• 04 Oct 2023
  • 07: 17 PM
Latest News arrow

ഫാത്തിമയുടെ കാത്തിരിപ്പിന് രണ്ടര പതിറ്റാണ്ടിന്റെ വേദന

മനാമ: ഫാത്തിമ ഒരിക്കല്‍ പോലും ഉപ്പയെ കണ്ടിട്ടില്ല. അവളുടെ കാത്തിരിപ്പിന് രണ്ടര പതിറ്റാണ്ടിന്റെ വേദയുണ്ട്; കരഞ്ഞു തീരാത്ത സങ്കടമുണ്ട്. മങ്ങിത്തുടങ്ങിയൊരു ഫോട്ടോയല്ല ഫാത്തിമക്കും കൂടപ്പിറപ്പുകള്‍ക്കും ഉപ്പ; ഒരിക്കലെങ്കിലും കാണാനാകുമെന്ന പ്രതീക്ഷയാണവര്‍ക്ക്.  എന്നെങ്കിലും ഉപ്പ വരുമെന്ന അവരുടെ പ്രതീക്ഷയ്‌ക്ക് വര്‍ഷങ്ങള്‍ക്കിപ്പുറവും വലിയ മങ്ങലേറ്റിട്ടില്ല. ചെറിയ ദാമ്പത്യത്തിനിടെ ഗള്‍ഫ് സ്വപ്‌നങ്ങളില്‍ തട്ടി അപ്രത്യക്ഷനായ ഭര്‍ത്താവിന് എന്തു സംഭവിച്ചുവെന്ന ചിന്ത മരുഭൂമിയിലെ മണല്‍ തരിപ്പോലെ ഉത്തരമില്ലതെ അനന്തമായി കിടക്കുമ്പോഴും കുഞ്ഞീരുമ്മുവും പ്രതീക്ഷയുടെ തിരിനാളം മനസില്‍ സൂക്ഷിക്കുന്നുണ്ട്. 

കാല്‍ നൂറ്റാണ്ടിനു മുന്‍പ് സൗദി ജയിലിന്റെ ദുരൂഹമായ അഴികള്‍ക്കുള്ളിലെവിടെയോ അപ്രത്യക്ഷമായ അബ്ദുല്‍ മജീദാണ് ഫാത്തിമയുടെയും ഫവാസിന്റെയും അബ്ദുല്ലയുടെയും ഉപ്പ. ഇവര്‍ക്കും ഉമ്മ കുഞ്ഞീരുമ്മുവിനും മജീദിനെന്തു സംഭവിച്ചുവെന്ന് ഇന്നും അറിയില്ല. ഇവരുടെ അന്വേഷണങ്ങള്‍ തുടരുകയാണ്; ആശങ്കള്‍ ഒരിക്കലും സ്പര്‍ശിക്കപ്പെടാതെ പോകുന്നു.

മലപ്പുറം ജില്ലയിലെ പൊന്‍മള സ്വദേശിയായ പൂവാടന്‍ അബ്ദുല്‍ മജീദ് ഗള്‍ഫ് സ്വപ്‌നവുമായ 1986 -ലാണ് സൗദിയിലത്തെിയത്. നാട്ടുകാര്‍ ഏറെയും ചെങ്കടല്‍ തുറമുഖ പട്ടണമായ ജിദ്ദയിലേക്ക് ജീവിത പ്രതീക്ഷകളുമായി ചേക്കേറുന്ന കാലം. മജീദിന് മുന്‍പില്‍ സൗദിയുടെ ആതിഥേയത്വം ഒരിക്കലും വാതില്‍ കൊട്ടിയടച്ചില്ല. വിവിധതരം ബിസിനസുകള്‍ നടത്തി ജീവിതം മുന്നോട്ടു കൊണ്ടു പോയി. സാമാന്യം തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതി. അതിനിടെ വിവാഹവും കുട്ടികളുമായി. 
1991 -ലാണ് കുടുംബത്തിന്റെ പ്രതീക്ഷക്കുമേല്‍ ദുരിത വര്‍ഷമായി ആ വാര്‍ത്ത എത്തിയത്. മയക്കുമരുന്ന് കേസില്‍ മജീദ് സൗദി പൊലിസ് പിടിയിലായി. ജിദ്ദ ജയിലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. കേസും മറ്റും സ്വന്തം നിലക്ക് മജീദായിരുന്നു വാദിച്ചിരുന്നതത്രെ. 

