലിക്കുകയായിരുന്നു. 25-ാം മിനിറ്റില്‍ നവ്‌ജോത് കൗറിന്റെ ഗോളില്‍ ഇന്ത്യയാണ് ലീഡ് നേടിയത്. എന്നാല്‍ 47-ാം മിനിറ്റില്‍ ചൈനയ്ക്ക് അനുകൂലമായി ലഭിച്ച പെനല്‍റ്റി കോര്‍ണര്‍ ട്യാന്‍ടിയാന്‍ ലുവോ ഗോളാക്കി മാറ്റി. ഷൂട്ടൗട്ടിലും ഇരു ടീമുകളും 4-4ന് സമനില പാലിച്ചു. തുടര്‍ന്ന് മത്സരം സഡന്‍ഡെത്തിലേക്ക്. ഇന്ത്യയ്ക്കായി റാണി ഗോളടിച്ചപ്പോള്‍ ചൈനീസ് താരത്തിന് അവസരം പാഴാക്കി. ഇതോടെ 5-4ന് ഇന്ത്യ വിജയം സ്വന്തമാക്കി. 

തോല്‍വി അറിയാതെയാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. ടൂര്‍ണമെന്റിലാകെ 28 ഗോളുകള്‍ ഇന്ത്യ കരസ്ഥമാക്കി. എട്ട് ഗോളുകള്‍ നേടിയ ഗുര്‍ജിത് കൗറാണ് ടോപ് സ്‌കോറര്‍.