• 01 Oct 2023
  • 07: 12 AM
Latest News arrow

അവാര്‍ഡ് കച്ചവടത്തിന് തലവച്ചുകൊടുക്കരുത്

അവാര്‍ഡ് വിതരണത്തിലൂടെ അര്‍ഹതയുള്ളവര്‍ അരികിലേക്ക് മാറുകയും മൂന്നാംകിടയിലുള്ളവര്‍ ആദരിക്കപ്പെടുകയും ചെയ്യുന്ന രീതി വ്യാപകമായി വരികയാണെന്ന് പ്രശസ്ത നിരൂപകനും എഴുത്തുകാരനുമായ ബാലചന്ദ്രന്‍ വടക്കേടത്ത്.

അവാര്‍ഡുകള്‍ രൂപപ്പെടുന്നതും അത് ചീത്തവഴിയിലൂടെ സമ്പാദിക്കുന്നതും ഒരു പ്രത്യേക ശീലമായി തീര്‍ന്നിരിക്കുകയാണെന്ന് ബാലചന്ദ്രന്‍ തന്‍മ വാരികയില്‍  എഴുതിയ ലേഖനത്തില്‍ പറയുന്നു. യാതൊരു മൂല്യവുമില്ലാത്ത ചില അവാര്‍ഡുകള്‍ ഉണ്ടാക്കുന്നതും സ്വീകരിക്കുന്നതും അതിനുള്ള ചടങ്ങ് സംഘടിപ്പിക്കുന്നതും അവാര്‍ഡ് ജേതാവ് തന്നെയായാല്‍ എന്താവും നമ്മുടെ സാസ്‌കാരിക അവസ്ഥ?  പക്ഷെ അതാണ് മിക്കവാറും നടക്കുന്നത് .

നമ്മുടെ നാട്ടില്‍ നിരവധി സാസ്‌കാരിക സംഘനകള്‍ ഉണ്ടാവുന്നത് ഇത്തരം അവാര്‍ഡുകള്‍ നല്‍കാന്‍ മാത്രമാണെങ്കിലോ?  അത് വേറൊരു പ്രശ്‌നമാണ്.  ഒരാള്‍ മരിച്ചാല്‍ ഉടനെ അയാളുടെ നാമധേയത്തില്‍ പുരസ്‌ക്കാരങ്ങള്‍ ഉണ്ടാവുന്നു. ഗള്‍ഫിലോ മറ്റോ പോയി അല്‍പ്പം പണം സമ്പാദിച്ചുകഴിഞ്ഞാല്‍ പിതാവിന്റെയോ പിതാമഹന്റെയോ പേരില്‍ ഒരു ട്രസ്റ്റുണ്ടാക്കി അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു. നമ്മുടെ മുതിര്‍ന്ന എഴുത്തുകാര്‍ അത് സ്വീകരിക്കാന്‍ ക്യൂ നില്‍ക്കുന്നു.

മറ്റു ചില സംഘടനകളാവട്ടെ പുരസ്‌കാരമായി വലിയ തുകയുണ്ടെന്ന് പത്രങ്ങളില്‍ വാര്‍ത്ത കൊടുക്കും. പണത്തിന്റെ  വലുപ്പമനുസരിച്ചാണല്ലോ പത്രങ്ങളിലെ വാര്‍ത്തകളുടെ പ്രാധാന്യം. എന്നാല്‍ അവാര്‍ഡ് ശില്‍പ്പത്തോടൊപ്പം സമ്മാനിക്കുന്നത് കാലി കവര്‍ മാത്രമാവും. പണം വേണ്ട അവാര്‍ഡ് മതിയെന്ന് പറയുന്നരെയും നമുക്ക് കാണാം.