  അക്കാലത്ത് ജിദ്ദയിലുണ്ടായിരുന്ന സഹോദരന്‍ മജീദിനെ ഇടക്കിടെ സന്ദര്‍ശിച്ചിരുന്നു, ഏതാണ്ട് 1994 വരെ. ഒരിക്കല്‍ അന്വേഷിച്ചു ചെന്നപ്പോള്‍ മജീദിനെ കണ്ടില്ലത്രെ. വധശിക്ഷ നടപ്പാക്കിയെന്നായിരുന്നു ജയില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. വിശദമായ അന്വേഷണത്തില്‍ വധശിക്ഷ നടപ്പാക്കിയിട്ടില്ലെന്നും ഹായില്‍ ജയിലിലേക്ക് മാറ്റിയെന്നും അറിഞ്ഞു. എന്നാല്‍ മജീദിനെ കുറിച്ച് കുടുംബത്തിന് പിന്നീട് ഒരു വിവരവും ലഭിച്ചില്ല. മജീദിന് എന്തു സംഭവിച്ചുവെന്ന് അധികൃതര്‍ വ്യക്തമാക്കിയതുമില്ല.
   നാട്ടില്‍ അവധിക്കുപോയി തിരിച്ചുപോയ ഉടനെയാണ് മജീന് അറസ്റ്റിലായത്. മജീദ് ജയിലിലാകുമ്പോള്‍ ഇളയമകള്‍ ഫാത്തിമ ഗര്‍ഭസ്ഥ ശിശുവായിരുന്നു. മൂത്തമകന്‍ ഫവാസിന് അഞ്ചുവയസായിരുന്നു പ്രായം. മറ്റൊരു  മകന്‍ അബ്ദുല്ലക്ക് രണ്ടര വയസും. മജീദിനെ കണ്ടെത്താനായി പറക്കമുറ്റാത്ത മൂന്നു മക്കളുമായി ഭാര്യ കുഞ്ഞീരുമ്മു മുട്ടാത്ത വാതിലുകളില്ല. നിരവധി പരാതികള്‍ നേരിട്ടും അല്ലാതെയും നല്‍കി. എവിടെനിന്നും കൃത്യമായ മറുപടി ലഭിച്ചില്ല. അന്വേഷിക്കാം, സമാധാനമായിരിക്കൂ എന്നീ പതിവു മറുപടികളില്‍ കുഞ്ഞീരുമ്മുവിന്റെ കണ്ണീരിനെ ഒതുക്കാനായില്ല. 
  ജയിലിലായ ആദ്യ വര്‍ഷങ്ങളില്‍ വീട്ടിലേക്ക് മജീദ് കത്തുകള്‍ അയച്ചിരുന്നു. പക്ഷേ, അതിലൊന്നും കേസിനെ കുറിച്ചോ ശിക്ഷയെ കുറിച്ചോ സൂചിപ്പിപ്പിച്ചിരുന്നില്ല. ഗൃഹനാഥനെ കുറിച്ചുള്ള ആശങ്കയുമായി കുടുംബ കഴിയവെ, മജീദിനെ 1998 വരെ ജിദ്ദ ജയിലില്‍ കണ്ടെത്തിയതായി ഒരുനാള്‍ വീട്ടിലെത്തിയ മലപ്പുറം സ്വദേശി വെളിപ്പെടുത്തി. ഇയാളും 1998 വരെ ജിദ്ദ ജയിലില്‍ ഉണ്ടായിരുന്നത്രെ. ആ കാലത്ത് കടുത്ത വിഷാദ രോഗത്തിന് അടിപ്പെട്ട് മനോനില തകര്‍ന്ന അവസ്ഥയിലായിരുന്നു മജീദത്രെ. ജിസാന്‍ ജയിലിലേക്ക് മാറ്റിയതിനാല്‍ തനിക്ക് മജീദിനെകുറിച്ചു പിന്നീടുള്ള വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞില്ലെന്നായിരുന്നു ഇയാള്‍ അറിയിച്ചത്. 
  മയക്കുമരുന്ന് കേസല്‍ വധശിക്ഷ നടപ്പാക്കുക സൗദിയില്‍ സാധാരണമാണ്. എന്നാല്‍ അക്കാര്യത്തിലും കുടുംബത്തിന് ഒരു വിവരവും ലഭിച്ചിട്ടില്ല. ഇതേ കാലത്ത് ജിദ്ദ ജയിലിലുണ്ടായിരുന്ന പലരുമായും കുടുംബം ബന്ധപ്പെട്ടെങ്കിലും വധശിക്ഷ നടപ്പാക്കിയത് സ്ഥിരീകരിക്കപ്പെട്ടില്ല. ഇന്ത്യക്കാരെ വധ ശിക്ഷക്കു വിധിച്ചാല്‍ ഇന്ത്യന്‍ എംബസിയെ അറിയിക്കുക സ്വഭാവികമാണ്. എന്നാല്‍ എംബസിക്കും ഇക്കാര്യത്തില്‍ അറിവു ലഭിച്ചിട്ടില്ല. 

