• 01 Feb 2023
  • 08: 35 AM
Latest News arrow

ബകന്‍മാരെ ഇതിലേ ഇതിലേ ...ഭക്ഷണവും കഴിക്കാം സമ്മാനവും നേടാം

സൂറത്ത് :ബകാസുരനെക്കുറിച്ച് കേട്ടിട്ടുണ്ടോ ? ശാപ്പാട്ടുരാമനായ ബകാസുരന് ദിനവും ഒരു വലിയ കാളവണ്ടി നിറയെ ഭക്ഷണവുമായി ഗ്രാമത്തിലെ ഓരോരുത്തര്‍ പോകും. ഭക്ഷണം കൊണ്ടുപോകുന്ന ആളെയും കാളകളെയും എല്ലാം ആ അസുരന്‍ ശാപ്പിടും. ഒടുവില്‍ ഭീമന്‍ വേണ്ടി വന്നു  അങ്ങേരുടെ കഥകഴിക്കാന്‍. ബകാസുരന്‍ ഇപ്പോഴില്ലെങ്കിലും ശാപ്പാട്ടുരാമന്മാര്‍ നമ്മുടെ നാട്ടില്‍ ഏറെയുണ്ട്. അങ്ങനെയുള്ളവരെ  ഇതാ ഗുജറാത്തിലെ സൂറത്തില്‍ ഒരു റെസ്റ്റോറന്റ് ക്ഷണിക്കുന്നു, അവരുടെ 'ബകാസുര താലി മീല്‍സ് ' കഴിക്കാന്‍. തനിച്ച് ഈ 'ബകാസുര മീല്‍സ്' കഴിക്കുന്നവര്‍ക്ക് സമ്മാനവും ഉണ്ട്. ഒരു ലക്ഷം രൂപ ! ബകാസുര മീല്‍സിന്റെ വിലയാകട്ടെ 1,500 രൂപയും. സൂറത്തിലെ  പിക്കോളോ റെസ്റ്റോറന്റ് ആണ് ഭക്ഷണപ്രിയരുടെ മുന്‍പില്‍  ഈ ഓഫര്‍ വെക്കുന്നത്. 

നൂറോളം വ്യത്യസ്തവിഭവങ്ങളാണ്  ഈ മീല്‍സില്‍  ഉള്‍പ്പെടുത്തിയിട്ടുള്ളത് . 7 സാലഡുകള്‍ ,55 കറിക്കൂട്ടുകള്‍, പലതരം ചോറുകള്‍ ,15 തരം ചപ്പാത്തികള്‍ , 12 മധുര പലഹാരങ്ങള്‍ , ഐസ്‌ക്രീം , തൈര്  എന്നിവ അടക്കമുള്ള  ഇന്ത്യന്‍ വിഭവങ്ങളാണ് 'ബകാസുര മീല്‍സി'നെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ഇത് ഒറ്റയ്ക്ക് കഴിച്ച് ഒരുലക്ഷം രൂപയും വാങ്ങി സ്ഥലം വിടാന്‍  സന്നദ്ധനായി ഒരു ബകനും ഇതുവരെ എത്തിയിട്ടില്ല എന്നാണ് റെസ്റ്റോറന്റിന്റെ ഉടമകള്‍ പറയുന്നത്. എന്നാല്‍ കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന് ബകാസുരമീല്‍ കഴിക്കുന്നുണ്ട്. ഒരുമിച്ച് ഭക്ഷണം പങ്കിട്ട് കഴിക്കുമ്പോഴുള്ള സന്തോഷം കുടുംബങ്ങള്‍ അനുഭവിക്കുന്നു.