• 08 Jun 2023
  • 04: 32 PM
Latest News arrow

ധോണി തന്നെ 'താരം'

സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം തികഞ്ഞ മനഃസാന്നിധ്യത്തോടെയാണ് എംഎസ്. ധോണി നയിച്ചതെങ്കിലും അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന്റെ അലയൊലികള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല. ധോണിയുടെ തീരുമാനം സര്‍വരേയും അത്ഭുതപ്പെടുത്തുകയുണ്ടായി. ഇന്ത്യന്‍ ഡ്രസിംഗ് റൂമിനെത്തന്നെ ഇത് ഞെട്ടിച്ചുവെന്ന വസ്തുത ടീമിന്റെ ഡയറക്ടറായ രവിശാസ്ത്രി നിഷേധിക്കുന്നില്ല. അതേസമയം ഇത് കളിക്കാരുടെ മനോഭാവത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.

എല്ലാ ക്യാപ്റ്റന്‍മാര്‍ക്കും അവരവരുടേതായ വ്യക്തിത്വങ്ങളുണ്ട്. അവരില്‍ മികച്ചവര്‍ തങ്ങളുടെ ആലോചനകള്‍ക്കും രീതികള്‍ക്കും അനുസരിച്ച്  കളിക്കാരെ കളിക്കാന്‍ പ്രേരിപ്പിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യുന്നു. 'ഞാന്‍ തന്നെ പല ക്യാപ്റ്റന്മാരുടെയും കീഴില്‍ കളിച്ചിട്ടുണ്ട്. അവരില്‍ ആരും ഒരേ പോലെ ആയിരുന്നില്ല.' ശാസ്ത്രി പറഞ്ഞു.

പരമ്പര അവസാനിക്കും മുമ്പ് ധോണി എന്തുകൊണ്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു എന്നതിനെക്കുറിച്ച് പല വ്യാഖ്യാനങ്ങളും പ്രചരിക്കുന്നുണ്ട്. അതിലൊന്ന് ധോണിയും ഉപനായകനായ വിരാട് കോലിയും തമ്മിലുള്ള അകല്‍ച്ചയുണ്ടായി എന്നതാണ്. കോലിയുടെ വര്‍ധിച്ചു വരുന്ന സ്വാധീനവും കോലിക്ക് ശാസ്ത്രിയില്‍ നിന്ന ലഭിക്കുന്ന പിന്തുണയും ധോണിയുടെ തീരുമാനത്തിന് പിറകിലുണ്ടാവാം എന്ന് സംശയിക്കുന്നവരുമുണ്ട്. എന്നാല്‍, സ്വാഭാവികമായും ശാസ്ത്രി ഇത് നിഷേധിക്കുന്നു. ധോണിയോട് കളിക്കാരും ടീമിന്റെ സഹായികളായവരും കാണിക്കുന്ന ബഹുമാനം എത്രയാണെന്ന് പുറം ലോകത്തിന് അറിയില്ല എന്നാണ് ശാസ്ത്രി പറയുന്നത്.

ധോണിയും കോലിയും തങ്ങളുടെ സമീപനത്തില്‍ തീര്‍ത്തും വ്യത്യസ്തരാണ്. കോലിയെ സംബന്ധിച്ച് ഓസ്‌ട്രേല്യന്‍ കളിക്കാര്‍ക്ക് വിരുദ്ധാഭിപ്രായമുണ്ടാകാമെങ്കിലും ധോനിയെ തികഞ്ഞ മാന്യനായാണ് അവര്‍ കണക്കാക്കുന്നത്. ഡ്രസ്സിംഗ് റൂമില്‍ ഈ മാറ്റം പ്രതിഫലിക്കും എന്ന് തീര്‍ച്ചയാണ്. എന്നാല്‍, ഇതൊന്നും കളിക്കാരുടെ പ്രകടനത്തെ ബാധിക്കില്ലെന്ന് ശാസ്ത്രി തറപ്പിച്ചു പറയുന്നു. ധോണി ഇപ്പോള്‍ ടീമിനോടപ്പം കഴിയുന്നില്ല. എന്നാല്‍, അദ്ദേഹം സ്ഥലത്തു തന്നെയുണ്ട്. ഓസ്‌ട്രേല്യന്‍ പ്രധാനമന്ത്രി ടോണി ആബട്ട് ഇന്ത്യന്‍ കളിക്കാര്‍ക്ക് നല്‍കിയ ചായ സല്‍ക്കാരത്തില്‍ ധോണി ഇല്ലായിരുന്നു. സിഡ്‌നിയിലെ അവസാന ടെസ്റ്റില്‍ വൃദ്ധിമാന്‍ സാഹയായിരിക്കും വിക്കറ്റ് കീപ്പര്‍. അതേ സമയം സാഹക്ക് ഏതെങ്കിലും രീതിയില്‍ കളിക്കാനാവാതെ വന്നാല്‍ പകരം ധോനി ഉണ്ടാവും.

പരമ്പരയില്‍ ഇന്ത്യ പരാജയപ്പെട്ടുവെങ്കിലും മത്സരങ്ങളില്‍ ഇന്ത്യ പൊരുതിയത് സിഡ്‌നിയില്‍ നടക്കുന്ന അവസാന ടെസ്റ്റിലും ആവേശം നിറയ്ക്കുമെന്നാണ് കാണികളുടെ പ്രതീക്ഷ. എതിരാളികളോട് വഴക്കടിക്കാന്‍ മടിയില്ലാത്ത കോലി ടീമിന്റെ ചുമതല പൂര്‍ണമായി ഏറ്റെടുക്കുകയാണ് ഈ ടെസ്റ്റില്‍. പുതിയ വൈസ് ക്യാപ്റ്റനും ടീമിന് ഉണ്ടാവും. മുതിര്‍ന്ന കളിക്കാരനായ ഇഷാന്ത് ശര്‍മ, ആര്‍.അശ്വിന്‍, അചിങ്ക്യ രഹാനെ എന്നിവരുടെ പേരാണ് പറഞ്ഞു കേള്‍ക്കുന്നത്. വൈസ് ക്യാപ്റ്റന്‍സി അത്ര പ്രധാനമല്ലെങ്കിലും ക്യാപ്റ്റന് പരിക്കേല്‍ക്കുകയോ മറ്റെങ്കിലും തരത്തില്‍ തല്‍ക്കാലത്തേക്ക് വിട്ടു നില്‍ക്കേണ്ടി വരികയോ ചെയ്താല്‍ ആ സ്ഥാനത്തിന് പ്രാധാന്യമേറും.