 2005-ല്‍ അന്നത്തെ കേന്ദ്ര വിദേശ സഹമന്ത്രി ഇ അഹമ്മദിന് കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്ന് സൗദിയിലെ ഇന്ത്യന്‍ എംബസിയിലും ജിദ്ദ ജയിലിലും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. മജീദിന്റെ കേസ് എംബസിയില്‍ തന്നെ എത്തിയിരുന്നില്ലെന്നാണ് അന്ന് വെളിപ്പെട്ടത്. ജിദ്ദ ജയിലിലാകട്ടെ ഏറെ അമ്പരപ്പുണ്ടാക്കുന്ന വിവരമായിരുന്നു ലഭിച്ചത്; ഇങ്ങനെയൊരാള്‍ അവിടെ ഉണ്ടായിരുന്നുവെന്നതിന് അവരുടെ കയ്യില്‍ തെളിവുകളുമുണ്ടായിരുന്നില്ല. 

മജീദിനെ സഹോദരനും മലപ്പുറം സ്വദേശിയുമൊക്കെ സ്ഥിരമായി ജയിലില്‍ കണ്ടിട്ടും എന്തുകൊണ്ട് ജയില്‍ റെക്കോര്‍ഡില്‍ അയാളുടെ പേരില്ലെന്നത് ദുരൂഹമായി തുടരുകയാണ്. അക്കാലത്ത് പലരും ഉപയോഗിച്ചപോലെ വേറെ വിലാസത്തിലുള്ള പാസ്‌പോര്‍ട്ടാണോ മജീദ് ഉപയോഗിച്ചിരുന്നത് എന്ന സംശയത്തിലേക്ക് ഇതു വിരല്‍ ചൂണ്ടുന്നുണ്ടെങ്കിലും അത്തരം സാധ്യതകള്‍ മജീദിന്റെ ജിദ്ദയിലെ സുഹൃത്തുക്കള്‍ തള്ളുന്നു. അബ്ദുല്‍ മജീദ് അല്‍ ഹിന്ദി എന്ന പേരാണത്രെ ജയില്‍ രേഖകളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതെന്നാണ് വിവരം. 

മകന്‍ അബ്ദുല്ലയുടെ നേതൃത്വത്തിലാണ് ഉപ്പക്കുവേണ്ടിയുള്ള അന്വേഷണം നടക്കുന്നത്. ഏതെങ്കിലും ജയിലില്‍ ഉപ്പയുണ്ടാകുമെന്നാണ് മക്കളുടെ പ്രതീക്ഷ.