• 21 Jul 2017
  • 12: 06 AM
Latest News arrow

സ്വകാര്യ ആശുപത്രികളില്‍ ജോലിക്ക് പോകാനാകില്ല...; കണ്ണൂര്‍ കളക്ടറുടെ ഉത്തരവിനെതിരെ നഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

കണ്ണൂര്‍: നഴ്‌സുമാര്‍ നടത്തുന്ന സമരത്തെ നേരിടാന്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ആശുപത്രികളില്‍ ജോലിക്ക് എത്തണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. ഉത്തരവിനെതിരെ പരിയാരം സഹകരണ നഴ്‌സിംഗ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുകയാണ്. സ്വകാര്യ ആശുപത്രികളില്‍ ജോലിക്ക് പോകാനാവില്ലെന്നും ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. 

നഴ്‌സിങ് കോളജുകളിലെ അധ്യാപകരുടെ മേല്‍നോട്ടത്തിലാണ് വിദ്യാര്‍ഥികള്‍ ജോലി ചെയ്യുന്നത്. കലക്ടറുടെ കര്‍ശന നിര്‍ദേശമുള്ളതിനാല്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് നഴ്‌സിങ് കോളജുകളില്‍ ക്ലാസുണ്ടാവുക. സമരത്തില്‍ പങ്കെടുക്കാത്ത നഴ്‌സുമാരും ജോലികള്‍ക്കെത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 19 ദിവസമായി സമരം തുടരുന്നതുകാരണം സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. അതിനാലാണ് ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി തുടങ്ങിയവയിലും വിദ്യാര്‍ഥികളെ ജോലിക്ക് നിയോഗിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ സമരം തുടരുകയാണ്.