അവാര്‍ഡുകളുടെ പുറകേ പോയി അത് തനമയത്വത്തോടെ കരസ്ഥമാക്കുന്നതിലും ഒരു കലയുണ്ട്, അത് ഭംഗിയായി ബോദ്ധ്യപ്പെടുത്താന്‍ എത്രയോ പേര്‍. ഒരു പുസ്തകമെഴുതുക, അതിലെ ശരിയും തെറ്റും പരിശോധിച്ചില്ലെങ്കില്‍ പോലും അവാര്‍ഡുകള്‍ വാരിക്കൂട്ടുക. നഗരങ്ങളില്‍ തന്റെ ഫോട്ടോ പതിച്ച ഫ്‌ളക്‌സുകള്‍  നിര്‍മ്മിച്ച് പ്രദര്‍ശിപ്പിക്കുക, അവാര്‍ഡിന്റെ മഹത്വത്തെക്കുറിച്ച് സുഹൃത്തുക്കളെ വിളിച്ചറിയിക്കുക, ഇതൊക്കെ തൊഴിലാക്കിയ ചില വ്യക്തികളെ എനിക്ക് നേരിട്ടറിയാം. രാഷ്ട്രീയക്കാരും അവാര്‍ഡുകള്‍ക്ക് പുറകേയുണ്ട്. 
അവരെ സംബന്ധിച്ചേടത്തോളം രാഷ്ട്രീയത്തിലെ നിലനില്‍പ്പ് ശക്തിപ്പെടുത്താനാണ് അവാര്‍ഡുകള്‍ തേടിപോകുന്നത്. ഓരോവര്‍ഷവും രണ്ട് പുരസ്‌കാരങ്ങളെങ്കിലും ലഭിച്ചില്ലെങ്കില്‍ രാഷ്ട്രീയത്തോടൊപ്പമുള്ള സാസ്‌കാരിക പ്രവര്‍ത്തനം ശിഥിലമായി പോകുമെന്ന് കരുതുന്നവരുണ്ട്. അതിന്നായി അനുയായികളെ പ്രയോജനപ്പെടുത്തി പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുക പതിവായിട്ടുണ്ട് നമ്മുടെ നാട്ടില്‍. 

അവാര്‍ഡുകളുമായി  ബന്ധപ്പെട്ട് ഒരു പുതിയ സംസ്‌കാരം നമ്മുടെ സമൂഹത്തില്‍ രൂപപ്പെട്ടു വരികയാണ്. കൊടുക്കലും വാങ്ങലും എന്ന ഒരു ക്രിയാശാസ്ത്രം അതിന്റെ ഭാഗമായി എഴുതപ്പെടുന്നു. അവാര്‍ഡ് ഫാക്ടറികളും ഉടലെടുത്തിട്ടുണ്ട്. അതിന്റെ മാനേജ്‌മെന്റുകളുമായി ചേര്‍ന്ന് നിരന്തരം അവാര്‍ഡ് ജേതാക്കളാവുന്നുണ്ട് ചിലര്‍. ഇത്ര ലാഭകരമായ ഒരു കച്ചവടം സാസ്‌കാരിക മണ്ഡലത്തില്‍ വേറെ ഇല്ല എന്നാണ് ചിലരുടെ നിലപാട്. പുരസ്‌കാരം സ്വീകരിച്ച ശേഷം ചില മഹാന്മാരും മഹതികളും അവാര്‍ഡ് തുക സംഘടനയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി തിരിച്ചുനല്‍കുന്നുവെന്ന് പ്രഖ്യാപിക്കാറുണ്ട്. അത് മുന്‍കൂട്ടിയുള്ള ഒരു കരാറിന്റെ ഭാഗമാണെന്ന് തിരിച്ചറിയാന്‍ കുറേ സമയമെടുക്കും. അതാണ് ഇക്കാലത്തെ പ്രശസ്തി വ്യവസ്ഥ. ഇതിന് തലവെച്ചുകൊടുക്കാന്‍ പ്രതിഭയുള്ള എഴുത്തുകാര്‍ തയ്യാറാവരുത് എന്നാണ്് എന്റെ പക്ഷം. അതിന്റെ പേരില്‍ ശത്രുക്കള്‍ വര്‍ദ്ധിച്ചെന്നുവരും. അതൊരു അലങ്കാരമായി കരുതിയാല്‍ മതി. പറഞ്ഞു വരുന്നത് ഇത്രമാത്രമാണ്. പുരസ്‌കാരങ്ങള്‍ക്ക് വേണ്ടി നമ്മുടെ എഴുത്തുകാരും പൊതു പ്രവര്‍ത്തകരും നടത്തുന്ന രഹസ്യക്കളികള്‍ നിര്‍ത്തുകയാണ് സാസ്‌കാരികമായ ഉന്നതിക്ക് അഭികാമ്യം.