• 22 Sep 2023
  • 04: 06 AM
Latest News arrow

കേന്ദ്ര സര്‍ക്കാരെ...., ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതേ.....

കള്ളപ്പണം തടയാന്‍ വരുത്തിയ  കറന്‍സി അസാധുവാക്കല്‍ വഴി കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നു. പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം സാധുവായ നോട്ടുകള്‍ ലഭിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് കേന്ദ്ര ധനകാര്യമന്ത്രി നല്‍കുന്ന സൂചന.

ചില്ലറകളില്ലാതെ ജനം വലയുകയാണ്.  കയ്യില്‍ പണം ഉണ്ടായിട്ടും ജനം വിശന്നു പൊരിയുന്നു. 500, 1000 നോട്ടുകള്‍ ആരും സ്വീകരിക്കുന്നില്ല. അവയ്ക്ക് കടലാസിന്റെ വിലയേ  ഉള്ളൂ എന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞസ്ഥിതിക്ക് ഈ ചിത്ര കടലാസും  പോക്കറ്റില്‍ ഇട്ട് ജനം ബാങ്കുകള്‍ക്ക് മുമ്പിലും എ.ടി.എമ്മുകള്‍ക്ക് മുമ്പിലും ക്യൂ നിന്ന് തിക്കിയും തിരക്കിയും പൊറുതി മുട്ടുകയാണ്. പകരം നോട്ടുകള്‍ എത്തിക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് പറയുന്ന ധനമന്ത്രി  അക്കാര്യം  നേരത്തെ അറിഞ്ഞു കൂടായിരുന്നോ എന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല.  1000, 500 കറന്‍സികള്‍ പിന്‍വലിച്ച് പകരം രണ്ടായിരത്തിന്റെയും 500ന്റെയും പുതിയ  നോട്ടുകള്‍ ഉടന്‍ ലഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ അഞ്ചു ദിവസം പിന്നിട്ടിട്ടും 500ന്റെ നോട്ടുകള്‍ പുറത്ത് എത്തിയിട്ടില്ല. 

രണ്ടായിരത്തിന്റെ നോട്ടുകള്‍ ചില ബാങ്കുകാര്‍ അപൂര്‍വ്വമായി നല്‍കിയിരുന്നുവെങ്കിലും അവ  നായയ്ക്ക് പൊളിയാത്ത തേങ്ങ ലഭിച്ചത് പോലെ എന്ന പലഞ്ചോല്ലിനെ ഒാര്‍മ്മിപ്പിക്കുമാറാണ് അനുഭവം. ഈ നോട്ടുകളുമായിചെന്നാല്‍ എവിടെയും  മാറി ചില്ലറ കിട്ടാന്‍ നിവൃത്തിയില്ല. ആകെ  ലഭിക്കാവുന്നത് രണ്ടായിരം രൂപയുടെ പെട്രോളോ വസ്ത്രങ്ങളോ മാത്രം .

ചെറിയ നോട്ടുകള്‍ ലഭ്യമല്ലായ്കയാല്‍ നാടും നഗരവും ഹര്‍ത്താല്‍ പ്രതീതിയാലാണ്. കടകള്‍  വല്ലപ്പോളും തുറന്നിരിക്കുന്നുവെന്നു മാത്രം.  ചെറിയഹോട്ടലുകളും ചാടക്കടകളും അടഞ്ഞു കിടക്കുന്നു. വലിയ ഹോട്ടലുകളില്‍ 1000, 500നോട്ടുകള്‍ സ്വീകരിക്കുന്നതല്ല എന്ന ബോര്‍ഡ് തൂക്കിയിരിക്കുന്നു. നിത്യക്കൂലിക്കാര്‍,  ഓട്ടോ റിക്ഷക്കാര്‍, തെരുവ്  കച്ചവടക്കാര്‍,  എല്ലാവര്‍ക്കും ഒരു തരത്തില്‍ പട്ടിണി.  പുറത്തിറങ്ങുന്നവര്‍ക്ക് ഭക്ഷണം കളിക്കാനാവാതെ  ഏകാദശി വ്രതം എടുക്കാമെന്നും കാല്‍നട യാത്ര ആവാമെന്നുമാണ് ഒരു നേട്ടമെന്ന് പറയാവുന്നത്.

