• 01 Oct 2023
  • 08: 23 AM
Latest News arrow

മോദിയെ മുന്നിലിരുത്തി മന്‍മോഹന്‍ നിരത്തിയ 10 വാദങ്ങള്‍

രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ മുന്നിലിരുത്തി മുന്‍പ്രധാനമന്ത്രിയും സാമ്പത്തികവിദഗ്ദനുമായ ഡോ. മന്‍മോഹന്‍ നോട്ട് അസാധുവാക്കല്‍ നടപടിയെ വിശേഷിപ്പിച്ചത് നിയമവിധേയമായ മണ്ടത്തരമെന്നാണ്. സംഘടിതകൊള്ളയെന്നും ധനകാര്യ മാനേജ്‌മെന്റിലെ അതിഭീമ പരാജയമെന്നും തീരുമാനത്തെ മന്‍മോഹന്‍ കുറ്റപ്പെടുത്തി. വളരെ ചുരുങ്ങിയ വാചകങ്ങളില്‍ സംസാരിച്ച മന്‍മോഹന്‍ പറഞ്ഞ പത്ത് പ്രധാനകാര്യങ്ങള്‍ ഇവയെല്ലാമാണ്. 

1. നോട്ട് പിന്‍വലിച്ച തീരുമാനം രാജ്യത്തിന്റെ മൊത്തം ആഭ്യന്തര വളര്‍ച്ചയില്‍ രണ്ടു ശതമാനത്തിന്റെ കുറവുണ്ടാക്കും. കാര്‍ഷിക മേഖലയിലായിരിക്കും ഇത് കൂടുതല്‍ ബാധിക്കുക. 

2. രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തിലും കറന്‍സിയിലും ജനങ്ങള്‍ക്കു വിശ്വാസം നഷ്ടമാകാന്‍ തീരുമാനം വഴിവയ്ക്കും. 

3. അക്കൗണ്ടില്‍ പണമുണ്ടായിട്ടും അത് എടുക്കാന്‍ പറ്റാത്ത മറ്റേതെങ്കിലും രാജ്യമുണ്ടോ?

4. നോട്ട് പിന്‍വലിച്ചതിന്റെ യഥാര്‍ത്ഥ ഭവിഷ്യത്തുകള്‍ പ്രധാനമന്ത്രിക്കു പോലും മനസിലായിട്ടില്ല.

5. എല്ലാം ശരിയാക്കാന്‍50 ദിവസം മോദി ചോദിച്ചല്ലോ? രാജ്യത്തെ സാധാരണക്കാരന് ഇതൊരു ചെറിയ കാലയളവല്ല. 

6. രാജ്യത്തെ സാധാരണക്കാര്‍ വലിയ ബുദ്ധിമുട്ടിലാണ്. നോട്ട് റദ്ദാക്കിയതിന്റെ പരിണിതഫലം എന്താകുമെന്ന് ആര്‍ക്കും അറിയില്ല. 

7. വിദേശത്തുള്ള കള്ളപ്പണം ഇപ്പോഴും സുരക്ഷിതമാണ്. അതു തിരികെയെത്തിക്കാന്‍ പ്രായോഗികവും കരുത്തുറ്റതുമായ നടപടിയുണ്ടാകണം. 

8. ഗ്രാമീണ ഇന്ത്യയിലെ സഹകരണ ബാങ്കുകള്‍ നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തോടെ വന്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ചെറുകിട- ഇടത്തരം വ്യവസായങ്ങളെയും ഇത് ദോഷകരമായി ബാധിച്ചു.

9. നോട്ട് പിന്‍വലിക്കലിനു ശേഷം ഓരോ ദിവസവും പുതിയ തീരുമാനങ്ങളെടുക്കേണ്ടിവന്നത് പിഎംഒയുടെയും ധനമന്ത്രാലയത്തിന്റെയും റിസര്‍വ്വ് ബാങ്കിന്റെയും വലിയ വീഴ്ചയാണ് കാണിക്കുന്നത്. 

10. നോട്ടുകള്‍ അസാധുവാക്കിയ നടപടി ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണമുണ്ടാക്കുമെന്ന് വാദിക്കുന്നവര്‍ in the long run we are all dead എന്ന വാചകം കൂടി ഓര്‍മ്മിക്കുന്നത് നല്ലതായിരിക്കും.