• 22 Sep 2023
  • 03: 23 AM
Latest News arrow

റിയാദില്‍ രണ്ടു ഇന്ത്യക്കാരുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി

റിയാദ്: അല്‍ റുമെയ്ഹാ ജില്ലയിലെ ഒരു ഹോളിഡേ റിസോര്‍ട്ടില്‍ രണ്ട് ഇന്ത്യക്കാരുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
മൃതദേഹങ്ങള്‍ കണ്ടെടുത്ത മുറിയില്‍ മദ്യം വാറ്റിയിരുന്നതായി പൊലീസ് അറിയിച്ചു. വാറ്റാനുള്ള പാത്രങ്ങളും മറ്റും കണ്ടെടുത്തിട്ടുണ്ട്.

ഇന്ത്യക്കാര്‍ താമസിച്ചിരുന്ന മുറിയില്‍നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വാതില്‍ തകര്‍ത്ത് അകത്ത് കടക്കുകയായിരുന്നു. 30 നും 40നും ഇടക്ക് പ്രായമുള്ളവരാണ് മരിച്ച ഇന്ത്യക്കാര്‍. അക്രമത്തിന്റെയോ അടിപിടിയുടെ പ്രാഥമിക തെളിവുകളൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മരണകാരണമറിയാന്‍ ഫോറന്‍സിക് പരിശോധന നടത്തും. തുമാമ പൊലിസും ബ്യൂറോ ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനും പ്രോസിക്യൂഷനും ചേര്‍ന്നാണ് അന്വേഷണം.
മരണം സ്ഥിരീകരിച്ച ഇന്ത്യന്‍ എംബസി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്ന് അറിയിച്ചു. അന്വേഷണത്തില്‍ പൊലീസുമായി സഹകരിക്കും. പൊലീസില്‍നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറക്ക് മരിച്ചവരുടെ കുടുംബാംഗങ്ങളുമായി അവ പങ്കുവെക്കുമെന്നും അറിയിച്ചു.