• 22 Sep 2017
  • 08: 05 AM
Latest News arrow

ശശികലയുടെ ജയിലിലെ സുഖവാസം തുറന്നുകാട്ടിയ വനിതാ ഡിഐജിക്ക് സ്ഥലംമാറ്റം

ബംഗ്ലൂരു: എഡിഎംകെ നേതാവ് വികെ ശശികല തടവില്‍ കഴിയുന്ന പരപ്പന അഗ്രഹാര ജയിലിലെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്ന വനിതാ ഡിഐജിക്ക് സ്ഥലംമാറ്റം. ഡിഐജി ഡി രൂപയെയാണ് കര്‍ണാടക സര്‍ക്കാര്‍ സ്ഥലം മാറ്റിയത്. ബംഗ്ലൂരു സെന്‍ട്രല്‍ ജയിലിലേക്കാണ് സ്ഥലം മാറ്റിയിട്ടുളളത്. 

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പരപ്പന ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന അണ്ണാഡിഎംകെ നേതാവ് ശശികല, ബന്ധു ഇളവരശി എന്നിവര്‍ക്ക് ജയിലില്‍ പ്രത്യേക പരിഗണന നല്‍കുന്നുവെന്ന് ഡിഐജി ചൂണ്ടിക്കാട്ടിയിരുന്നു. ജയില്‍ സന്ദര്‍ശനം നടത്തിയ ശേഷമുളള റിപ്പോര്‍ട്ടിലാണ് ഇവര്‍ക്കായി പ്രത്യേക അടുക്കളയും ആഹാരം പാകം ചെയ്യുന്നതിന് പ്രത്യേകം ആളുകളും ഉളളതായി വ്യക്തമാക്കുന്നത്.

ഇതിനായി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് രണ്ടുകോടി രൂപ വാഗ്ദാനം ചെയ്‌തെന്നും സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ഡിഐജി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഡിഐജിയുടെ ആരോപണങ്ങള്‍ ജയില്‍ എഡിജിപി എച്ച് എന്‍ സത്യനാരായണ റാവു തളളിയിരുന്നു. ജയില്‍ മേധാവിയായ സത്യനാരായണ റാവു ഉള്‍പ്പടെപ്രതിസ്ഥാനത്ത് നിര്‍ത്തുന്നതായിരുന്നു റിപ്പോര്‍ട്ട്.