• 22 Sep 2023
  • 04: 20 AM
Latest News arrow

നിയമ ലംഘനം: ചില ഉംറ കമ്പനികള്‍ക്ക് വിലക്ക്

ജിദ്ദ: നിയമ ലംഘനം നടത്തിയതിന് ഏതാനും ഉംറ സര്‍വീസ് കമ്പനികള്‍ക്ക് ഹജ്ജ് മന്ത്രാലയം താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. വിസാ കാലാവധിക്കുള്ളില്‍ തീര്‍ഥാടകര്‍ സ്വദേശങ്ങളിലേക്കു തിരിച്ചുപോകാത്തതു പോലുള്ള ഗുരുതരമായ നിയമ ലംഘനങ്ങളും ധാരണാ പ്രകാരമുള്ള സേവനങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയതും ഇതില്‍ ഉള്‍പ്പെടുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ഓരോ മാസവും ലക്ഷക്കണക്കിന് തീര്‍ഥാടകരെ സ്വീകരിക്കുന്ന ഉംറ സര്‍വീസ് കമ്പനികളുടെ ഭാഗത്ത് ചില വീഴ്ചകള്‍ സംഭവിക്കാവുന്നതാണെന്ന് മക്ക ഹജ് മന്ത്രാലയ ശാഖാ മേധാവി ഡോ. അമീന്‍ ഫത്താനി പറഞ്ഞു. ഉംറ സര്‍വീസ് കമ്പനികളുടെ ഭാഗത്ത് ഗുരുതരമായ നിയമ ലംഘനങ്ങള്‍ കുറവാണ്. കൂടുതല്‍ നിയമ ലംഘനങ്ങളും തീര്‍ഥാടകര്‍ക്ക് ധാരണാ പ്രകാരമുള്ള താമസസ്ഥലം നല്‍കുന്നതുമായി ബന്ധപ്പെട്ടവയാണ്. ഹറമിനടുത്ത താമസസ്ഥലങ്ങള്‍ തെരഞ്ഞെടുക്കാനാണ് തീര്‍ഥാടകര്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്. ഏത് ഹോട്ടലില്‍ താമസിപ്പിക്കുന്നതിനാണോ തീര്‍ഥാടകരുമായി ധാരണയിലെത്തുന്നത് എങ്കില്‍ അതേ ഹോട്ടലില്‍ തന്നെ അവരെ പാര്‍പ്പിക്കണമെന്ന കാര്യത്തില്‍ ഹജ് മന്ത്രാലയം കര്‍ശന നിലപാടാണ് സ്വീകരിക്കുന്നത്. ധാരണാ പ്രകാരമുള്ള സേവനങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നത് ഹജ്ജ് മന്ത്രാലയം അംഗീകരിക്കില്ലെന്നും ഡോ. അമീന്‍ ഫത്താനി പറഞ്ഞു.

ഭൂരിഭാഗം നിയമ ലംഘനങ്ങളും നിസാരമാണ്. ഈ കമ്പനികള്‍ക്കുള്ള സേവനങ്ങള്‍ ഹജ്ജ് മന്ത്രാലയം നിര്‍ത്തിവെച്ചിട്ടുണ്ട്. ഈ കമ്പനികള്‍ക്ക് പുതിയ ഉംറ വിസ ലഭിക്കില്ല. സര്‍വ്വീസ് കമ്പനികള്‍ നിയമ ലംഘനങ്ങള്‍ നടത്തിയാലുടന്‍ അവക്കുള്ള സേവനം ഹജ്ജ് മന്ത്രാലയത്തിന്റെ കംപ്യൂട്ടര്‍ സിസ്റ്റത്തില്‍ ബ്ലോക്ക് ചെയ്യും. ഇതോടെ നേരത്തെ ലഭിച്ച വിസകള്‍ പ്രയോജനപ്പെടുത്താന്‍ പോലും സ്ഥാപനങ്ങള്‍ക്ക് സാധിക്കാതെ വരും. ഈ രീതിയില്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നത് ഫലം ചെയ്യുന്നുണ്ട്. പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കുന്നതിന് നിയമ ലംഘനങ്ങള്‍ ഒഴിവാക്കാന്‍ സര്‍വീസ് കമ്പനികള്‍ ഇപ്പോള്‍ പ്രത്യേക ശ്രദ്ധ കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.