• 21 Jul 2017
  • 12: 06 AM
Latest News arrow

നടിയെ ആക്രമിച്ച കേസ്; മുകേഷിന്റെയും അന്‍വര്‍ സാദത്തിന്റെയും മൊഴി രേഖപ്പെടുത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുകേഷിന്റെയും അന്‍വര്‍ സാദത്തിന്റെയും  മൊഴിയെടുത്തു. പള്‍സര്‍ സുനിയുമായുള്ള ബന്ധത്തെക്കുറിച്ചാണ് തന്നോട് ചോദിച്ചതെന്ന് മുകേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി തിരുവനന്തപുരത്ത് എത്തിയപ്പോയാണ് ഇരുവരുടേയും മൊഴി പോലീസ് രേഖപ്പെടുത്തിയത്. 
പള്‍സര്‍ സുനിയെ അടുത്തറിയാമെന്ന് മുകേഷ് മൊഴി നല്‍കിയിട്ടുണ്ട്. സുനിക്ക് തന്റെ വീട്ടുകാരേയും പരിചയമുണ്ട്. ഒരു വര്‍ഷം തന്റെ ഡ്രൈവറായിരുന്നു സുനി. നടി ആക്രമിക്കപ്പെട്ട സംഭവമറിഞ്ഞത് മാധ്യമങ്ങളില്‍ നിന്നാണെന്നും  മുകേഷ് മൊഴി നല്‍കിയിട്ടുണ്ട്. 
അന്‍വര്‍ സാദത്തിന്റെയും പി.ടി തോമസ് എംഎല്‍എയുടെയും മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും മുകേഷിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുള്ളത് അപ്രതീക്ഷിതമായിട്ടാണ്.

നടന്‍ ദിലീപുമായി അന്‍വര്‍ സാദത്തിനുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചറിഞ്ഞ പോലീസ് ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും എംഎല്‍എയുടെ വിദേശസന്ദര്‍ശനങ്ങളെക്കുറിച്ചും ചോദ്യങ്ങള്‍ ആരാഞ്ഞു. നടി ആക്രമിക്കപ്പെട്ട ദിവസങ്ങളില്‍ ദിലീപിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിരുന്നോ പള്‍സര്‍ സുനിയുമായി പരിചയമുണ്ടോ തുടങ്ങിയ കാര്യങ്ങളിലും അന്വേഷണസംഘം അന്‍വര്‍ സാദത്തില്‍ നിന്ന് ചോദിച്ചറിഞ്ഞതായാണ് സൂചന.