പ്രണയകാമനകളല്ല ഈ സ്ത്രീകളെ പരസ്പരം വിവാഹം ചെയ്യാൻ പ്രേരിപ്പിക്കുന്നത്

വൈവാഹിക ജീവിതത്തില്‍ പലതരത്തിലുള്ള പീഡനങ്ങള്‍ അനുഭവിക്കുന്നവരാണ് സ്ത്രീകള്‍. സ്വാതന്ത്ര്യവും സുരക്ഷിതത്വവും വീടിനുള്ളില്‍ തന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലൂടെയാണ് മിക്ക സ്ത്രീകളും കടന്നുപോകുന്നത്. ചിലര്‍ ഇതിനോട് പോരാടി സ്വാതന്ത്ര്യത്തിലേക്ക് ചിറകടിയ്ക്കുമ്പോള് ഭൂരിഭാഗം സ്ത്രീകളും തങ്ങളുടെ രണ്ട് ചിറകുകളും അരിഞ്ഞ് സമൂഹത്തില്‍ സര്‍വ്വംസഹയുടെ വേഷമണിഞ്ഞ് ജീവിക്കുന്നു. എന്നാല്‍ ഈ രണ്ട് തെരഞ്ഞെടുപ്പുകള്‍ക്ക് പകരം പുതിയൊരു വഴി വെട്ടിയെടുത്തിരിക്കുകയാണ് ആഫ്രിക്കയിലെ വടക്കന്‍ ടന്സാനിയയിലെ മാര പ്രദേശത്തെ തരിമ ജില്ലയിലുള്ള കുരിയ ഗോത്രത്തില്‍ പെട്ട സ്ത്രീകള്‍. പങ്കാളികളുടെ പീഡനത്തില്‍ പൊറുതിമുട്ടിയ ഇവിടെ സ്ത്രീകള്‍ വിവാഹം കഴിക്കുന്നത് സ്ത്രീകളെ തന്നെയാണ്. 'ന്യുമ്പ തോബു' എന്നാണ് ഈ വിവാഹത്തിന്റെ പേര്.
പുരുഷന്മാരായ അനന്തരാവകാശികള്‍ ഇല്ലാതെ വരുന്ന സ്ത്രീകള്‍ ആണ്കുട്ടികളുള്ളതോ കുട്ടികളുണ്ടാകാന്‍ സാധ്യതയുള്ളതോ ആയ സ്ത്രീകളെ വിവാഹം കഴിക്കും. സ്ത്രീകള്‍ക്ക് കുടുംബ സ്വത്ത് കൈമാറുന്ന രീതി കുരിയ ഗോത്രത്തിലില്ല. അതുകൊണ്ട് തങ്ങളുടെ പാരമ്പര്യം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് സ്ത്രീകള്‍ ന്യുമ്പ തോബു വിവാഹത്തിന് തയ്യാറാകുന്നത്. എന്നാല്‍ അതിനേക്കാള്‍ സുരക്ഷിതത്വും സ്വാതന്ത്ര്യവുമാണ് സ്ത്രീകളുടെ ഈ തെരഞ്ഞെടുപ്പിന് കാരണം.
കുരിയ ഗോത്രത്തില്‍ ഭാര്യമാരെ ഭര്ത്താക്കാന്മാര് മര്‍ദ്ദിക്കുന്നത് പതിവാണ്. ഇവിടുത്തെ 78 ശതമാനം സ്ത്രീകളും ശാരീരികമായും ലൈംഗികമായും മാനസികമായും പീഡിപ്പിക്കപ്പെടുന്നവരാണെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളും കുരിയ ഗോത്രത്തില്‍പ്പെട്ടവരാണെന്നും പറയുന്നു.
പ്രണയമോ കാമമോ അല്ല ഈ സ്ത്രീകളെ ഒരുമിച്ച് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. സുരക്ഷിതത്വവും സ്വാതന്ത്ര്യവും മോഹിച്ചാണ് ഇത്തരം വിവാഹങ്ങള്‍. വിവാഹം കഴിക്കുന്ന സ്ത്രീകള്‍ക്ക് കുട്ടികള്‍ വേണമെന്നുണ്ടെങ്കില്‍ ഒരു പുരുഷനെ തെരഞ്ഞെടുത്ത് സന്തോനോല്പാദനം നടത്താവുന്നതാണ്. ഗര്‍ഭിണിയാകുന്നതുവരെ മാത്രമാണ് പുരുഷനുമായുള്ള ബന്ധം.ആരുടെയും ഇടിയും തൊഴിയും കൊള്ളാതെ പൂര്‍ണ സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ കഴിയുമെന്നതാണ് ഇത്തരം ബന്ധങ്ങളുടെ മേന്മ. മാത്രമല്ല, കുട്ടികളെ നോക്കാന്‍ വിവാഹം ചെയ്ത സ്ത്രീയുമുണ്ടാകും.
തരിമ ജില്ലയിലെ 20ശതമാനത്തിലധികം വീടുകളിലും 'ന്യുമ്പ തോബു'വിലൂടെ ഉണ്ടായ കുടുംബങ്ങളാണ്. ഇവിടുത്തെ കിതവാസി ഗ്രാമത്തിലെ ബോക് ചഹ എന്ന യുവതിയുടെ ജീവിതം ഒരു ഉദാഹരണമാണ്. പതിനഞ്ചാം വയസ്സിലാണ് ബോക് ചഹ വിവാഹം കഴിക്കുന്നത്. അന്ന് മുതല്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് അവരെ പീഡിപ്പിച്ചുകൊണ്ടിരുന്നു. സ്ത്രീധനം കൊടുത്തുവീട്ടാനുള്ള ശേഷി ബോക് ചഹയുടെ മാതാപിതാക്കള്‍ക്കുണ്ടായിരുന്നില്ല. ഈ തുക കൊടുക്കാമെന്ന് 64 വയസ്സുള്ള ക്രിസ്റ്റിന വാംബുറ എന്ന സ്ത്രീ സമ്മതിച്ചു. അതോടെ ബോക് ചഹ ഭര്‍ത്താവുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ച് വാംബുറയ്ക്കൊപ്പം താമസമാക്കി.
വാംബുറയെ വിവാഹം ചെയ്തതിന് ശേഷം ബോക് ചഹയ്ക്ക് മൂന്ന് കുട്ടികളുണ്ടായി. ചഹ ജോലിയ്ക്ക് പോകുമ്പോള്‍ വാംബുറയാണ് കുട്ടികളെ നോക്കുന്നത്. ഇപ്പോള്‍ തനിക്ക് വലിയ സമാധാനവും സന്തോഷമുണ്ടെന്ന് ചഹ പറയുന്നു. ''ഇവിടെ ആരും എന്നെ അടിക്കാനില്ല, വഴക്കുകൂടാനില്ല, ചീത്ത വിളിക്കാനില്ല. തങ്ങള്‍ക്കും കുട്ടികള്‍ക്കും ഭക്ഷണം കണ്ടെത്താനുള്ള ഒരു ബന്ധമാണിത്.''
- വിനോദിനി ആരാണെന്ന് പോലും അറിയില്ല; കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും സന്തോഷ് ഈപ്പന്
- മ്യാന്മാറും പട്ടാള അട്ടിമറിയും; ഭാഗം-1
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം