• 19 Jun 2019
  • 05: 46 PM
Latest News arrow

കുട്ടികള്‍ക്ക് മാത്രം കാണാം ഈ കുട്ടിക്കളി

ഇഷ്ടം, നമ്മള്‍, മഞ്ഞുപോലൊരു പെണ്‍കുട്ടി, സ്വ.ലേ, 101 വെഡ്ഡിംഗ്‌സ്, എന്നിങ്ങനെ കുറേ നല്ല ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ കലവൂര്‍ രവികുമാറില്‍ നിന്നും  ഇത്തരത്തില്‍ ഒരു ചിത്രം പ്രതീക്ഷിച്ചില്ല. കുട്ടികളെ വെച്ചൊരു ത്രില്ലര്‍ എന്ന് വിശേഷിപ്പിച്ച് എല്ലാ പ്രക്ഷകരെയും രസിപ്പിക്കുമെന്ന് വാദവുമായി തീയേറ്ററില്‍ എത്തിയ ' കുട്ടികളുണ്ട് സൂക്ഷിക്കുക ' എന്ന ചിത്രം അണിയറപ്രവര്‍ത്തകരുടെ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചുവെന്ന് നിസ്സംശയം പറയാം. കുട്ടികളുടെ കളിയും തമാശയും ദേശീയതയും പ്രതികാരവുമെല്ലാം ചേര്‍ത്ത് കുടുംബ പശ്ചാത്തലത്തില്‍ ഒരു സിനിമ. അതായിന്നിരിക്കണം ' കുട്ടികളുണ്ട് സൂക്ഷിക്കുക'  എന്ന ചിത്രമെടുക്കുമ്പോള്‍ സംവിധായകന്റെ മനസ്സിലുണ്ടായിരുന്നത്. എന്നാല്‍ കഥയും തിരക്കഥയും സംഭാഷണവുമെല്ലാം പാടെ പാളിയതോടെ സിനിമ വെറുമൊരു കുട്ടിക്കളിയായിപ്പോയി.
2008 ല്‍ മുംബൈയിലെ താജ് ഹോട്ടലിലുണ്ടായ ഭികരാക്രമണത്തെ മുന്‍നിര്‍ത്തിയാണ് സിനിമ കഥ പറയുന്നത്. ആ ഭികരാക്രമണത്തില്‍ തീവ്രവാദികളോട് ഏറ്റുമുട്ടി  വീരമൃത്യു മരിച്ച ഗൗതം മോനോന്റെ നിരഞ്ജന്‍ , നീരജ് എന്നീ സ്‌ക്കൂള്‍ കുട്ടികളായ മക്കള്‍ പ്രതികാരത്തിനിറങ്ങി പുറപ്പെടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. മുംബൈ ഭികരാക്രമണത്തിന്റെ സൂത്രധാരനായ കരീം ഉസ്താദ് എന്ന ഭീകരനെ മലയാളികളായ രണ്ട് സ്‌ക്കൂള്‍ കുട്ടികള്‍ പിടികൂടി പഞ്ഞികിടുന്ന കാഴ്ച വെള്ളിത്തിരയിലാണെങ്കില്‍ പോലും ആര്‍ക്കും പിടിക്കില്ല. മുംബൈ ഭികരാക്രമണത്തിന്റെ തീവ്രത ഇത്രവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മായാതെ നില്‍ക്കുമ്പോള്‍ അതിനെ വലിയ രീതിയില്‍ നിസാരവല്‍ക്കരിക്കുന്നത് തികച്ചും അരോചകമാണ്. ഒരു പക്ഷെ കുട്ടികളുടെ മാനസികനിലവാരത്തിലേക്ക് സംവിധായകന്‍ ഇറങ്ങി ചെന്നത്‌കൊണ്ടാവാം കഥയില്‍ ഈ പാളിച്ചകള്‍ സംഭവിച്ചത്. 
 സംഭാഷണങ്ങളായി അറുബോറായി തോന്നിയ മറ്റൊരു കാര്യം, പറഞ്ഞുപറയിപ്പിച്ചു എന്ന തോന്നുന്ന രീതിയുള്ള സംഭാഷണങ്ങള്‍ മടിപ്പിക്കുന്നതാണ്. ചില സംഭാഷണങ്ങളില്‍ തെറ്റുകളും കൃത്രിമത്വവും കടന്ന് കൂടി. ഉദാഹരണത്തിന് പോലീസ് ഓഫീസറുടെ വേഷം കൈകാര്യം ചെയ്ത അനുമോളുടെ സംഭാഷണം ഇങ്ങനെയായിരുന്നു ' ഷാഹിദ ഗൗതമിന്റെ വൈഫെന്റെ ജൂനിയറായിരുന്നു' . 
 മറ്റൊന്ന്, കരീം ഉസ്താദിനെ തേടിയെത്തുന്ന അദ്ദേഹത്തിന്റെ അനുയായികള്‍ ഒരു റിസപ്ഷനിസ്റ്റിനോട് വിവരങ്ങള്‍ ആരാഞ്ഞതിന് ശേഷം തിരിഞ്ഞ് നിന്ന് കുട്ടികള്‍ പഠിക്കുന്ന സ്‌ക്കൂളിന്റെ പേര് പറയുന്നുണ്ട്. ആ സീന്‍ കാണുന്ന ആരുടെയും നെറ്റിയൊന്ന് ചുളിയും. ഇവര്‍ തന്നെയാണോ മുംബൈ ഭീകരാക്രമണം നടത്തിയ കൊടുംഭീകരരെന്ന് ചോദിച്ചു പോകും. ഉദ്വോഗം ഉണര്‍ത്തേണ്ട ഒരു രംഗത്തെ എന്തിന് ഇത്രയും ചളിയാക്കി?   
കുട്ടികളുടെ വീട്ടിലെ സെക്യൂരിറ്റിയുടെ സംഭാഷണങ്ങളും അസഹനീയം തന്നെ. 'വെള്ളത്തിലാശന'ായ  സെക്യൂരിറ്റിയെ തമാശയെന്ന ചേരുവ ചേര്‍ക്കാനായിട്ടാണ് ഉപയോഗിച്ചതെങ്ങിലും അമ്പേ പരാജയപ്പെട്ടു ( ചളിയെന്ന വാക്ക് ഇനിയും ഉപയോഗിക്കുന്നില്ല. ) 
 കെമിക്കല്‍, ന്യൂട്രല്‍ എന്നീ ഇരട്ടപേരുകളില്‍ അറിയപ്പെടുന്ന കുസൃതിക്കുട്ടികളാണ് സിനിമയുടെ കേന്ദ്രകഥാപാത്രങ്ങള്‍. ഇവരുടെ തമാശയ്ക്ക് വട്ടം കൂട്ടാനായിരുന്നു സംവിധായകന്റെ ശ്രമം. എന്നാല്‍ ചിരിപ്പിക്കുന്ന വികൃതികളൊന്നും ചെയ്യാന്‍ കുട്ടികള്‍ക്കായില്ല. ഒന്ന് പുഞ്ചിരി തൂകാന്‍ ഉതുകുന്ന രംഗങ്ങള്‍ പോലും സിനിമയിലുണ്ടായിരുന്നില്ല. എങ്ങിലും കുട്ടിത്താരങ്ങളായ മാസ്റ്റര്‍ സനൂപ് സന്തോഷ്, മാസ്റ്റര്‍ സിദ്ധാര്‍ത്ഥ് , ബേബി സൂര്യചന്ദന എന്നിവര്‍ തങ്ങളെ ഏല്‍പ്പിച്ച പണി വൃത്തിയായി ചെയ്തു.
 ആംഗ്രിബേബിസിന് ശേഷം അനൂപ്‌മേനോനും ഭാവനയും ഒരേ സിനിമയില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകത ഈ സിനിമയ്ക്കുണ്ടെങ്കിലും ഇരുവരും തമ്മില്‍ കോമ്പീനേഷന്‍ സീനുകള്‍ ഉണ്ടായോയെന്ന് ഇഴകീറി പരിശോധിക്കണം. അനൂപ് മേനോന്‍ ഗസ്റ്റ് റോളിലേക്കും ഭാവന സഹനടിയുടെ റോളിലേക്കും മാറ്റപ്പെട്ടുവെന്നും പറയേണ്ടി വരും. അമ്മ വേഷം ചെയ്ത ഭാവനയ്ക്ക് അമ്മയായി പരിവര്‍ത്തനം ചെയ്യുന്നതില്‍ പാളിച്ചകള്‍ പറ്റി. പോലീസ് ഓഫീസറായി എത്തിയ അനുമോള്‍ തരക്കേടില്ലാതെ അഭിനയിച്ചു. 
   സംഗീതത്തിലും ചിത്രം പരാജയമായിരുന്നു. പ്രഭാവര്‍മ്മയുടെ വരികള്‍ക്ക് ബിജിപാലാണ് സംഗീതം നല്‍കിയത്. എന്നാല്‍ അല്‍പ്പ നേരത്തേക്കാണെങ്കിലും ഓര്‍മയില്‍ തങ്ങിനില്‍ക്കാന്‍ പോന്ന ഒറ്റ പാട്ടുകള്‍ പോലും ചിത്രത്തിലില്ലായിരുന്നു. കെട്ടുറപ്പില്ലാത്ത കഥയും തിരക്കഥയും സംഭാഷണവുമൂലം വെറുപ്പ് പിടിച്ചിരിക്കുന്നതിനിടയില്‍ ഒരല്‍പം ആശ്വാസം തന്നത് ക്യാമറയായിരുന്നു. വളരെ മനോഹരമായി ഓരോ രംഗങ്ങളും ക്യാമറയില്‍ ഒപ്പിയെടുത്ത പി. സുകുമാറിന് നന്ദി. 
 കുട്ടികളെന്ന പദം സിനിമയുടെ പേരിലുണ്ടായത് നന്നായി. ഇല്ലായിരുന്നെങ്കില്‍ മുതിര്‍ന്നവരെല്ലാം ഈ  സിനിമയ്ക്ക് കയറിപോയി, സംവിധായകനെ ശപിച്ച് മടങ്ങിയേനേ . കുട്ടികള്‍ക്ക് വേണ്ടി, കുട്ടിമനസുള്ളവര്‍ക്ക് വേണ്ടി മാത്രമെടുത്ത, കുട്ടിക്കളി പോലെയുളള ഒരു ചിത്രമെന്ന് ഒരു സിനിമയെ വിശേഷിപ്പിക്കേണ്ടി വരുന്നത് ഖേദകരമാണ്. എങ്കിലും കലവൂര്‍ രവികുമാറിന്റെ കുട്ടി പ്രേക്ഷകര്‍ ഈ സിനിമയെ സ്വീകരിച്ചേക്കാം. ചില നിര്‍ദേശങ്ങള്‍ കൂടി മുന്നോട്ട് വെക്കുന്നു. കെമിക്കല്‍സ് കൊണ്ട് വിക്രിയകള്‍ കാണിക്കുന്ന കുട്ടി, മുംബൈ ഭീകരാക്രമണം നടത്താന്‍ ക്ലോറോഫോം മാത്രം ഉപയോഗിക്കുന്നത് എത്ര അപക്വമായ ചിന്തയാണ് . രസതന്ത്രത്തില്‍ സാധാരണകുട്ടികള്‍ക്കുള്ളതിലേറെ അറിവ് ഈ കുട്ടിക്കുണ്ടെന്ന് കാണിച്ച തന്ന സംവിധായകന് ഭീകരനെ പിടിക്കുന്ന അവസരത്തിലെങ്കിലും കുട്ടിയുടെ ഈ അറിവുകള്‍ പ്രയോജനപ്പെടുത്താമായിരുന്നു. അത് എന്തിന് ക്ലോറോഫോമില്‍ മാത്രം ഒതുക്കി നിര്‍ത്തി? മൂലകങ്ങളെ കുറിച്ചും അവയുടെ പ്രതിപ്രവര്‍ത്തനത്തെ കുറിച്ചും ആഴത്തില്‍ പഠനം നടത്തി അവയുടെ സാധ്യതകള്‍ മനസിലാക്കി , അതിന് ശേഷം അവ ഉപയോഗിച്ച് തിരക്കഥ രൂപപ്പെടുത്തിയതെങ്കില്‍ പ്രേഷകര്‍ അമ്പരന്ന് പോയേനേ. കുട്ടികള്‍ വലിയ ഒരു ഭീകരനെ പിടികൂടുന്നതിനെ അമാനുഷികമോ അസാധ്യമോ ആയ ഒന്നല്ല. പക്ഷേ ആ ത്രഡ് അവതരിപ്പിച്ചി രീതി നന്നായില്ല. കുട്ടികള്‍ ബുദ്ധിമാന്‍മാരാണെന്നും അറിവുളളവരാണെന്നും ആദ്യമേ പറഞ്ഞുവെച്ചതിനാല്‍ ഗംഭീരമായ ത്രില്ലറിന് സാധ്യതകളുണ്ടായിരുന്നു. പക്ഷേ കലവൂര്‍ രവികുമാറിന് ആ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല. ഭാവനയുടെയും പഠനത്തിന്റെയും അഭാവമാണ് സിനിമയ്ക്ക് ഇത്തരത്തിലൊരു അന്ത്യം വരുത്തി വെച്ചത്. 

കുട്ടികളെ പരിചയപ്പെടുത്തുന്നതും ഗൗതം മേനോന്റെ മരണവുമെല്ലാം ആദ്യപകുതിയുടെ പകുതിയില്‍ മാത്രം ഒതുക്കി നിര്‍ത്തിയിട്ട് ബാക്കിയുളള മുക്കാല്‍ ഭാഗത്തെങ്കിലും അച്ഛനെ കൊന്ന ഭീകരരുടെ ബുദ്ധികൂര്‍മതയും സാഹസികതയും ഉപയോഗിച്ച് കുട്ടികളെ കീഴ്‌പ്പെടുത്തുന്ന ഉദ്വേഗഭരിതമായ നിമിഷങ്ങളെങ്കിലും  ഉള്‍പ്പെടുത്താമായിരുന്നു. അങ്ങനെയായിരുന്നുവെങ്കില്‍ ഒരു വലിയ തിയറ്റേറില്‍ ആദ്യഷോ തന്നെ വിരലിലെണ്ണാവുന്ന ആളുകളോടൊപ്പം കാണേണ്ട ഗതികേട് എന്നെ പോലുളള സിനിമാപ്രേമികള്‍ക്കുണ്ടാകുമായിരുന്നില്ല.