• 23 Sep 2023
  • 04: 14 AM
Latest News arrow

സൗദിയില്‍ അവിഹിത സമ്പാദ്യം ഉപേക്ഷിച്ചത് 35,000 പേര്‍; തുക 28 കോടി റിയാല്‍

റിയാദ്: അധികാര ദുര്‍വിനിയോഗവും അഴിമതിയും കൈക്കൂലിയും അടക്കമുള്ള അവിഹിത മാര്‍ഗങ്ങളിലൂടെ സമ്പാദിച്ച പണം തിരിച്ചേല്‍പിച്ച് ബാധ്യതകളില്‍നിന്നു സ്വയം വിമുക്തമാകുന്നതിന് സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിക്ക് മികച്ച പ്രതികരണം. ഇതിന്റെ ഭാഗമായി സൗദി ക്രെഡിറ്റ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് അക്കൗണ്ടില്‍ കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ലഭിച്ചത് 28.28 കോടി റിയാലാണ്. 35,000 പേര്‍ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചിട്ടുണ്ട്.

2006 ലാണ് സര്‍ക്കാര്‍ ഈ അക്കൗണ്ട് ആരംഭിച്ചത്. അവിഹിത മാര്‍ഗങ്ങളിലൂടെ സമ്പാദിച്ച പണം മനഃസാക്ഷിക്കുത്ത് മൂലം പിന്നീട് തിരിച്ചേല്‍പിച്ച് ബാധ്യതകളില്‍നിന്ന്് മുക്തരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ അക്കൗണ്ട് ഏറെ അനുഗ്രഹമാണ്. കഴിഞ്ഞ വര്‍ഷം മാത്രം 6,113 പേര്‍ 2.7 കോടി റിയാല്‍ അക്കൗണ്ടില്‍ നിക്ഷേപിച്ചു. അല്‍റാജ്ഹി ബാങ്കിലാണ് അക്കൗണ്ടുള്ളത്. ഈ അക്കൗണ്ടിന്റെ നടത്തിപ്പും മേല്‍നോട്ടവും സൗദി ക്രെഡിറ്റ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിനാണ്.
പാവങ്ങള്‍ക്ക് സഹായം നല്‍കുന്നതിനാണ് അക്കൗണ്ടിലെ പണം വിനിയോഗിക്കുന്നത്. കഴിഞ്ഞ വര്‍ഷം അക്കൗണ്ടില്‍ ലഭിച്ച ഏറ്റവും വലിയ തുക രണ്ടര ലക്ഷം റിയാലാണ്. എന്നാല്‍ അക്കൗണ്ട് ആരംഭിച്ച ശേഷം ലഭിച്ച ഏറ്റവും വലിയ തുക രണ്ട് കോടി റിയാലാണ്.