• 22 Sep 2017
  • 08: 07 AM
Latest News arrow

മറിയം മിര്‍സാഖാനി ഗണിത നൊബേല്‍ നേടിയ ആദ്യവനിത

നൊബേല്‍ സമ്മാനമില്ലാത്ത ഗണിതശാസ്ത്രത്തിന്റെ നൊബേലാണ് ഫീല്‍ഡ് മെഡല്‍. നാലു വര്‍ഷത്തിലൊരിക്കല്‍ പ്രഖ്യാപിക്കുന്ന ഈ മെഡല്‍ നേടിയ ആദ്യ വനിതയാണ് മറിയം മിര്‍സാഖാനി. 

അക്കങ്ങളേക്കാള്‍ അക്ഷരങ്ങളോടായിരുന്നു മിര്‍സാഖാനിക്ക് പ്രിയം. ഏറെ വായിക്കുമായിരുന്നെങ്കിലും കണക്ക് അത്ര എളുപ്പ വിഷയമായിരുന്നില്ല. പിന്നീട് കണക്കിലെ കളികള്‍ മനസിലാക്കിയതോടെ സൂത്രവാക്യങ്ങളോടും അടുപ്പം കൂടി. 1994ലേയും 1995ലേയും ഇന്റര്‍നാഷണല്‍ മാത്തമാറ്റിക്‌സ് ഒളിമ്പ്യാഡുകളില്‍ പങ്കെടുത്ത മിര്‍സാഖാനി സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയാണ് ആദ്യം ചരിത്രം കുറിക്കുന്നത്. ഷരിഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍നിന്നും ഗണിതത്തില്‍ ബിരുദവും ഹവാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍നിന്നും ഡോക്ടറേറ്റും നേടി. ഫീല്‍ഡ്‌സ് മെഡല്‍ ജേതാവായിരുന്ന കെര്‍ട്ടിസ് മാക്മുളളാണ് വഴികാട്ടിയായത്. 

ഗണിതത്തിലെ റീമാന്‍ സര്‍ഫേസും അവയുടെ മൊഡ്യൂളി സ്‌പേസസുമായി ബന്ധപ്പെട്ട ക്ഷേത്രഗണിത പഠനത്തിന് മറിയം മിര്‍സഖാനി നല്‍കിയ സംഭാവനകളെ മാനിച്ചാണ് പുരസ്‌കാരം. ഇപ്പോള്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗണിതശാസ്ത്ര പ്രൊഫസറാണ് മിര്‍സാഖാനി.

ഡോക്ടറേറ്റിന്റെ ഭാഗമായി മിര്‍സാഖാനി തയ്യാറാക്കിയ തീസിസ് ഗണിതലോകത്ത് വളരെയധികം ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. പ്രശസ്തഗണിത ജേര്‍ണലുകളായ അനല്‍സ് ഓഫ് മാത്തമാറ്റിക്‌സ്, ഇന്‍വെന്‍ഷന്‍സ് മാത്തമാറ്റിക്‌സ്, ജേര്‍ണല്‍ ഓഫ് ദ അമേരിക്കന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റി എന്നിവയില്‍ അതിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. അതുവരെ തയ്യാറാക്കപ്പെട്ട തീസിസുകളില്‍ ഏറ്റവും മികച്ചതെന്നാണ്  ഈ തീസിസിനെ ബെന്‍സണ്‍ ഫാബ് എന്ന ഗണിതജ്ഞന്‍ വിശേഷിപ്പിച്ചത്.