• 20 Jul 2017
  • 11: 22 PM
Latest News arrow

ദിലീപിന്റെ ജാമ്യഹര്‍ജി വ്യാഴാഴ്ചത്തേക്കു മാറ്റി...മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനക്ക്...

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്കു മാറ്റിവെച്ചു. കേസ് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാരിന് വേണ്ടി ഹാജരായ ഡയറക് ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരാണ് ഇക്കാര്യം അറിയിച്ചത്.

കേസ് പഠിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോടതി വ്യാഴാഴ്ച്ച വാദം കേള്‍ക്കാന്‍  തീരുമാനിച്ചത്. റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന് വേണ്ടി അഭിഭാഷകന്‍ രാംകുമാര്‍ ഇന്ന് രാവിലെയാണ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. ഗൂഡാലോചന ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത ദിലീപിനെതിരെ തെളിവുകളൊന്നുമില്ലെന്നായിരുന്നു ജാമ്യഹര്‍ജിയിലെ പ്രധാന വാദം സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അടിസ്ഥാനരഹിതമാണ്. അറസ്റ്റ് തന്നെ സംശയത്തിന്റെ അടിസ്ഥാനത്തിലാണെന്നും ഹർജിയിൽ‌ പറയുന്നു.

അതേസമയം കേസിലെ നിര്‍ണായക തെളിവാണെന്ന് കരുതുന്ന മെമ്മറി കാര്‍ഡ് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ അഭിഭാഷകനില്‍ നിന്നാണ്പൊലീസ് മെമ്മറി കാര്‍ഡ് പിടിച്ചെടുത്തിട്ടുള്ളത്. നിലവില്‍ ഇതില്‍ ദൃശ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇന്നലെയാണ് പ്രതീഷ് ചാക്കോയുടെ ജൂനിയറായ അഡ്വ. രാജു ജോസഫിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കണ്ടെടുത്ത മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. മുഖ്യപ്രതി പള്‍സര്‍ സുനി നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ദിലീപിനെ ഏല്‍പിക്കാന്‍ കൈമാറിയ അഡ്വ.പ്രതീഷ് ചാക്കോ ഇപ്പോഴും ഒളിവിലാണ്.