പല ബാങ്കുകളുടെയും മുമ്പില്‍ പൂരത്തിന്റെ ആളുണ്ട്. ജനത്തെ സഹായിക്കാന്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കുമെന്നൊക്കെ  പറഞ്ഞിരുന്നുവെങ്കിലും പല ബാങ്കുകളിലേയും അവസ്ഥ പരിതാപകരമാണ്. നേരം പുലരും മുമ്പ് തന്നെ ക്യൂ  പ്രത്യക്ഷപ്പെടുന്നു. ചില എ. ടി.എമ്മുകള്‍ക്ക് മുമ്പില്‍ ജനം രാത്രി കാലങ്ങളില്‍  കാശ് നിറക്കുന്നത് കാത്ത് കടലാസ് വിരിച്ചു കിടക്കുന്നു. എല്ലാ എടി.എമ്മുകളും തുറക്കുന്നമെന്നാണ് കരുതിയതെങ്കിലും പലതും പ്രവര്‍ത്തിക്കുന്നില്ല. തുറക്കുന്നിടത്താവട്ടെ  അമ്പതോ, നൂറോ പേര്‍ക്ക് 2000 രൂപ വീതം പിന്‍വലിക്കാന്‍ മാത്രമുള്ള നൂറ് രൂപ നോട്ടുകളേ   നിറക്കുന്നുള്ളൂ.  അരമണിക്കൂറിന്നകം അവയൊക്കെ തീര്‍ന്ന് അപൂര്‍വ്വം ഭാഗ്യവാന്മാര്‍ ലോട്ടറി അടിച്ച സന്തോഷത്തോടെ പോകുമ്പോള്‍ പിന്‍നിരയില്‍ ഊഴം കാത്തു നില്‍ക്കുന്ന നൂറുകണക്കിനാളുകള്‍ സര്‍ക്കാറിനെ ശപിച്ച് പിന്‍തിരിയുന്നു.
  എ.ടി.എമ്മുകൡ രണ്ടായിരം രൂപയുടെ  കറന്‍സി നിറക്കാന്‍ മെഷീനില്‍ ചില മാറ്റങ്ങള്‍ ആവശ്യമാണ്എന്നും അതിന് കുറച്ചു സമയമെടുക്കുമെന്നുമാണ് ധന മന്ത്രിയുടെ പ്രഖ്യപനം. അല്ല ബഹു. മന്ത്രി, ഇതൊന്നും മുന്‍കൂട്ടി അറിയാതെയാണോ ഈ നടപടികള്‍ സ്വീകരിച്ചത?  അത് പോകട്ടെ 500 രൂപയുടെ കറന്‍സി എത്തിക്കാന്‍ എന്താണ് താമസം? 

വ്യാജനോട്ടുകളുടെ വിനിമയവും, കള്ളപ്പണത്തിന്റെ ഒഴുക്കും തടയുന്നതിന് ആരും എതിരല്ല. പക്ഷെ സാധാരണക്കാരന്‍ അനുഭവിക്കുന്ന ദുരിതം , ദൈന്യത  ദന്ത ഗോപുരങ്ങളില്‍ ഇരിക്കുന്നവര്‍ കാണാതെ പോകുന്നത് ഒരര്‍ത്ഥത്തില്‍ ക്രൂരതയാണ്. സ്വാതന്ത്രത്തിന് ശേഷം ഭാരതിയര്‍ ഒരു പക്ഷെ സര്‍ക്കാറിന്റെ ഒരു പരിഷ്‌ക്കാരം കൊണ്ട് ഇത്രയേറെകഷ്ടപ്പാടുകള്‍ അനുഭവിച്ച ഒരു സന്ദര്‍ഭം ഉണ്ടായിട്ടില്ല. കേരളത്തില്‍ ബാങ്കുകളുടെ മുമ്പില്‍ ക്യൂ നിന്ന് രണ്ട് പേര്‍ കുഴഞ്ഞു വീണു മരിച്ചു. ഇന്നത്തെ അവസ്ഥ തുടര്‍ന്നാല്‍  ഈ  അപമൃത്യു ഇനിയും ആവര്‍ത്തിച്ചുകൂടെന്നില്ല.

കൂടുതല്‍ നൂറിന്റെ നോട്ടുകള്‍ എടിഎമ്മുകളില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നാണ് കേന്ദ്ര ധനമന്ത്രി പറയുന്നത്. എന്തേ അക്കാര്യം നേരത്തെ ചെയ്തു കൂടായിരുന്നോ?  വേണ്ടത്ര നൂറിന്റെ നോട്ടുകള്‍ ഇറക്കി ബാങ്കുകളില്‍ എത്തിച്ച ശേഷം പോരായിരുന്നോ രണ്ടായിരത്തിന്റെ നോട്ടുകള്‍ ഇറക്കലും 1000, 500 നോട്ടുകള്‍ റദ്ദാക്കലും. ആരോട്  ചോദിക്കാന്‍!  രാജ്യത്ത് കാശില്ലാതെ ജനങ്ങള്‍ വലയുമ്പോള്‍ നമ്മുടെ പ്രധാനമന്ത്രി ജപ്പാനില്‍ പീപ്പി വിളിച്ചു  നടക്കുന്നു എന്നോരു കമന്റും ചിത്രവും സോഷ്യമീഡിയയില്‍ കണ്ടു. ഗംഗാ നദിയില്‍ ഇപ്പോള്‍ 500, 1000 രൂപയുടെ  നോട്ടുകള്‍ ഒഴുകിയ കൊണ്ടിരിന്നുവെന്ന് പ്രധാനമന്ത്രിയുടെ ഒരു  തമാശയും കണ്ടു. പ്രിയപ്പെട്ട പ്രധാനമന്ത്രി, നോട്ടുകളുടെ സ്ഥാനത്ത് കയ്യില്‍ കാശില്ലാതെ വലഞ്ഞ് ആത്മഹത്യ ചെയ്യുന്നവരുടെ ജഡം ഒഴുകി പോകുന്ന രംഗം കാണാതിരിക്കാന്‍ ഇപ്പോഴത്തെ പ്രതിസന്ധിക്ക് പെട്ടെന്നൊരു പരിഹാരം കണ്ടെ മതിയാവൂ.