• 01 Oct 2023
  • 08: 27 AM
Latest News arrow

ജോണ്‍സണ്‍ കളിക്കില്ല

 സിഡ്‌നി: ഇന്ത്യയുമായുള്ള അവസാന ടെസ്റ്റില്‍ ഓസ്‌ട്രേല്യയുടെ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ ജോണ്‍സണ്‍ കളിക്കില്ല.പരിക്കേറ്റതിനെ തുടര്‍ന്നാണിത്.പരമ്പര ജയിച്ചു കഴിഞ്ഞ ഓസ്‌ട്രേല്യക്ക് ജോണ്‍സനെ കുഴപ്പത്തില്‍ ചാടിക്കാന്‍ ആഗ്രഹമില്ല.അതേ സമയം ഇംഗ്ലണ്ട് കൂടി ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര മത്സരത്തില്‍ ജോണ്‍സന് കളിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു.ജോണ്‍സന് പകരം ടെസ്റ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്കോ പീറ്റര്‍ സിഡിലോ ആവും കളിക്കുക.ഷെയ്ന്‍ വാട്‌സന്റെ മോശം ഫോം ഒഴിച്ചാല്‍ ഓസ്‌ട്രേല്യക്ക് മറ്റ് സെലക്ഷന്‍ പ്രശ്‌നങ്ങളില്ല.ചൊവ്വാഴ്ചയാണ് ടെസ്റ്റ് തുടങ്ങുന്നത്.
          പരമ്പര ഓസ്‌ട്രേല്യ ജയിച്ചുവെങ്കിലും ടീമിന്റെ പൂര്‍ണ ചുമതല ഏറ്റെടുത്ത് വിരാട് കോലിയുടെ ഇന്ത്യ എങ്ങനെ കളിക്കുമെന്നത് എല്ലാവരും താല്പര്യപൂര്‍വം ഉറ്റു നോക്കുന്നു.ഒന്നാം ഇന്നിങ്‌സുകളില്‍ നാനൂറിലധികം റണ്‍സ് എടുക്കുന്ന ഇന്ത്യ പക്ഷേ 20 വിക്കറ്റെടുക്കാന്‍ കെല്പുണ്ടെന്ന് തെളിയിച്ചിട്ടില്ല.മുന്‍ ഓസ്‌ട്രേല്യന്‍ ക്യാപ്‌ററ്ന്‍ ഇയാന്‍ ചാപ്പല്‍ ഇതു കാരണം ഇന്ത്യ അഞ്ചു ബൗളര്‍മാരെ കളിപ്പിക്കണമെന്ന് ശൂപാര്‍ശ ചെയ്യുന്നു.മൂന്ന് ഫാസ്റ്റ ബൗളര്‍മാരും രണ്ടു സ്പിന്നര്‍മാരുമാണ് അദ്ദേഹത്തിന്റെ കണക്ക്.
          അതേ സമയം പിച്ചുകള്‍ വേഗത കുറഞ്ഞിട്ടുണ്ടെന്ന് ഓസ്‌ട്രേല്യന്‍ ഫാസ്റ്റ് ബൗളര്‍ റയന്‍ ഹാരിസ് പരാതിപ്പെടുകയുണ്ടായി.2013 ല്‍ ഓസ്‌ട്രേല്യ ഇംഗ്ലണ്ടിനെ വിറപ്പിച്ചതു പോലുള്ള പിച്ചുകളല്ല ഇവ.തങ്ങളുടെ ബൗളര്‍മാരെ തുണക്കുന്ന പിച്ചുകള്‍ ഒരുക്കേണ്ടിയിരുന്നു എന്നാണ് ഹാരിസിന്റെ പക്ഷം

സ്‌കോര്‍ നില 20 ആണെങ്കിലും ഏകപക്ഷീയമായിരുന്നില്ല പരമ്പര. കളിക്കാര്‍ തമ്മിലുള്ള ഉരസല്‍ കളിയുടെ ചൂട് വര്‍ധിപ്പിച്ചിരുന്നു. ഏതായാലും തോറ്റു തൊപ്പിയിട്ട ടീമായിട്ടല്ല വിരാട് കോലിയുടെ നേതൃത്വത്തില്‍ സിഡ്‌നിയില്‍ ഇന്ത്യന്‍ ടീം കളിക്കാനിറങ്ങുക. പരാജയ ഭീതിയോടെ കളിക്കാന്‍ തയ്യാറല്ല എന്നതാണ് ടീമിനെ നയിക്കുന്നവര്‍ നല്‍കുന്ന സന്ദേശം. പുതിയ ക്യാപ്റ്റന്റെയും ടീം ഡയരക്ടറായ രവി ശാസ്ത്രിയുടെയും ചിന്താഗതി അതാണ്. ഭാവിയിലേക്ക് പ്രയോജനം ചെയ്യുമെങ്കില്‍ നാലു ടെസ്റ്റും തോല്‍ക്കുകയാണെങ്കില്‍ പോലും ആശങ്കപ്പെടേണ്ടതില്ല എന്ന് ശാസ്ത്രി കരുതുന്നു. ഈ സാഹചര്യത്തിലാണ്  കോലിശാസ്ത്രി സഖ്യത്തിന്റെ വര്‍ധിച്ചു വരുന്ന സ്വാധീനം ധോണിയുടെ വിടവാങ്ങലിനെ വേഗത്തിലാക്കി എന്ന്  പലരും കരുതുന്നത്.

ശിഖര്‍ ധവാന്‍, പൂജാര എന്നിവരുടെ കളി ഇന്ത്യക്ക് തൃപ്തികരമായിട്ടില്ല. സാങ്കേതികമായ തിരുത്തലുകള്‍ പൂജാരയ്ക്ക് നടത്തേണ്ടി വരും. ധവാന് സ്ഥാനം നഷ്ടപ്പെടുകയാണെങ്കില്‍ പകരം രാഹുല്‍ ഓപ്പണറായി  മധ്യനിരയില്‍ സുരേഷ് റൈന കടന്നു വന്നേക്കാം. ധാരാളം റണ്‍സ് വഴങ്ങിയ ബൗളിങ് നിരയിലും മാറ്റം പ്രതീക്ഷിക്കുന്നു. രണ്ടു സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ഗുജറാത്തുകാരനായ ഇടങ്കൈ സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍ ടീമില്‍ ഇടം നേടിയേക്കാം. അപ്പോള്‍ യാദവിനോ ഷമിക്കോ പുറത്തിരിക്കേണ്ടി വരും
അവസാന ടെസ്റ്റ് വരെ താല്പര്യം നിലനിര്‍ത്തുന്ന എന്നതാണ് ഈ പരമ്പരയുടെ സവിശേഷത. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് പ്രവേശിക്കുമ്പോള്‍ ഓസ്‌ട്രേല്യന്‍ കളിക്കാരുടെ മനസ്സില്‍ തങ്ങളെ വിട്ടുപോയ കൂട്ടുകാരന്‍ ഫില്‍ ഹ്യൂസിന്റെ ചിത്രമുണ്ടാവും. ഇവിടെ കളിക്കുമ്പോഴാണ് ഹ്യൂസ് പന്തു കൊണ്ട് മരണത്തിന് കീഴടങ്ങിയത്.